‘ദ് സാത്താനിക് വേഴ്സസ്’ നിരോധനം പിൻവലിച്ചു ഡൽഹി ഹൈക്കോടതി
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ‘ദ് സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു ഡൽഹി ഹൈക്കോടതി. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) പുസ്തകം ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിരോധനത്തെ ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഇന്ത്യയിൽ പുസ്തകം നിരോധിച്ചതിനാൽ ഇറക്കുമതി ചെയ്യാൻ കഴിയുമായിരുന്നില്ല. ഇതേ തുടർന്ന് 2019ൽ സന്ദീപൻ ഖാൻ ആണ് ഹർജി ഫയൽ ചെയ്തത്. ഈ നിരോധന അറിയിപ്പ് വെബ്സൈറ്റിൽ ലഭ്യമല്ലെന്നും പുസ്തകം ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉദ്ദ്യം മുഖർജി, ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരിന്നു.
മുസ്ലിങ്ങള്ക്കിടയില് മതനിന്ദ പരത്തുന്നു എന്ന ആരോപണത്തിലാണ് ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് 1988 ൽ ‘ദ് സാത്താനിക് വേഴ്സ്’ രാജീവ് ഗാന്ധി സർക്കാർ നിരോധിച്ചത്. 1988 ഒക്ടോബർ 5ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പുസ്തകം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞെന്ന ഹർജി പരിഗണിക്കവേ, വിജ്ഞാപനം ഹാജരാക്കുവാൻ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടിരുന്നു. വിജ്ഞാപനം ഹാജരാക്കുന്നതിൽ സിബിഐസി പരാജയപ്പെടുകയും ‘അത് കണ്ടെത്താനായില്ല’ എന്ന് കോടതിയിൽ സമ്മതിക്കുകയും ചെയ്തതിനെ തുടർന്ന്, പുസ്തകം ഇറക്കുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകി.