കേരളം പുനര്‍നിര്‍മ്മിതിയുടെ പാതയില്‍…
മുങ്ങിനിവര്‍ന്ന കേരളം എന്ന വിഷയത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ നടന്ന സംവാദത്തില്‍ വി.എസ്.വിജയന്‍, ടി.പി കുഞ്ഞിക്കണ്ണന്‍, അനില്‍കുമാര്‍ പി.പി, എ.പി.എം മുഹമ്മദ് ഹനീഷ്, പ്രശാന്ത് നായര്‍ ഐ.എ.എസ് എന്നിവര്‍ പങ്കെടുത്തു. മനില സി.മോഹനായിരുന്നു മോഡറേറ്റര്‍.
2012-ലെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തെ സംരക്ഷിച്ചിരുന്നെങ്കില്‍ പ്രളയം മൂലമുണ്ടായ നഷ്ടങ്ങളുടെ തോത് കുറയുമായിരുന്നുവെന്ന് വി.എസ് വിജയന്‍ അഭിപ്രായപ്പെട്ടു. അണക്കെട്ടുകള്‍, നദികള്‍ എന്നിവ വേണ്ടവിധത്തില്‍ സംരക്ഷിക്കുക, മരങ്ങള്‍ വെച്ചുപിടിപ്പിക്കുക മുതലായവയിലൂടെ വരുംകാല ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുമെന്ന് വി.എസ്.വിജയന്‍ ആമുഖമായി പറഞ്ഞു.
കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാത്തത്. ഏതാണ്ട് നാല്‍പതിനായിരം കോടി രൂപയോളം ആവശ്യമുള്ളയിടത്ത് പതിനായിരം കോടി മാത്രമാണ് ദുരന്തനിവാരണത്തിനായി ലഭിച്ചത്. കൂടാതെ, ഭൂമികൈയ്യേറ്റം, ജലസ്‌ത്രോതസ്സുകളുടെ കൈയ്യേറ്റം തുടങ്ങിയവ കണ്ടുകെട്ടി അത്തരം പ്രദേശങ്ങളെ അവയുടെ ആവാസവ്യവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാനും ശ്രമിക്കേണ്ടതുണ്ടെന്ന് എ.പി.എം മുഹമ്മദ് ഹനീഷ് അഭിപ്രായപ്പെട്ടു.
പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഉടനെ ഊന്നല്‍ കൊടുക്കേണ്ടത് പശ്ചിമഘട്ടത്തിനായിരിക്കണമെന്ന് ടി.പി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭൂമി വ്യക്തമായ ഒരു പദ്ധതിയിലൂടെ സ്ഥലത്തിന് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാമെന്നും വികസനം സ്വകാര്യലാഭത്തിന് വേണ്ടിയായിരിക്കരുതെന്നും അത് പൊതുജനനന്മക്കായി മാറണമെന്നും ടി.പി കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
നഗരങ്ങളാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യം. അതിനാല്‍ ഇനി സൗകര്യങ്ങളെല്ലാം ലഭ്യമാകുന്ന കോംപാക്ട് സിറ്റികളായി വേണം നഗരങ്ങളെ ആസൂത്രണം ചെയ്യാനെന്ന് അനില്‍കുമാര്‍ പി.പി പറഞ്ഞു. മിശ്രസ്ഥലഉപയോഗം പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകകള്‍ ഇതിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം കുമാര്‍ അഭിപ്രായപ്പെട്ടു.
ചെറുപ്പക്കാര്‍ക്ക് വേണ്ട പോസിറ്റീവ് ടേസ്റ്റുകളൊന്നും തന്നെ ആരും കൊടുക്കുന്നില്ല എന്ന പ്രശ്‌നത്തെ റീബില്‍ഡ് കേരള പോലെയുള്ള ആശയങ്ങളില്‍ ഉപയോഗിച്ച് പരിഹിക്കണമെന്ന് പ്രശാന്ത് നായര്‍ ഐ.എ.എസ് പറഞ്ഞു. യുവജനങ്ങള്‍ ഊര്‍ജ്ജസ്വലരാണ്, അവരെ വേണ്ട വിധത്തില്‍ ഉപയോഗിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹൃദയരുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ നവകേരള നിര്‍മ്മാണം എന്നത് ഒരു ദിവസത്തെ ചര്‍ച്ചയില്‍ അവസാനിക്കുന്ന ഒരു വിഷയമല്ലെന്നും നിരവധി ചര്‍ച്ചകളിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ നവകേരളനിര്‍മ്മാണം എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാനാവൂ എന്നും മോഡറേറ്റര്‍ മനില സി.മോഹന്‍ ഉപസംഹരിച്ചു.
Comments are closed.