DCBOOKS
Malayalam News Literature Website

രോഗത്തിന്റെ കക്ഷിരാഷ്ട്രീയം

ഡോ. ഖദീജ മുംതാസ്

കൊവിഡ് മരണത്തിന്റെ കണക്കെടുക്കുമ്പോള്‍ ഒരാള്‍ കോവിഡിന്റെ ഇതുവരെ തിരി
ച്ചറിയപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ടു തന്നെയാണോ മരണപ്പെട്ടത് എന്നു വിശകലനം ചെ
യ്യപ്പെടേണ്ടതുണ്ട്. പക്ഷേ, അത്തരമൊരു വിശകലനവും തീര്‍പ്പും നടത്താന്‍ പറ്റാത്ത ഒരു (രാഷ്ട്രീയ) കാലാവസ്ഥയാണ് നമ്മുടേത് എന്നു ലജ്ജയോടെ തന്നെ സമ്മതിക്കേണ്ട
തുണ്ട്. കോവിഡ് മരണസംഖ്യ കുറച്ചു കാണിക്കാനുളള കൈകടത്ത
ലായി അത് ആരോപിക്കപ്പെടും; അപ്രകാരം ഉണ്ടായിട്ടുണ്ട്.

‘Perhaps the mission of those who love mankind is to make people laugh at the truth, to make truth laugh, because the ultimatet ruth lies in learning to free ourselves from insane passion for the truth’ _ Umberto Eco.

സത്യത്തിന്റെ അപരനാമം നമുക്കിന്ന് ശാസ്ത്രമാണ്. ശാസ്ത്രമോ, കണക്കുകളും! കണക്കുകളില്‍ മുങ്ങിപ്പൊങ്ങുകയാണിന്ന് കേരളവും. മുങ്ങുന്നവന്റെ മരണവെപ്രാളവും പൊങ്ങിയുയരുമ്പോഴുള്ള ആശ്വാസ ശബ്ദങ്ങളും ദിനേന ഇടകലരുകയാണ്. കണക്ക്, ഡാറ്റ ഇന്ന് വൈദ്യശാസ്ത്രത്തിന്റെ ആധികാരികതയുടെ ചിഹ്നം മാത്രമല്ല, അത് ഒരു നാടിന്റെ അഭിമാനത്തിന്റെ, അതനുഭവിക്കുന്ന അവഹേളനത്തിന്റെ, അപമാനത്തിന്റെ മാനകം കൂടിയാണ്.

കോവിഡിന്റെ ആദ്യ നാളുകളില്‍ കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം ശാസ്ത്ര സ്തുതികളാല്‍ മാത്രം മുഖരിതമായിരുന്നു. മറ്റു ശബ്ദങ്ങളെല്ലാം അമര്‍ത്തപ്പെട്ടു. ശാസ്ത്രം (ആധുനിക വൈദ്യശാസ്ത്രം) അല്ലാത്തതെല്ലാം അവഹേളിക്കപ്പെട്ടു. കവിതയും പ്രകൃതിചിന്തകളും, ദൈവം പോലും. ശാസ്ത്രം പറയുന്നതനുസരിക്കുക. സമയാസമയങ്ങളില്‍ നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും മുകളില്‍ നിന്നെത്തും, അന്താരാഷ്ട്രതലത്തില്‍ത്തന്നെ. എന്നിട്ടും ആദ്യനാളുകളിലെ അമ്പരപ്പിനെയുംപരിഭ്രാന്തിയെയും മലയാളി അതിജീവിച്ചത് ശാസ്ത്രബോധം കൊണ്ടെന്നതിനേക്കാള്‍ മനുഷ്യത്വം കൊണ്ടും സാമൂഹികബോധം കൊണ്ടുമായിരുന്നു; ഭരിക്കുന്നവരുടെയും സഹജീവികളുടെയും. അധികാരസ്ഥാനത്തിരിക്കുന്നവരുടെ വാക്കുകള്‍നല്‍കിയ സുരക്ഷിതത്വബോധം വലുതായിരുന്നു. എന്റെ ഒറ്റപ്പെടല്‍ എനിക്കു വേണ്ടി മാത്രമല്ല, സഹജീവികളോടുള്ള കരുതല്‍ കൂടിയാണെന്ന് നാമോരുത്തരും ഉരുവിട്ടു പഠിക്കുകയും സ്വയം വിശ്വസിപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ പോകെ നാമറിഞ്ഞു, ശാസ്ത്രബോധം നമ്മിലുണ്ടാക്കിയത് മരണഭയം മാത്രമായിരുന്നെന്ന്. മരണഭീതിയാണ് നമ്മെ അകത്തിരുത്തുന്നതെന്ന്. ചിലരിലെങ്കിലും അത് വല്ലാത്ത ആത്മനിന്ദ ഉണ്ടാക്കിയിരിക്കണം. നഷ്ടപ്പെട്ടത് ജീവിതമായിരുന്നു, സൗഹൃദങ്ങളാ
യിരുന്നു, സര്‍ഗാന്വേഷണങ്ങളായിരുന്നു.

പതുക്കെപ്പതുക്കെ കഥയും കവിതയും ദാര്‍ശനിക ചിന്തകളും പ്രകൃതി ബോധവും നാം പുതിയ കാഴ്ചപ്പാടോടെ, പുതിയ മാര്‍ഗങ്ങളില്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങി. മരണഭീതി കൊണ്ടു മാത്രം ദീര്‍ഘനാള്‍ അടച്ചിരിക്കാനാവുമോ മനുഷ്യന്? അല്ലെങ്കില്‍, അതുകൊണ്ടു മാത്രം അവന്‍ ജീവിച്ചിരിക്കാനാഗ്രഹിക്കുമോ? ജീവിതം തിരിച്ചുപിടിക്കാനാവില്ലെന്നു കണ്ട എത്ര പേരാണ്
ഭയപ്പെടേണ്ടിയിരുന്ന മരണത്തിലേക്കുതന്നെ എടുത്തു ചാടിയത്! അവരില്‍ കുടുബഭാരം മുഴുവന്‍ ചുമലിലുണ്ടായിരുന്നവരുണ്ട്, കോവിഡ് കാലമുണ്ടാക്കിയ മാനസികമന്ദതയില്‍ നിന്ന് പുറത്തു വരാന്‍ കഴിയാതെ പോയ ഹതഭാഗ്യരുണ്ട്, ആശുപത്രിചികിത്സാക്കാലം ഉണ്ടാക്കിയ സംഭ്രമങ്ങളെ അതിജീവിക്കാനാവാതെ പോയവരുണ്ട്, കോവിഡ് വന്നതിനാല്‍ മാത്രം സ്‌നേഹിക്കുന്നവരെന്നു വിശ്വസിച്ചവരാല്‍ ഒററപ്പെടുത്തപ്പെട്ടവരുണ്ട്, പൊളിഞ്ഞു പോയ ചെറു ബിസിനസ് സംരംഭകരുണ്ട്, എന്തിന്, വിദ്യാര്‍ത്ഥികള്‍ വരെയുണ്ട്. ഒരു വര്‍ഷം തികയാറാവുമ്പോള്‍, ഇളവുകളിലൂടെ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴും നാംകണക്കുകളില്‍ത്തന്നെ മുങ്ങിപ്പൊങ്ങുകയാണ്.

മഹത്തായ ഇന്ത്യന്‍ കണക്കുകള്‍ ലോകത്തിലോ ഏഷ്യയിലോ ഏറെ ശ്രേഷ്ഠമെന്ന് ദിനേന രാവി
ലെ ആകാശജിഹ്വ. രോഗവ്യാപനനിയന്ത്രണത്തില്‍, രോഗമുക്തിനിരക്കില്‍, കുറഞ്ഞ മരണനിരക്കില്‍ എല്ലാം മുന്നില്‍. ഏറ്റവും വലിയ വാക്‌സിനേഷന്‍ സംരംഭം ഇന്ത്യയി
ലേത്! വാക്‌സിന്‍ നിര്‍മ്മാണത്തിലും ഏറ്റവും മുന്നില്‍. എല്ലാറ്റിനും കണക്കുകളുണ്ട് (ആഹാ! അഭിമാനപൂരിതമാകണമന്തരംഗം!). ജീവിതമപ്പോഴും അപ്പുറത്തു കിടന്ന് തിളയ്ക്കുകയും കിതയ്ക്കുകയുമാണ്. ആദ്യമത് രാജ്യത്തിന്റെ തലങ്ങും വിലങ്ങുമോടിത്തളര്‍ന്ന, മരിച്ചുവീഴുകയും ജീവച്ഛവങ്ങളാവുകയും ചെയ്ത തൊഴിലാളികളായി. ഇപ്പോള്‍ തലസ്ഥാന പ്രാന്തങ്ങളില്‍ കടുംതണുപ്പ് സഹിച്ച് നീതിക്കുവേണ്ടികാത്തിരിക്കുന്ന, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരായി!

കേരളത്തിനെന്താണു സംഭവിക്കുന്നതെന്നറിയാന്‍ വിദഗ്ദ്ധ സംഘങ്ങളെത്തുന്നു. അത് പ്രതിപക്ഷ നിരകളെ ആവേശം കൊള്ളിക്കുകയും ചെയ്യുന്നു! എവിടെപ്പോയി കൊട്ടിഘോഷിച്ച കോവിഡ്‌നിയന്ത്രണം എന്ന് പ്രതിപക്ഷം ആര്‍ത്തട്ടഹസിക്കുന്ന പ്രതിപക്ഷത്തിന്റെ ‘സന്തോഷം’ ഇനി പറയുന്ന കാര്യങ്ങളിലാണ്. ദിവസവും ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നിരന്തരം പത്തിനു മുകളില്‍. ദേശീയ ശരാശരിയുടെ അഞ്ചിരട്ടി! ടെസ്റ്റിംഗ്‌സ്ട്രാറ്റജിയിലോ, ണഒഛ സ്റ്റാന്‍ഡേര്‍ഡുകളിലോ വെള്ളം ചേര്‍ത്തു. കൂടുതല്‍ വിശ്വസനീയമായ ടെസ്‌ററിനു പകരം ആന്റിജന്‍ ടെസ്റ്റ്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ആദ്യം മുതലേ ജഇഞ ടെസ്റ്റു തന്നെ നടത്തിയിരുന്നുവെങ്കില്‍ അന്നേ പൊളിഞ്ഞിരുന്നേനെ നിയന്ത്രണമികവ്! കുറഞ്ഞ മരണനിരക്കു മാത്രം ഉയര്‍ത്തിപ്പിടിച്ചു
കൊണ്ടു പിടിച്ചു നില്‍ക്കുകയാണു സര്‍ക്കാര്‍ വിദഗ്‌ദോപദേശ സമിതിക്കാര്‍. രോഗികളുടെ എണ്ണം കുത്തനെ കൂടാതെ പിടിച്ചു നിര്‍ത്തിയതുകൊണ്ടാണ് മരണസംഖ്യ കുറഞ്ഞതും ഇപ്പോഴും ദൈനംദിന രോഗനിരക്ക് താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്നതും എന്നു പറയുമ്പോള്‍ പ്രതിപക്ഷത്തിന്റെ മുഖത്ത് ‘ആത്മവിശ്വാസം’ കുറഞ്ഞിട്ടുണ്ടോ? അതെ, കണക്കുകള്‍ തന്നെയാണ് അവരെ തളര്‍ത്തുന്നത്. കണക്കുകളില്‍ തന്നെയാണല്ലോ അവരെപ്പോഴും ഊന്നിയതും!

പൂര്‍ണ്ണരൂപം വായിക്കാന്‍ മാര്‍ച്ച്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.