വസ്ത്രത്തിന്റെ രാഷ്ട്രീയം- വ്യക്തി സ്വാതന്ത്യം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ അക്ഷരം വേദിയില്‍ വസ്ത്രങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചയായപ്പോള്‍ ബി അരുന്ധതി, രാധിക സി നായര്‍, ജി ഉഷാകുമാരി, വി പി റജീന, എന്നിവര്‍ ഉടയാടകളുടെ രാഷ്ട്രീയത്തെ കുറിച്ച് തങ്ങളുടെ അഭിപ്രായം പ്രേക്ഷകരുമായി പങ്കുവെച്ചു.
പൗരോഹിത്യം മാത്രമല്ല സ്ത്രീയുടെ വേഷധാരണത്തെ നിയന്ത്രിക്കുന്നത്, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍വരെ സ്ത്രീയുടെ കുലീനവും ഒതുങ്ങിയതുമായ വസ്ത്രധാരണയെ കുറിച്ച് വ്യക്തമായ അഭിപ്രായം മുന്നോട്ടുവെക്കുന്നുണ്ടെന്ന് അരുന്ധതി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. താന്‍ ഉള്‍പ്പടെ വൈവിധ്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ‘വേഷം കെട്ടുക’ എന്ന് പറഞ്ഞും മാറുമറയ്ക്കല്‍ സമരത്തെ കുറിച്ച് പറഞ്ഞും സമൂഹം ആക്ഷേപിക്കുമ്പോള്‍, മുലകള്‍ മറച്ചുപിടിക്കോണ്ട ഒന്നായിരുന്നതിനാല്‍ അല്ല മറിച്ച്, ‘മുലകരം’ അടയ്‌ക്കേണ്ടി വന്നതിനാലും സ്ത്രീശരീരത്തെ ബഹുമാനിക്കേണ്ടതിനാലുമാണ് മാറുമറയ്ക്കല്‍ സമരം ഈഴവ സ്ത്രീകള്‍ നടത്തിയതെന്ന് സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയാണ് അരുന്ധതി. ഗാന്ധി ഷര്‍ട്ട് അഴുച്ചതിനും അംബേദ്ക്കര്‍ കോട്ട് അണിഞ്ഞതിനും ഇടയിലാണ് ഇന്ത്യന്‍ രാഷ്ട്രീയം എന്നും ഇതില്‍ ആര്‍ക്കൊപ്പമാണ് നാം നില്‍ക്കുന്നതെന്നും അരുന്ധതി ചോദിച്ചു.
വസ്ത്ര ധാരണത്തെ കുറിച്ച് പറയുമ്പോള്‍ അത് പലപ്പോഴും സ്ത്രീ വിരുദ്ധമായി മാറുന്നു. ഒരിക്കലും നാണമല്ല സ്ത്രീയെ വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിച്ചത് പകരം വസ്ത്രം ധരിച്ചതിന് ശേഷമാണ് സ്ത്രീയില്‍ വസ്ത്രമെന്ന വികാരം രൂപപ്പെട്ടതും തന്റെ ശരീരത്തില്‍ ചിലതെല്ലാം മറച്ചുപിടിക്കേണ്ടതുണ്ട് എന്നും തോന്നിയത്. അതുകൊണ്ട് മാറുമറയ്ക്കല്‍ സമരം സദാചാരത്തെയല്ല അവകാശത്തെയാണ് ഉയര്‍ത്തിപ്പിടിച്ചത് എന്ന് രാധിക സി നായര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’ ഇതുതന്നെയാണ് ചര്‍ച്ചയില്‍ മുന്നോട്ടുവക്കുന്ന വസ്ത്രത്തിന്റെ രാഷ്ട്രീയം. അതില്‍ കൈകടത്തല്‍ ഒരു ഭരണത്തിനോ മതത്തിനേ വ്യക്തിക്കോ അവകാശമില്ല. വേഷധാരണം ഒരിക്കലും വ്യക്തിയുടെ മതത്തെയോ ലിംഗത്തെയോ അല്ല കാണിക്കേണ്ടത് മറിച്ച് താന്‍ എന്ന വ്യക്തിയെയാണ്.
Comments are closed.