ജാതി നിർണയിക്കുന്ന രാഷ്ട്രീയം
ഷിബു.എസ് വയലകത്ത്
ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ള യാഥാർഥ്യമാണ് ജാതി . ജാതിയുടെയും അതിന്റെ വലിയ ക്യാൻവാസായ മതത്തിന്റെയും സ്വാധീനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിൽ ജാതി സൃഷ്ടിക്കുന്ന ഉച്ചനീചത്വങ്ങൾക്ക് പലപ്പോഴും ചർച്ച യിലിടം കിട്ടാറില്ല. പല തലങ്ങളിൽ ജാതീയത സൃഷ്ടിക്കുന്ന അവഗണനകൾ സമൂഹം കണ്ടതായി നടിക്കാറില്ല . വർഗ്ഗ സിദ്ധാന്തം മുറുകെപ്പിടിക്കുന്ന പുരോഗമന വാദികൾ ജാതിയതയെ കാഴ്ചപ്പാടിന്റെ ഔദാര്യത്തിൽ ഒഴിവാക്കി വിടുന്നു. ഇതാകട്ടെ ജാതീയതയുടെ മേൽക്കോയ്മ പുലർത്തുന്നവർക്ക് ഗുണകരമായി ഭവിക്കുന്നു.
നവോത്ഥാനത്തിന്റെ മുന്നേറ്റങ്ങൾ സമൂഹത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹത്തിൽ ആഴത്തിൽ വേരുപിടിച്ച ജാതിവ്യവസ്ഥയെ തകർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള സാമൂഹ്യമായ മുന്നേറ്റങ്ങൾ വ്യാപകമായി ഉണ്ടാകുന്നില്ല. സമൂഹത്തിൽ അത്തരം മുന്നേറ്റങ്ങൾ സൃഷ്ടിക്കാതിരിക്കാനുള്ള സാമൂഹ്യ സാഹചര്യം പൊതുവേ സൃഷ്ടിക്കപ്പെടുന്നു.
ജാതിയെ ഒരു സാമൂഹ്യ വിപത്തായി കണ്ട് അതിനെതിരേ സമരം സംഘടിപ്പിക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വിമുഖത കാട്ടുന്നു. ജാതീയത ഉയർത്തുന്ന ചില പ്രാദേശിക പ്രശ്നങ്ങൾക്കു നേരേ പ്രതികരിക്കാറുണ്ടെങ്കിലും ജാതീയതയ്ക്കെതിരേയുള്ള നിരന്തര സമരം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അജണ്ടകളിൽ സ്ഥാനം പിടിക്കുന്നില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ജാതി സമവാക്യങ്ങൾ വഹിക്കുന്ന പങ്കിനെ വേർതിരിച്ചറിഞ്ഞ് ചില പ്രീണന നയങ്ങൾ സ്വീകരിക്കുന്നതിലാണ് രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കുന്നത്. ചെറുതും വലുതുമായ ഓരോ ജാതികളും പ്രത്യേകം പ്രത്യേകം സംഘടിച്ച് ജാതി സംഘടനകൾ രൂപീകരിച്ച് അവകാശ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ഓരോ മണ്ഡലങ്ങളിലെയും ജയസാധ്യത നിർണയിക്കുന്നതോടൊപ്പം പരാജയ സാധ്യതയും ഇത്തരം സംഘടനകൾ നിർണയിക്കുന്നു. അതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്തരം സംഘടനകളെ അവഗണിക്കാനാകില്ല.
അധികാരത്തിന്റെ തണലിൽ ജാതി സംഘടനയുടെ വലിപ്പ ചെറുപ്പത്തിനനനുസരിച്ച് ചില സ്ഥാനമാനങ്ങളും സ്ഥാപനങ്ങളും സൗകര്യങ്ങളും നൽകി രാഷ്ട്രീയ പാർട്ടികൾ അവരെ തൃപ്തിപ്പെടുത്തുന്നു.
ജാതീയതയുടെ ദുരിതങ്ങൾ ഏറ്റവും അധികം അനുഭവിക്കുന്നത് ദളിത്, ആദിവാസി , പിന്നോക്ക വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളുടെ പേരിൽ നിരവധി പദ്ധതികൾ സർക്കാരുകൾ പ്രഖ്യാപിക്കപ്പെടുമെങ്കിലും അവയൊന്നും വേണ്ട രീതിയിൽ ഫലപ്രദമാകാറില്ല . ബ്യറോക്രസിയും അതിന്റെ സന്തത സഹചാരിയായ അഴിമതിയും കൂടി ഇത്തരം പദ്ധതികളെ തകിടം മറിക്കുന്നു. ഇതൊന്നും എവിടെയും കാര്യമായി ചോദ്യം ചെയ്യപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് വേളകളിൽ ദളിത് വിഭാഗങ്ങൾ സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ മാത്രം മൽസരിക്കാൻ തീരുമാനിക്കപ്പെടുന്നു. മുഖ്യധാരാ പാർട്ടികളുടെ ഭാരവാഹിത്വങ്ങളിലും ദളിത് , ആദിവാസി, പിന്നോക്ക വിഭാഗങ്ങൾക്ക് നാമമാത്ര സ്ഥാനം നൽകുന്നു. സർക്കാർ നൽകുന്ന സംവരണ ശതമാനത്തിൽ താഴെയാണ് ഇത്തരം വിഭാഗങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ അവരുടെ പാർട്ടി പദവികളിൽ നൽകുന്നത്. സമൂഹത്തിന്റെ പിന്നാമ്പുറത്ത് കഴിയുന്നവരെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരേണ്ട കടമയിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ ബോധപൂർവം പിന്മാറുന്നു.
രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളെ ശിഥിലമാക്കിയും പരസ്പരം പോരടിപ്പിച്ചും അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നൽകി പ്രീണിപ്പിച്ചും അധികാര വർഗ്ഗം ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണന തുടരുകയാണ്. സമൂഹത്തിൽ ഉയർന്നു വരേണ്ട ജാതിവിരുദ്ധ സമരത്തെ നിർവീര്യമാക്കുകയാണിവർ . ജാതി മത സംഘടനാ നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ പാർട്ടികൾ വച്ചു നീട്ടുന്ന നാമമാത്രമായ അധികാര സ്ഥാനങ്ങളിൽ കയറിപ്പറ്റി ജാതിവിരുദ്ധ പോരാട്ടങ്ങളെ ദുർബലമാക്കുന്നു. ജാതിക്കെതിരേയുള്ള കേവല സമരം കൊണ്ടു മാത്രം ജാതീയതയെ ചെറുക്കാനാകില്ല എന്നതാണ് യാഥാർഥ്യം. വിദ്യാഭ്യാസം, വ്യവസായം, വ്യാപാരം , അങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുവരാനും മുന്നേറാനുമുള്ള അവസരം സൃഷ്ടിക്കപ്പെടണം. അതിനാകട്ടെ രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ അജണ്ടയിൽ ജാതിവിരുദ്ധ സാമൂഹ്യ പുരോഗതിക്കുള്ള പരിഗണനകൾ ഉണ്ടാകണം. ജാതി വിവേചനം സാമൂഹ്യ പുരോഗതിക്ക് അനിവാര്യമാണ് എന്ന അവബോധം സമൂഹത്തിൽ പ്രചരിപ്പിക്കണം. അങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിൻതുണ ജാതിവിരുദ്ധ പോരാട്ടത്തിന് നേടാനാകണം. സമൂഹത്തിന്റെ സമഗ്രമായ വികാസവും പുരോഗതിയും മുൻ നിറുത്തി ജാതീയതയ്ക്കെതിരേയുള്ള പോരാട്ടം തിരുത്തിയെഴുതണം.
Comments are closed.