ഇന്ത്യയ്ക്കാവശ്യം പുതിയൊരു നേതൃനിര; യുവത്വത്തില്‍ പ്രതീക്ഷയുണ്ടെന്ന് രാജ്ദീപ് സര്‍ദേശായി
കോഴിക്കോട്: യാഥാര്‍ത്ഥ്യബോധത്തോടെ ജനങ്ങളുടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന പുതിയൊരു നേതൃനിരയാണ് ഇന്നത്തെ ഇന്ത്യയ്ക്കാവശ്യമെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ഉടന്‍ തന്നെ അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് ഇന്ത്യ എത്തിച്ചേരുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പഠിച്ചിറങ്ങുന്ന ഇന്നത്തെ യുവത്വത്തിലാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം വരെ തന്റെ ചിന്ത ഇങ്ങനെയായിരുന്നില്ല. പക്ഷെ, സമകാലികസംഭവങ്ങള്‍ ഇന്ത്യന്‍ യുവത്വത്തെക്കുറിച്ചുള്ള ധാരണകളെ മാറ്റിമറിച്ചതായും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കറുമായി നടന്ന അഭിമുഖസംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു രാജ്ദീപ് സര്‍ദേശായി.
ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നട്ടെല്ല് നഷ്ടപ്പെട്ട അവസ്ഥയാണെന്ന് രാജ്ദീപ് സൂചിപ്പിച്ചു. മാധ്യമപ്രവര്‍ത്തനത്തിന് പിന്നില്‍ ബിസിനസ് താത്പര്യങ്ങള്‍ വന്നതോടെ വസ്തുതകള്‍ വളച്ചൊടിക്കപ്പെട്ടു. വാര്‍ത്ത എന്തെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം ഇപ്പോള്‍ വ്യക്ത്യധിഷ്ഠിത അഭിപ്രായങ്ങളാണ് പകര്‍ന്നുനല്‍കുന്നത്. ഉദാഹരണമായി ഷഹീന്‍ ബാഗിലെ പൗരത്വപ്രതിഷേധങ്ങളുടെ റിപ്പോര്‍ട്ടിങ് നോക്കിയാല്‍ മതിയാകും.
മാധ്യമപ്രവര്‍ത്തനത്തിലൂടെ പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് തികച്ചും അധാര്‍മ്മികമാണ്. പ്രശസ്തി നേടണമെങ്കില്‍ ബോളിവുഡിയോ കായികരംഗത്തോ പ്രവര്‍ത്തിക്കുക. സത്യം പറയുകയെന്നതാണ് ആത്യന്തികമായി മാധ്യമങ്ങളുടെ ധര്‍മ്മം. പക്ഷെ, കോര്‍പ്പറേറ്റ്‌വല്‍ക്കരണം മൂലം ഈ മേഖല അക്ഷരാര്‍ത്ഥത്തില്‍ ബിസിനസ്സായി മാറിക്കഴിഞ്ഞു. രാഷ്ട്രീയക്കാരും ബിസിനസുകാരും ബില്‍ഡര്‍മാരുമാണ് ഇന്ത്യയിലെ സമ്പന്നര്‍. അവര്‍ മാധ്യമങ്ങളുടെ പില്ലറുകളാകുമ്പോള്‍ വാര്‍ത്തകള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല.
നരേന്ദ്രമോദിയുടേയും രാഹുല്‍ ഗാന്ധിയുടെയും രാഷ്ട്രീയസമീപനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തിയ രാജ്ദീപ് എന്തുകൊണ്ട് നരേന്ദ്രമോദി മേല്‍ക്കൈ നേടുന്നുവെന്നത് വിശദമാക്കി. സമൂഹമാധ്യമങ്ങളുള്‍പ്പെടെ ഏത് മീഡിയവും നന്നായി കൈകാര്യം ചെയ്യാന്‍ നരേന്ദ്രമോദിക്കറിയാം. അതിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് മോദി കോണ്‍ഗ്രസിനേക്കാള്‍ ബഹുദൂരം മുന്നിലെത്തിയത്. പൊളിറ്റിക്‌സിനെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നും ബി.ജെ.പി. നേതൃത്ത്വം നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
അമിത് ഷായും നരേന്ദ്രമോദിയും ജീവിതകാലം മുഴുവന്‍ അധികാരസ്ഥാനത്ത് ഇരിക്കാന്‍ താത്പര്യപ്പെടുന്നവരാണ്. പവര്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല ഇക്കൂട്ടര്‍. ഒരുനാള്‍ താന്‍ അധികാരസ്ഥാനത്തെത്തും എന്നു കരുതിത്തന്നെ വര്‍ഷങ്ങളായി അതിന് വേണ്ടി പ്രയത്‌നിക്കുന്നരാണ്.
യു.പി.എ ഭരണകാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം ആകെ തകര്‍ന്നടിഞ്ഞ അവസ്ഥയില്‍നിന്നും രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സൂപ്പര്‍ഹീറോയെപ്പോലൊരു പരിവേഷമാണ് ആവശ്യമെന്ന് കരുതുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു. ആ സമയം യഥാവിധം ബി.ജെ.പിക്ക് വിനിയോഗിക്കാന്‍ സാധിച്ചതാണ് മോദിയെന്ന കള്‍ട്ട് രൂപപ്പെടാന്‍ കാരണം. എന്റെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും ഞാന്‍ ഇന്ത്യയെ മികവുറ്റതാക്കും എന്നും മറ്റും അതിവൈകാരികയോടെ പറയുമ്പോള്‍ ജനങ്ങളും അന്ധമായി വിശ്വസിക്കുകയാണ്.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഏറെ മാറേണ്ടതുണ്ട്. നോട്ട് നിരോധനം പോലെയുള്ള വലിയ പ്രതിസന്ധികള്‍ വന്നപ്പോള്‍ ഉത്തരവാദിത്വമുള്ള പ്രതിപക്ഷം എന്ന നിലയില്‍ പ്രതികരിക്കാന്‍ പോലും അവര്‍ക്കായില്ല. രാഷ്ട്രീയത്തെ വളരെ ഗൗരവകരമായി കണ്ട് പ്രവര്‍ത്തിക്കുന്ന അനേകം നേതാക്കന്മാര്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴുമുണ്ട്. ആത്മസമര്‍പ്പണത്തോടെയുള്ള മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനമാണ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളില്‍നിന്നും പഠിക്കേണ്ടത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശ്രദ്ധ നല്‍കി താഴേക്കിടയില്‍ പോലുമുള്ള ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകൂ.- രാജ്ദീപ് സര്‍ദേശായി വ്യക്തമാക്കി.
Comments are closed.