നമ്മളനുഭവിക്കുന്ന നവഫാസിസം
അഭിമുഖം
കെ. ഇ. എന്‍. / ഡോ. ഷാഹിന കെ. റഫീഖ്
നിങ്ങള്‍ക്ക് മതത്തിന്റെ മൂല്യങ്ങള്‍ അഗാധമായി സ്വാംശീകരിച്ച് മതനിരപേക്ഷയുടെ
പാതയിലേക്ക് വരാം. മതരഹിത മൂല്യങ്ങള്‍ സ്വാംശീകരിച്ചും മതനിരപേക്ഷതയിലേക്ക് വരാം. പക്ഷേ ജാതി സ്വീകരിച്ച് മതനിരപേക്ഷനാവാന്‍ പറ്റില്ല. ഇത് ഇന്ത്യന്‍ ധൈഷണികര്‍ മാത്രം നേരിടുന്ന പ്രശ്‌നമാണ്; അമേരിക്കയില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നില്ല. അതുകൊണ്ട് ജാതിയെ വിമര്‍ശിക്കാതെ മതത്തെ മാത്രം വിമര്‍ശിക്കുമ്പോള്‍ അത് സംഘ്പരിവാറിന് അനുകൂലമാവും.
കൊവിഡ് വ്യാധി ലോകം മുഴുവന്‍ അടച്ചിടലിലേക്കും തൊഴില്‍ നഷ്ടങ്ങളിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും ലോകത്തെനയിച്ച വര്‍ഷമാണ് കടന്നുപോയത്. പക്ഷെ ഇന്ത്യയില്‍ ശ്രദ്ധേയമായ ചില ജനമുന്നേറ്റങ്ങളും പ്രതിഷേധങ്ങളുംകൂടി അതിനിടയില്‍ അരങ്ങേറി. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ സാമൂഹിക പ്രക്ഷുബ്ധതകളെ വിലയിരുത്തുകയാണ്, ശ്രദ്ധേയയായ കഥാകാരി ഷാഹിന കെ. റഫീഖുമായുള്ള അഭിമുഖഭാഷണത്തില്‍ പ്രമുഖ ഇടതുപക്ഷചിന്തകനായ കെ. ഇ. എന്‍.
ഷാഹിന കെ. റഫീഖ്: ലോകമെമ്പാടും ഈ അടുത്തകാലത്തുണ്ടായ സമരങ്ങളെ മുന്‍നിരയില്‍ നയിച്ചത് സ്ത്രീകളാണ്, ഇന്ത്യയിലും അതേ. ഷഹീന്‍ ബാഗും ജാമിയയും എല്ലാം ഉദാഹരണങ്ങള്‍. കര്‍ഷക സമരത്തിലും അവരുടെ പങ്ക് വലുതാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തി ഒന്ന് ആക്കാനുള്ള നിയമപരമായ ചുവടുവെപ്പിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയും ചെയ്തിരിക്കുന്നു?
കെ ഇ എന്‍: എന്റെ ആദ്യത്തെ പ്രതികരണം ഇരുപത്തിയൊന്നല്ല, ഇരുപത്തിയഞ്ചോ, ഇരുപത്തി എട്ടോ ആയാല്‍ പോലും കുഴപ്പമില്ല എന്നാണ്. എന്നുമാത്രമല്ല വിവാഹം എന്ന സ്ഥാപനത്തെത്തന്നെ വിമര്‍ശനാത്മകമായി നോക്കി കാണേണ്ട ഒരു കാലമാണ് ഇത്. അതിനകത്തുള്ള വൈരുധ്യങ്ങള്‍ ഒരു ബാധ്യത ആയി മാറിക്കൊണ്ടിരിക്കുകയാണ്. ‘വാട്ട് ഈസ് ഹിസ്റ്ററി’ എന്ന പുസ്തകത്തില്‍ ഇ.എച്ച്.കാര്‍, പൊതുവായ കാര്യങ്ങളെ പരാമര്‍ശിക്കാതെ ഒരു ഭാഗത്തെ മാത്രം അവതരിപ്പിക്കുന്ന രീതി ചരിത്രവിശകലനത്തില്‍ അപര്യാപ്തമാണ് എന്ന് പറയുന്നുണ്ട്. മൊത്തം സാഹചര്യത്തെ പരിഗണിക്കാതെ ഒരു പ്രതിസന്ധിയെക്കുറിച്ച് മാത്രമായിട്ട് നമ്മള്‍ അടയാളപ്പെടുത്തുന്നതും അനുചിതമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍, നവ
ഫാസിസ്റ്റ് ഭരണകൂടം ഇങ്ങനെയൊരു നിയമം കൊണ്ടുവരുമ്പോള്‍ അത് ഒറ്റപ്പെട്ടതായി കാണാനാവില്ല. 2014-നു ശേഷം ഇന്ത്യയില്‍ പല സമയങ്ങളിലായി വന്നിട്ടുള്ള നിയമങ്ങളുടെ തുടര്‍ച്ചയാണ് അത്. അങ്ങനെ ആലോചിച്ചപ്പോള്‍ ഇതിന് എതിരായുള്ള അഭിപ്രായത്തിലാണ് ഞാന്‍ എത്തിപ്പെട്ടത്.
പെണ്‍മനുഷ്യരുടെയോ ആണ്‍മനുഷ്യരുടെയോ ട്രാന്‍സ് മനുഷ്യരുടെയോ ഒരു മൗലികപ്രശ്‌നവുംഈ നവഫാസിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യപരമായി പരിഗണിച്ചിട്ടില്ല.
ഈ ആളുകള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന ജനാധിപത്യകൂട്ടായ്മ പൊളിക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2002-ലെ ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിലാണ് വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹം പൊളിക്കാനുള്ള പ്രായോഗികശ്രമം വിപുലമായി നടക്കുന്നത്. അതാണ് പിന്നീട് ‘ലവ് ജിഹാദ്’ ആയി മാറുന്നത്. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍, വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ ഉള്ളവര്‍ പെട്ടെന്ന് വിവാഹത്തിന് ഒരുങ്ങുന്നതും കുട്ടികളെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ഈ എതിര്‍പ്പിനെ മറികടന്ന് കുടുംബത്തിനകത്ത് സ്വീകാര്യത ലഭിക്കാനാണ്.
ഒരുദാഹരണംകൊണ്ട് വ്യക്തമാക്കാം. ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള ബലാത്സംഗത്തെ മാധ്യമങ്ങള്‍ അങ്ങേയറ്റം രോഷത്തോടെ, വൈകാരികമായാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം ഭരണകൂട നേതൃത്വത്തില്‍ നടക്കുന്ന ബലാത്ക്കാരങ്ങളെ, കാശ്മീരില്‍ സൈന്യം
നടത്തുന്നത്, നമ്മള്‍ നിശ്ശബ്ദതയുടെ സമുദ്രത്തില്‍ മുക്കിക്കൊല്ലും. പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഭരണകൂടംതന്നെ ക്രിമിനലാവുന്നതിന്റെ, ജനാധിപത്യ- മത നിരപേക്ഷ
മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ജനാധിപത്യവാദികള്‍ ഈ നിയമത്തെ എതിര്‍ക്കുന്നത്. വിവാഹപ്രായം പതിനെട്ടായി തന്നെ വച്ചുകൊണ്ട്, വൈകി
വിവാഹം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാം. അതിനു തയ്യാറാവുന്നവര്‍ക്ക് ഗവണ്മെന്റില്‍നിന്ന് പാരിതോഷികങ്ങളും ആനുകൂല്യങ്ങളും നല്‍കാവുന്നതാണ്. നിയമങ്ങള്‍ വിശദമായ ചര്‍ച്ചകളില്ലാതെ ഇപ്പോള്‍ വാട്ടിയെടുക്കുകയാണ് ചെയ്യുന്നത്, അത് ദഹനക്കേട് ഉണ്ടാക്കുകയേ ചെയ്യൂ.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.