DCBOOKS
Malayalam News Literature Website

ജനാധിപത്യത്തില്‍ വിയോജിപ്പുകളുടെ ആവശ്യകത

ഭരണത്തിനെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഫാസിസം സാധാരണ ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ കൂട്ടായെതിര്‍ക്കാന്‍ രംഗത്തിറങ്ങണം. വിപ്ലവം ജനിക്കുന്നത് കൂട്ടായ്മയില്‍ നിന്നാണെന്നും കേവലം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ രാഷ്ട്രീയ നേതാക്കളില്‍ നിന്നോ അല്ലെന്നും സമൂഹത്തില്‍ തന്നെ വിപ്ലവം കുടിക്കൊളളുന്നു എന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ വിയോജിപ്പുകളുടെ ആവശ്യകത എന്ന വിഷയത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം ശശികുമാറുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നത്തെ കാലത്ത് രാജ്യദ്രോഹം എന്ന വാക്കിന്റെ മാനം തന്നെ മാറിയിരിക്കുന്നു. നോബല്‍ പ്രൈസ് ജേതാവായ അമര്‍ത്യാസെന്നിനെ രാജ്യദ്രോഹിയായി കണക്കാക്കിയ സമൂഹത്തിലാണ് നാം ഇന്ന് ഉളളതെന്നും കനയ്യ ചൂണ്ടികാട്ടി.

കേരളത്തിലെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയെയും സ്ത്രീകളുടെ അവകാശസംരക്ഷണത്തെയും വിദ്യാഭ്യാസത്തെയും എടുത്തു പറയുകയും ഞാനൊരു ഇടതുപക്ഷകാരനാണെന്നും കനയ്യ അഭിപ്രായപ്പെട്ടു. സി പി ഐ യുടെയോ സി പി എം ന്റെയോ വക്താവല്ല. മോദിയുടെ അഛാദിന്‍ എന്നത് തനിക്ക് സങ്കല്‍പ്പിക്കാനാകത്ത വാക്കാണെന്നും കനയ്യ പരിഹസിച്ചു.

ഫാസിസത്തിനെതിരെ എല്ലാ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണം. ശരിക്കുവേണ്ടി എന്നും നമ്മുടെ ശബ്ദം ഉയര്‍ത്താന്‍ കഴിയണമെന്നും തെറ്റിനെതിരെ പ്രതികരിക്കാന്‍ ചങ്കൂറ്റം കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥിര കമ്മ്യൂണിസ്റ്റ് ചിന്തകളെ തച്ചുടക്കുകയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കമ്മ്യൂണിസത്തിന് മുതലാളിത്തമായി ബന്ധമില്ലെന്ന് പറഞ്ഞവസാനിപ്പിച്ച അദ്ദേഹത്തോട് കാണികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു. ആസാദിഗാനം ആവശ്യപ്രകാരം കാണികള്‍ക്കൊപ്പം ആലപിക്കുകയും ചെയ്തു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.