‘സ്വയംവരം @ 50’; അടൂരിന് ആദരം നവംബർ 24ന്
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ‘സ്വയംവരം @ 50’ എന്നപേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നു. 1973 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സംവിധായകന്‍, മികച്ച നടി (ശാരദ), മികച്ച ഛായാഗ്രാഹകന്‍ (മങ്കട രവിവര്‍മ്മ) എന്നിങ്ങനെ നാല് അവാര്‍ഡുകള്‍ നേടിയ സ്വയംവരത്തെ കുറിച്ച് സംവദിക്കുന്നതിനും അടൂര്‍ ഗോപാലകൃഷ്ണന് സ്‌നേഹവും ആദരവും അര്‍പ്പിക്കാനുമായാണ് പാലക്കാട്ടെ ചലച്ചിത്ര പ്രേമികളും സഹൃദയരും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ഒത്തുചേരുന്നത്. ‘സ്വയംവരം’ 50 വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ചാണ് പരിപാടി. 24-ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6.30 വരെ ജില്ലാ പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സംഘടനകള്‍ അടൂരിന് ആദരം നല്‍കും.
ഉദ്ഘാടനയോഗം, പാലക്കാട്ടെ വിവിധ സംഘടനകള്‍ അടൂരിന് നല്‍കുന്ന ആദരായനം, പ്രഭാഷണങ്ങള്‍, അടൂരുമായി മുഖാമുഖം, സ്വയംവരം പ്രദര്‍ശനം, ജോണ്‍ സാമുവല്‍ രചിച്ച അടൂരിന്റെ 5 നായക കഥാപാത്രങ്ങളെ കുറിച്ചുള്ള പഠനഗ്രന്ഥമായ ‘സിനിമയുടെ ശരീരം’ പ്രകാശനം എന്നിവയാണ് സ്വയംവരം @50 എന്ന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് പുറമെ കമല്‍, ഡോ പി കെ രാജശേഖരന്‍, വൈശാഖന്‍, മുണ്ടൂര്‍ സേതുമാധവന്‍, മൃണ്മയി ജോഷി ഐ എ എസ്,സി പി പ്രമോദ്, ജോണ്‍ സാമുവല്‍, രഘുനാഥന്‍ പറളി, ഡോ പി ആര്‍ ജയശീലന്‍, ടി കെ ശങ്കരനാരായണന്‍, ഡോ. പി ജി പാര്‍വ്വതി എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും.
സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാലു പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും, പിന്നെയും എന്ന് ചലച്ചിത്രങ്ങള്‍ ലോകത്തിനു സമ്മാനിച്ച ഇതിഹാസ ചലച്ചിത്രകാരന്‍ പദ്മവിഭൂഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമായ ‘സ്വയംവരം’ ഇന്ത്യയിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. മലയാള സിനിമയില്‍ പുതിയ പ്ലാറ്റ്‌ഫോം തുറന്നുകൊണ്ട് 1973ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആസ്വാദനത്തിന്റെ അമ്പതാണ്ട് പിന്നിടുകയാണ്.
Comments are closed.