ഏകാന്തയുടെ മ്യൂസിയത്തിലെ നിഗൂഢതകള്‍
ഏകാന്തതയുടെ മ്യൂസിയം എന്ന പുസ്തകത്തെ ആസ്പദമാക്കി കേരള സാഹിത്യോത്സവത്തിലെ വാക്ക് എന്ന വേദിയില്‍ ചര്‍ച്ച നടന്നു. സജി മാര്‍ക്കോസുമായി നടന്ന ചര്‍ച്ചയില്‍ പുസ്തകത്തിന്റെ കഥാകൃത്തായ എം. ആര്‍. അനില്‍ കുമാറാണ് പുസ്തകത്തെ പരിചയപ്പെടുത്താന്‍ എത്തിയത്. അത്ഭുതകഥകളുടെ സൃഷ്ടാവ് എന്നാണ് എഴുത്തുകാരനെ സദസ്സ് വിശേഷിപ്പിച്ചത്. 744 പേജുകളുള്ള ‘ഏകാന്തതയുടെ മ്യൂസിയം’ വായനക്കാരന് വേറിട്ട അനുഭവം ആയിരിക്കും സമ്മാനിക്കുക എന്നും ഇതിനായി താന്‍ എട്ടു വര്‍ഷങ്ങള്‍ നീക്കിവെച്ചു എന്നും വെളിപ്പെടുത്തി. തന്റെ കൃതിയെ ബഹുനില കെട്ടിടം എന്ന് വിശേഷിപ്പിച്ച എം ആര്‍ അനില്‍കുമാര്‍ ഇതില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും അഭിപ്രായപ്പെട്ടു.
പുസ്തകത്തിലെ കഥാപാത്രങ്ങളുടെ പേരുകളെ കുറിച്ച് ചോദിച്ച സജി മാര്‍ക്കോസിന് താന്‍ വളര്‍ന്നുവന്ന ക്രിസ്ത്യന്‍ പശ്ചാത്തലവും ബൈബിളും ഇതിന് വഴിയൊരുക്കിയിരുന്നു എന്നാണ് മറുപടി നല്‍കിയത്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കസിന്റെ കൃതികള്‍ തന്റെ എഴുത്തുജീവിതത്തെയും അതോടൊപ്പം ഏകാന്തതയുടെ മ്യൂസിയം എന്ന പുസ്തകത്തിലും സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, പ്രധാന കഥാപാത്രത്തിന് മാര്‍ക്കസ് എന്ന പേര് വന്നത് ഇങ്ങനെ ആണെനന്നും പറഞ്ഞു. ഓരോ കഥാപാത്രത്തെയും ലോകപ്രസിദ്ധ എഴുത്തുകാരോടാണ് കഥാകൃത് വിശേഷിപ്പിച്ചത്. അര മണിക്കൂര്‍ നീണ്ടുനിന്ന സെഷനില്‍ പതിനേഴാം വയസ്സില്‍ ഡി സി കിഴക്കെമുറിയെ കാണാന്‍ പോയ അനുഭവം വിവരിച്ച കഥാകൃത്ത് ഈ കൃതിയില്‍ സൂക്ഷ്മമായി ഇന്ത്യന്‍ രാഷ്ട്രീയവും ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞു.
Comments are closed.