DCBOOKS
Malayalam News Literature Website

‘ആനുവല്‍ വേര്‍ഡ് ടു സ്‌ക്രീന്‍’ മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് കൃതികള്‍

ഇരുപതാമത് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആനുവല്‍ വേര്‍ഡ് ടു സ്‌ക്രീന്‍ എന്ന പരിപാടിയിലേക്ക് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് സാഹിത്യകൃതികള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ കമലാ ദാസ് രചിച്ച മൈ സ്റ്റോറി, നളിനി ജമീലയുടെ ആത്മകഥ ഞാന്‍ ലൈംഗികത്തൊഴിലാളി, ജി.ആര്‍ ഇന്ദുഗോപന്‍ തയ്യാറാക്കിയ തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ എന്നിവയും ഫിക്ഷന്‍ വിഭാഗത്തില്‍ കെ.ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍, വി.ജെ.ജെയിംസിന്റെ ചോരശാസ്ത്രം, ടി. ഡി രാമകൃഷ്ണന്‍ രചിച്ച ഫ്രാന്‍സിസ് ഇട്ടിക്കോര, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് 30-31 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ ഭാഷയില്‍ നിന്നുള്ള എഴുത്തുകാര്‍, പ്രസാധകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്നു. പരിപാടിയില്‍ ഇത്തവണ കേരളത്തില്‍ നിന്നും പ്രശസ്ത എഴുത്തുകാരനായ എം. മുകുന്ദനും ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരി അനിത നായരുമാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. ഒപ്പം ഡി.സി ബുക്‌സും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു.

സിനിമയെയും സാഹിത്യത്തെയും കോര്‍ത്തിണക്കുന്ന ആനുവല്‍ വേര്‍ഡ് ടു സ്‌ക്രീന്‍ എന്ന ഈ പരിപാടിയില്‍ സിനിമയാക്കാന്‍ സാധ്യതയുള്ള കഥ-നോവല്‍- ജീവചരിത്രം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കൃതികളാണ് മത്സരത്തിനായി അയച്ചത്. ഇതില്‍ ഏഴ് കൃതികളാണ് ഫൈനല്‍ റൗണ്ടില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

 

Comments are closed.