പട്ടം പറന്നു പൊങ്ങിയ കഥ
ജൂൺ ലക്കം പച്ചക്കുതിരയില്‍
ഖാലിദ് ഹൊസൈനി
വിവര്‍ത്തനം: ജോസഫ് കെ. ജോബ്
‘കൈറ്റ് റണ്ണറി’ന്റേത് വലിയൊരു ജൈത്രയാത്രയായി പലരും കണക്കാക്കുന്നുണ്ടെങ്കിലും അതിന്റെ പ്രസിദ്ധീകരണം പോലും അസംഭവ്യമായിരുന്ന ഒരുഘട്ടമുണ്ടായിരുന്നുവെന്നു കൂടി നാമോര്‍ക്കണം. എഴുത്തിന്റെ മേഖലയില്‍ അപരിചിതനായിരുന്നു ഞാന്‍. സാഹിത്യത്തില്‍ ട്രാക്ക് റെക്കോര്‍ഡ് ഇല്ലാത്ത ഒരു പാര്‍ട്ട് ടൈം എഴുത്തുകാരന്‍. മുപ്പതിലേറെ സാഹിത്യ ഏജന്‍സികള്‍ നിരസിച്ചുകളഞ്ഞതാണ് നോവലിന്റെ കൈയെഴുത്തുപ്രതി. നിരസിച്ചവര്‍ക്കെല്ലാം ഒരേ സ്വരം തന്നെയായിരുന്നു: ‘അയച്ച കൃതി നന്ദിയോടെ കൈപ്പറ്റി, ഞങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.’ അത്തരം തിരസ്‌കരണങ്ങള്‍ എന്നെയൊട്ടും അത്ഭുതപ്പെടുത്തിയില്ല. സമചിത്തതയോടെ അതൊക്കെ നേരിടാന്‍ എനിക്ക് കഴിഞ്ഞുവെന്ന് അഭിമാനത്തോടെതന്നെ പറയട്ടെ.
അനുവാചകരെ ഭാവനാലോകത്തേക്ക് നിരന്തരം ക്ഷണിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഓരോ പുസ്തകവും; എങ്കിലും പുസ്തകത്തിനുമേല്‍ അതിന്റെ രചയിതാവിന് വലുതായൊന്നും അവകാശപ്പെടാനില്ല. വര്‍ഷം 2001. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന ആ തിരക്കിനിടയില്‍ അമീറിനും ഹസ്സനും ബാബയ്ക്കും ‘കൈറ്റ് റണ്ണറി’നു ജീവന്‍ പകര്‍ന്ന നിരവധി ആത്മാക്കള്‍ക്കുമൊപ്പമായിരുന്നു ഏതാണ്ട് ഒരു വര്‍ഷക്കാലത്തെ എന്റെ ജീവിതം. പുലര്‍ച്ചെ നാലരമണിക്ക് എഴുന്നേറ്റ്, വെളിച്ചം കുറഞ്ഞ രണ്ടുമൂന്നു മണിക്കൂര്‍നേരം ദിനവും ഞാന്‍ നോവല്‍ രചനയില്‍ ചെലവഴിക്കുമായിരുന്നു. അതിനുശേഷം കുളിച്ച്, വസ്ത്രങ്ങളൊക്കെമാറി ക്ലിനിക്കിലെത്തി പരിശോധന തുടങ്ങും. രോഗം ബാധിച്ച ഹൃദയങ്ങള്‍, വേദനിക്കുന്ന സന്ധികള്‍, നിലച്ചുതുടങ്ങിയ തൈറോയിഡുകള്‍ പരിശോധനയ്ക്കായി അങ്ങനെ പലതുണ്ട്. ശ്വാസകോശങ്ങള്‍ ആഞ്ഞുവലിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചുകേട്ടു. തോള്‍വേദനയ്ക്ക് ഇഞ്ചക്ഷന്‍ കൊടുത്തു. ആ സമയത്തൊന്നും അമീര്‍ എന്നരികില്‍ നിന്ന് പോയില്ല. ഊണിലും ഉറക്കത്തിലും അവന്‍ എന്നോടൊപ്പമുണ്ടായിരുന്നു; ഞാന്‍ അവനോടൊപ്പവും.
എനിക്കേറെ പരിചയമുള്ള ഒന്നാണ് അമീറിന്റെ ലോകം. കാബൂളിലെ വസീര്‍ അക്ബര്‍ ഖാന്റെ അയല്‍പക്കക്കാരായിട്ടാണ് ഞാനും അമീറും വളര്‍ന്നുവന്നത്. ഒരേ മിഡില്‍ സ്‌കൂളിലാണ് പഠിച്ചത്. പട്ടം പറത്തിയും കഥകളെഴുതിയും പാശ്ചാത്യസിനിമകള്‍ കണ്ടും ഞങ്ങള്‍ വളര്‍ന്നു. ഉയര്‍ന്ന ഇടത്തരക്കാരില്‍ പെട്ടവരായതിന്റെ ഗുണം ഞങ്ങള്‍ക്ക് ഇരുവര്‍ക്കുമുണ്ടായിരുന്നു. 1970-കള്‍ ഞങ്ങളുടെ വളര്‍ച്ചയുടെ കാലങ്ങളാണ്. അക്കാലത്ത് ആ പഴയ അഫ്ഗാനില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഭാഗ്യം സിദ്ധിച്ചു. പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു അക്കാലത്ത് അഫ്ഗാന്‍. രാഷ്ട്രീയമായി സ്ഥിരതയുണ്ടായിരുന്ന ഒരു കാലം. ഇങ്ങിനി വരാത്തവണ്ണം അതു കടന്നു പോയി. അഫ്ഗാന്‍മക്കളുടെ രക്തം പുരണ്ടുതുടങ്ങിയിട്ടില്ലാത്ത മണ്ണിലൂടെ നടക്കാന്‍ ഞങ്ങള്‍ക്കന്ന് ഭാഗ്യമുണ്ടായി.
പൂര്‍ണ്ണരൂപം 2023 ജൂൺ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്
ഖാലിദ് ഹൊസൈനിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.