DCBOOKS
Malayalam News Literature Website

ജനാധിപത്യത്തെ മാധ്യമങ്ങള്‍ അട്ടിമറിച്ചു: സക്കറിയ

ജനാധിപത്യത്തെ മാധ്യമങ്ങള്‍ അട്ടിമറിച്ചു എന്ന ഗുരുതര ആരോപണവുമായി സക്കറിയ. അഞ്ചാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ജനാധിപത്യത്തിന്റെ കേരളീയാനുഭവങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരാശരിയില്‍ താഴെയുള്ള രാഷ്ട്രീയ നേതാക്കളെ കേരളത്തിന്റെ അനിഷേധ്യ നേതാക്കളായി വളര്‍ത്തിയെടുത്തത് മാധ്യമങ്ങളാണെന്നും ജനങ്ങളെ കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തകരെ അവരേക്കാള്‍ വലിയവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പ്രതിച്ഛായ പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഓരോ ദിവസവും മലയാളികള്‍ എന്ത് ചിന്തിക്കണമെന്ന് തീരുമാനിക്കുന്നത് പോലും മാധ്യമങ്ങളാണ്. തെരഞ്ഞെടുപ്പിനെ പോലും പോരാട്ടമായി അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍. വിജയിക്കുന്നവരെയാണ് അവതരിപ്പിക്കുന്നത്. ജനാധിപത്യത്തില്‍ വിജയിക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങളാണെന്ന് അവതരിപ്പിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ പ്രക്രിയയേക്കാള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിന്താഗതിയേയും സക്കറിയ വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ ജയിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമങ്ങള്‍. അവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പക്ഷം ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സ്വന്തം ശക്തി മറന്ന് വര്‍ഗീയവും മതപരമായ വിഷയങ്ങളുമാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അത് ഉപയോഗിക്കുന്നുവെന്നേയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നവോത്ഥാനം കപടമല്ലെന്ന് പറഞ്ഞ അദ്ദേഹം വര്‍ഗീയതയെയും ലൈംഗിക വിദ്യാഭ്യാസത്തിനോടുണ്ടായ എതിര്‍പ്പിനേയും നവോത്ഥാനത്തിനേറ്റ അടിയായി വിശേഷിപ്പിക്കുയായിരുന്നു.

ചര്‍ച്ചയില്‍ സക്കറിയയ്‌ക്കൊപ്പം ഷാജഹാന്‍ മാടമ്പാട്ടും പങ്കെടുത്തു. സക്കറിയയുടെ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന പുസ്തകത്തിന്റെ ഓഡിയോ റിലീസും വേദിയില്‍വെച്ച് നടന്നു.

Comments are closed.