മോദിക്കെതിരെ മോദിയെപ്പോലൊരു നേതാവല്ല, പൗരബോധമുള്ള ജനങ്ങളാണ് ഉദയം ചെയ്യേണ്ടതെന്ന് കപില്‍ സിബല്‍
പ്രമുഖ കോണ്‍ഗ്രസ് നേതാവും പ്രഗത്ഭനായ അഭിഭാഷകനുമായ കപില്‍ സിബല്‍ ഇന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ The Idea Of India എന്ന വിഷയത്തില്‍ സംവാദത്തിനായെത്തി. മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസാണ് അഭിമുഖസംഭാഷണം നടത്തിയത്. സമകാലിക രാഷ്ട്രീയ വിവാദങ്ങളെയും, സാംസ്‌കാരിക ധ്രുവീകരണത്തെ കുറിച്ചും ചര്‍ച്ച ചെയ്ത ഈ സെഷന്‍ കേന്ദ്രസര്‍ക്കാരിന്റെ മതേതരത്വത്തിനെതിരെയുള്ള ഗൂഢാലോചനകളെയും ജനദ്രോഹനയങ്ങളെയും, നര്‍മ്മത്തിന്റെ അകമ്പടിയോടെ, എന്നാല്‍തന്നെ അതിന്റെ പ്രാധാന്യം ഒട്ടുംചോരാതെ തന്നെ വിശകലനം ചെയ്യുന്നതായിരുന്നു.
പാഴ് സ്വപ്നങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇതുവരെ നരേന്ദ്രമോദി മുന്നോട്ട് നീങ്ങിയതും തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലേറിയതെന്നും പറഞ്ഞ സിബല്‍, കേന്ദ്രതലത്തില്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍, അപചയാവസ്ഥയിലാണെങ്കിലുംഇന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കേ സാധ്യമാവുകയുള്ളൂ എന്ന് നിരീക്ഷിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍, നിലവില്‍ നികത്താനാകാത്ത ശൂന്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട ജോണ്‍ ബ്രിട്ടാസിനോട് ഒരു പാര്‍ട്ടിയും പരിപൂര്‍ണ്ണമല്ലെന്നും, എന്തെങ്കിലും വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ അത് കണ്ടുപിടിച്ച് ഒരുമിച്ച് പരിഹരിക്കണമെന്നും മറുപടിയായി പറഞ്ഞു. മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള ഒരു നേതാവല്ല, എന്നാല്‍, അത്തരമൊരു മനുഷ്യന് നേരെ പ്രതികരിക്കുന്ന, പൗരബോധമുള്ള സമൂഹമാണ് ഉയര്‍ന്ന് വരേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം വിദ്യാഭ്യാസപരമായി ഏറെ മുന്നിലുള്ള സംസ്ഥാനമാണെന്നും കേരളസമൂഹം തുറന്ന മനസ്സുള്ളവരാണെന്നും അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യയെ മുന്നോട്ടുകൊണ്ടു പോകാനുള്ള കെല്‍പ്പ് ഈ ഭരണകൂടത്തിനില്ലെന്ന് എടുത്തടിച്ച അദ്ദേഹം, ഈ ഭരണകൂടത്തിന്റെ ശ്രദ്ധ രാഷ്ട്രീയ ധ്രുവീകരണത്തിലാണെന്നും, അതിന്റെ ഉദാഹരണമാണ് ലൗ ജിഹാദ്, ഒരു രാജ്യം ഒരു ഭാഷ തുടങ്ങിയവയിലൂന്നിയ പ്രവര്‍ത്തനമെന്നും അത് ജനങ്ങളെ തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം തുടങ്ങിയ യഥാര്‍ത്ഥ പ്രതിസന്ധികളില്‍ നിന്ന് അകറ്റുന്നുവെന്നും നിരീക്ഷിച്ചു.
പൗരത്വ ബില്ലിനെതിരെ വിദ്യാര്‍ഥികള്‍ തുടങ്ങി വെച്ച പ്രക്ഷോഭമാണ് രാജ്യം ഏറ്റെടുത്തതെന്നും അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകടത്തിയിരുന്നെങ്കില്‍ ഉദ്ദേശ്യം മറ്റൊന്നാകുമായിരുന്നുവെന്ന് പറഞ്ഞ സിബല്‍, ക്യാമ്പസുകള്‍ ആളിക്കത്തിയത്, രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായകമായെന്നും കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്റെ നാലാം നെടുംതൂണായ മാധ്യമ സ്ഥാപനങ്ങളുടെ അഴിമതി നിറഞ്ഞ പ്രവര്‍ത്തിയെ വിമര്‍ശിച്ച അദ്ദേഹം അത്തരം മേഖലകളില്‍ വ്യാവസായിക സ്ഥാപനങ്ങളുടെ കടന്ന് ചെല്ലലിനെതിരെ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ രാജ്യം കടന്നുപോകുന്നത് ഏതൊരു രാജ്യവും കടന്ന് പോകുന്ന അവസ്ഥയിലൂടെയാണെന്നും അതില്‍ നിന്ന് വൈകാതെ ഇന്ത്യ മോചിപ്പിക്കപ്പെടുമെന്നും പ്രത്യാശ പങ്കുവെച്ച സിബല്‍ എല്ലാവരും ഒരുമയോടെ നിന്നാല്‍ അനീതിക്കെതിരെ വിജയം വരിക്കാമെന്നും പറഞ്ഞു. അതിനൊപ്പം തന്നെ ഇലക്ട്രിക് വോട്ടിംഗ് മെഷീനിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
പൗരത്വ ബില്ലിനെ നിശിതമായി വിമര്‍ശിച്ച സിബല്‍, അതിനെതിരെ സംസ്ഥാനം എടുത്ത ധീരനിലപാടിനെ അഭിനന്ദിച്ചു. കൂടാതെ കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകത്തെ എടുത്തുപറഞ്ഞ അദ്ദേഹം എങ്ങനെ ഈ രാജ്യം പ്രതിസന്ധികളെ മറികടക്കുമെന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് ജനങ്ങള്‍ക്ക് നേരെ കൈചൂണ്ടി ചെറിയ പുഞ്ചിരിയോടെ വിടവാങ്ങി.
Comments are closed.