തെറിപറച്ചിലുകളുടെ ചരിത്രപരത
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡോ. കെ.പി. രാജേഷ്
തെറിവിളികളുടെ ചരിത്രം അന്വേഷിക്കുമ്പോള്‍ ഒരു കാര്യം തീര്‍ത്തും വ്യക്തമാണ്; എല്ലാ തെറികളും ഉന്നം വെച്ചത് ഒന്നുകില്‍ ജനാധിപത്യ-പൂര്‍വ്വ സമൂഹത്തില്‍ അടിത്തട്ടില്‍ പ്രതിഷ്ഠിച്ചിരുന്ന അധഃസ്ഥിത ജനസമൂഹത്തേയോ, സ്ത്രീകളേയോ ആയിരുന്നു. ജനാധിപത്യപൂര്‍വ്വ സമൂഹത്തിലെ ജാത്യാധിഷ്ടിത ശ്രേണീബന്ധങ്ങളുടേയും പുരുഷാധിപത്യ സാമൂഹ്യവ്യവസ്ഥിതിയുടേയും ഉല്പന്നങ്ങളാണ് ഇന്നും പ്രചാരത്തിലുള്ള മിക്ക തെറികളും. ഇത്തരം തെറിവിളികള്‍ ഒരു ഫ്യുഡല്‍ സമൂഹ സൃഷ്ടിയാണെന്ന ആലോചനയാണ് ഈ ലേഖനത്തിലൂടെ പങ്കുവെയ്ക്കുന്നത്.
ചരിത്രമെഴുത്ത് ‘സവര്‍ണ്ണ’ സ്വഭാവം കൈവരിച്ച ഒരു പ്രക്രിയയാണെന്ന് പറയാം. നിത്യജീവിതത്തിന്റെ ഭാഗമായി വരുന്ന പലതും ചരിത്ര പാഠങ്ങളില്‍ പരാമര്‍ശിക്കാറില്ല. സഭ്യം, സഭ്യേതരം/ശ്ലീലം,അശ്ലീലം എന്നൊക്കെ സാമൂഹിക വിഷയങ്ങളെ വേര്‍തിരിക്കാന്‍ സവര്‍ണ്ണ സാമൂഹ്യ ബോധമുള്ള മലയാളികള്‍ എന്നും കരുതല്‍ കാണിക്കാറുണ്ട്. അവര്‍ണ്ണ-സവര്‍ണ്ണ സാംസ്‌കാരികത മലയാളിയുടെ മനോനിലകളെ ചിട്ടപ്പെടുത്തിയതിനാലാണ് ഇത്തരം വേര്‍തിരുവുകള്‍ എഴുത്തുകളിലും പറച്ചിലുകളിലും പ്രകടമാകുന്നത്. മനുഷ്യരുടെ ഉപജീവന മാര്‍ഗങ്ങളെക്കുറിച്ചും, സമൂഹരൂപീകരണത്തെക്കുറിച്ചും, ഭക്ഷണരീതികളുടെ ചരിത്രത്തെക്കുറിച്ചും, വസ്ത്രധാരണ രീതികളെക്കുറിച്ചും നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ട്. പക്ഷേ, മനുഷ്യരെങ്ങനെയാണ് മലമൂത്രവിസര്‍ജ്ജനം നടത്തിയിരു ന്നതെന്നും (തൂറുന്നത് എന്നെഴുതിയാല്‍ അസഭ്യമായി സവര്‍ണ്ണ സാമൂഹ്യബോധം അദൃശ്യമായി പിന്തുടരുന്ന സമൂഹം കണ്ടേക്കുമെന്ന ശങ്കയാല്‍ സംസ്‌കൃതീകരിച്ചിരിക്കുന്നു) അലക്കിയതെന്നും കുളിച്ചതെന്നും, പല്ല് തേയ്പ്പുണ്ടായിരുന്നെങ്കില്‍ അങ്ങനെയൊക്കെയായിരുന്നെന്നും അങ്ങിനെ മനുഷ്യരുടെ ദൈനംദിനചര്യകളില്‍ നടക്കുന്നതും കഴിഞ്ഞുപോകുന്നതുമായ പലതിനേയും പറ്റി ചരിത്രകാരര്‍ അന്വേഷിക്കാതെ പോകുന്നു. അഥവാ അന്വേഷണവിഷയമാക്കാതെ പോകുന്നു. ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ടതും ശ്രദ്ധ ലഭിക്കാത്തതുമായ നിരവധി കാര്യങ്ങള്‍ സമൂഹ ചരിത്രത്തിന്റെ ഭാഗമാണ്.
ചരിത്രപാഠങ്ങളില്‍ അയിത്തം കല്പിച്ചിരിക്കുന്ന അത്തരം കാര്യങ്ങളില്‍ ഒന്നാണ് തെറിവിളികള്‍ അഥവാ ചീത്തപറയല്‍. സമാധാനപൂര്‍വ്വമായ സാധാരണ സമയത്ത് പുറത്ത് പറയാന്‍ പാടില്ലാത്ത, അഥവാ പറയാന്‍കൊള്ളാത്ത തെറിപ്രയോഗങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോഴാണ് അവയ്ക്ക് പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ജാതി സമ്പ്രദായത്തിലൂന്നിയ മനുഷ്യത്വവിരുദ്ധതയും സ്ത്രീവിരുദ്ധതയും വ്യക്തമാകുന്നത്. സവര്‍ണ്ണ സ്വഭാവമുള്ള ജനാധിപത്യപൂര്‍വ്വ സമൂഹത്തിന്റെ സൃഷ്ടികളാണിവയെന്ന് ബോധ്യപ്പെടും. മേല്‍-കീഴ് സ്ഥാനങ്ങളെ ചിട്ടപ്പെടുത്തുന്നതില്‍ ഇവ വഹിച്ച പങ്ക് മനസിലാകും. ഇവയെന്തുകൊണ്ട് ചരിത്രപാഠങ്ങളില്‍ പരാമര്‍ശിക്കപ്പെടാതെ പോയി എന്നു ചോദിച്ചാല്‍ കേരളത്തിലെ ചരിത്രമെഴുത്ത് അത്രമാത്രം സവര്‍ണ്ണ സ്വഭാവം കൈവരിച്ചിരിക്കുന്ന ഒന്നാണെന്ന് ഉത്തരം കിട്ടും.
പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.