അറിയാം, നിങ്ങള്‍ വിധവയാണെന്ന് ദൈവം എന്നോടു പറഞ്ഞിട്ടുണ്ട്…
പൗലോ കൊയ്‌ലോയുടെ ‘ഫിഫ്ത് മൗണ്ടന്‍’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം
ദിവസങ്ങളോളം നടന്നതിനുശേഷമാണ് ഏലിയാ സറേഫത്ത് നഗരം സ്ഥിതിചെയ്യുന്ന താഴ്‌വരയിലെത്തിയത്. നാട്ടുകാര്‍ക്കിടയില്‍ അക്ബര്‍ എന്നായിരുന്നു ആ പട്ടണത്തിന്റെ പേര്. നടന്നുനടന്ന് തളര്‍ന്നുവീഴുമെന്നായ സമയം കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് വിറകു പെറുക്കിക്കൊണ്ടു നടന്ന ഒരു സ്ത്രീയുടെ മുമ്പില്‍ അയാള്‍ വന്നുപെട്ടു. വലിയ മരങ്ങളൊന്നും ആ ഭാഗത്തുണ്ടായിരുന്നില്ല. അങ്ങിങ്ങായിക്കണ്ട ചില ചുള്ളിക്കമ്പുകള്‍ അവള്‍ ഒടിച്ചെടുക്കുകയായിരുന്നു.
”നിങ്ങള്‍ ആരാണ്?” ഏലിയാ തിരക്കി.
അവള്‍ മറുപടി പറയാതെ അയാളുടെ നേരേ നോക്കിനിന്നു. കാഴ്ചയില്‍ പരദേശി… ഭാഷയും അപരിചിതം.
”എനിക്കു കുടിക്കാന്‍ കുറച്ചുവെള്ളം വേണം… കഴിക്കാന്‍ ഒരു കഷണം അപ്പവും.” അയാള്‍ ആവശ്യപ്പെട്ടു.
കയ്യിലിരുന്ന വിറകുകെട്ട് താഴെയിട്ടതല്ലാതെ അപ്പോഴും അവള്‍ മറുപടി ഒന്നും പറഞ്ഞില്ല.
”പേടിക്കണ്ട…” അവളുടെ പരിഭ്രമം അകറ്റാനെന്നപോലെ അയാള്‍ പറഞ്ഞു.
”കണ്ടില്ലേ, ഞാനൊറ്റയ്ക്കാണ്. ഒരാളേയും ദ്രോഹിക്കാനുള്ള കെല്പില്ല… വിശപ്പും ദാഹവുംകൊണ്ട് ഞാന്‍ അത്രയ്ക്കു തളര്‍ന്നിരിക്കുന്നു.”
”നിങ്ങള്‍ ഈ നാട്ടുകാരനല്ല, അല്ലേ?” അവസാനം അവള്‍ ചുണ്ടനക്കി: ”നിങ്ങളുടെ ഭാഷ കേട്ടിട്ട് ഇസ്രായേല്‍ക്കാരനാണെന്നു തോന്നുന്നു. ഞാനാരെന്നു നിങ്ങള്‍ക്കറിയില്ല… ഒരു ചില്ലിക്കാശുപോലും കയ്യിലില്ലാത്ത അഗതിയാണ് ഞാന്‍…”
”അറിയാം, നിങ്ങള്‍ വിധവയാണെന്ന് ദൈവം എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങളേക്കാള്‍ ഗതികെട്ടവനാണ് ഞാന്‍. തിന്നാനും കുടിക്കാനും വല്ലതും ഇത്തിരി കിട്ടിയില്ലെങ്കില്‍ ഞാനിതാ ഇപ്പോള്‍ ഇവിടെ കിടന്നു ചാകും…”
അതുകേട്ട് അവളൊന്നു ഞെട്ടി. ഈ നാട്ടുകാരനല്ല. എന്നിട്ടും അവളെക്കുറിച്ചറിയാമെന്നോ?
”നിങ്ങളൊരാണല്ലേ? ഒന്നിനും വകയില്ലാത്ത ഒരു വിധവയോട് ആഹാരമിരക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ?”
ഏലിയാ തളര്‍ന്നു വീഴാറായിരുന്നു. ”ദയ കാണിക്കൂ… വിശപ്പടക്കാന്‍ വല്ലതും കുറച്ചു കൊണ്ടുത്തരൂ… എന്റെ ക്ഷീണം മാറിയാല്‍, തീര്‍ച്ച… നിങ്ങള്‍ക്കുവേണ്ടി ഞാന്‍ വേല ചെയ്‌തോളാം…”
അതുകേട്ട് അവള്‍ ഉറക്കെ ചിരിച്ചു.
”നിമിഷങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ പറഞ്ഞതു വാസ്തവമാണ്. ഞാന്‍ വിധവയാണ്. കപ്പലപകടത്തില്‍ കുറെനാള്‍മുമ്പ് എന്റെ ഭര്‍ത്താവു മരിച്ചു. ഞാന്‍ ഒരിക്കലും കടല്‍ കണ്ടിട്ടില്ല. എന്നാലും മരുഭൂമിയെപ്പോലെതന്നെയാണ് അതും എന്ന് എനിക്കറിയാം. അതിനെ വെല്ലുവിളിക്കുന്നവരെ അത് കൊന്നുകളയുന്നു.”
അവള്‍ ഇങ്ങനെ തുടര്‍ന്നു: ”പക്ഷേ, നിങ്ങള്‍ ഇപ്പോള്‍ നടക്കാത്ത ഒരു കാര്യമാണ് എന്നോടു പറയുന്നത്. അഞ്ചാംമലയുടെ മുകളില്‍ ബാല്‍ദേവന്‍ ഇരിക്കുന്നതുപോലെ തീര്‍ച്ചയായ ഒരു കാര്യമാണ് എന്റെ പക്കല്‍ ഭക്ഷണമില്ല എന്നതും. ബാരലിനകത്ത് ഒരുപിടി മാവും ഭരണിക്കകത്ത് ശകലം എണ്ണയുംമാത്രമാണ് ആകെയുള്ളത്.”
ഏലിയായ്ക്കു തലചുറ്റാന്‍ തുടങ്ങി. ബോധക്കേടു വരുന്നതുപോലെ. അവസാനത്തെ ശക്തിയും സംഭരിച്ചുകൊണ്ടയാള്‍ അവസാനമായി ഒരിക്കല്‍ക്കൂടി പറഞ്ഞു: ”നിങ്ങള്‍ സ്വപ്നത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ഈ ഞാന്‍തന്നെയും അവയില്‍ വിശ്വസിക്കുന്നുണ്ടെന്നു പറയാന്‍ വയ്യ. പക്ഷേ, ഞാന്‍ ഇവിടെ വന്നുചേരുമെന്ന് ദൈവമാണെന്നോടു പറഞ്ഞത്. നിങ്ങളെ ഞാന്‍ ഇവിടെ കണ്ടുമുട്ടുമെന്നും. അവിടുത്തെ ചില പ്രവൃത്തികള്‍… അത്ര ബുദ്ധിപൂര്‍വ്വമാണോ എന്നു സംശയം തോന്നാറുണ്ട്. പക്ഷേ, ദൈവമുണ്ട് എന്ന കാര്യത്തില്‍ എനിക്കു തീരെ സംശയമില്ല. സറേഫാത്തില്‍ ഞാന്‍ കണ്ടുമുട്ടുന്ന സ്ത്രീയോട് ഇങ്ങനെ പറയുവാന്‍ ഇസ്രായേലിലെ ദൈവം എന്നോട് കല്പിച്ചു: ”ദൈവം ഭൂമിയില്‍ മഴപെയ്യിക്കുന്നതുവരെ കലത്തിലെ മാവും ഭരണിക്കുള്ളിലെ എണ്ണയും തീരാന്‍ പോകുന്നില്ല.”
ആ അത്ഭുതത്തെപ്പറ്റി കൂടുതല്‍ വിസ്തരിക്കാന്‍ അയാള്‍ക്കിട കിട്ടിയില്ല. അതിനുമുമ്പേ ബോധം മറഞ്ഞ് അയാള്‍ താഴെ വീണു.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.