DCBOOKS
Malayalam News Literature Website

കവിതയുടെ ആറ്റൂര്‍ക്കാതല്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം വാക്ക് വേദിയില്‍ കവിതയുടെ ആറ്റൂര്‍ കാതല്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പി.പി.രാമചന്ദ്രന്‍, പി.രാമന്‍, വിജു നായരങ്ങാടി എന്നിവര്‍ പങ്കെടുത്തു. പുതിയ തലമുറ ആറ്റൂരിനെ പിന്തുടരുന്നില്ലെന്ന തുറന്നുപറച്ചിലോടെയാണ് മൂവരും സംഭാഷണം ആരംഭിച്ചത്. ജനങ്ങളും ഭാഷയും പരിണമിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥയില്‍ നൂറ്റാണ്ടോളം നിലനില്‍ക്കുന്ന ശൈലികളും രീതികളുമില്ലെന്നും എന്തിനും മാറ്റം വരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ആറ്റൂരിന്റെ ലോകം ഊരും പേരും നാടും നേരും എല്ലാം ചേര്‍ന്നതാണ്. പുതിയ തലമുറയുടെ കവിതകളില്‍ ഈ ഘടകങ്ങളൊന്നുമില്ല, എന്നാല്‍ ഇതു വേണമെന്ന് താന്‍ പറയിയില്ലെന്നും പി പി രാമചന്ദ്രന്‍ പറഞ്ഞു. പുതിയ കവിതകള്‍ക്ക് ഊരില്ലെന്നും പല നാട്ടില്‍ നിന്നാണ് ഇന്ന് കവിതകള്‍ എഴുതുന്നതെന്നും എഴുത്തുകാര്‍ക്ക് നേരനുഭവങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ്റൂര്‍ ഇന്നിന്റെ കവിയാണെന്ന് തനിയ്ക്ക് അഭിപ്രായമില്ലെന്നും ഇന്നലെയുടെ കടലാണ് ആറ്റൂരിന്റെ പിന്നിലെന്നുമാണ് പി.രാമന്‍ അഭിപ്രായപ്പെട്ടത്. ആറ്റൂര്‍ മുന്‍നിര്‍ത്തിയ കാവ്യസംസ്‌കൃതി ഇന്നില്ല.മലയാളത്തിലെ കവിതകള്‍ മുന്‍നിര്‍ത്തുന്നത് ശബ്ദഘോഷമാണെന്നും അത്തരം കവിതകളാണ് മലയാളത്തില്‍ ഏറെ പ്രചാരമുള്ളവയെന്നും പി.പി രാമചന്ദ്രന്‍ പറഞ്ഞു. ആറ്റൂര്‍ കെ.എല്‍.എഫ് പോലെയുള്ള സാഹിത്യോത്സവങ്ങളില്‍ വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കവിതകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

മലയാളത്തിലെ പെസോവയെന്നാണ് ആറ്റൂരിനെ പി.രാമന്‍ വിശേഷിപ്പിച്ചത്. ആറ്റൂരിനെ ഹൃദയത്തിലേറ്റുന്ന മൂന്നോ നാലോ വായനക്കാരേയുള്ളൂ. എങ്കിലും അവര്‍ അത്രത്തോളം ആഴത്തില്‍ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നുണ്ടെന്ന് വിജു നായരങ്ങാടി പറഞ്ഞു.

ചങ്ങമ്പുഴയും എഴുത്തച്ഛനും അയ്യപ്പപ്പണിക്കരും ഒന്നു പോലെയല്ല. ഒന്ന് മറ്റൊന്നിനെ പോലെ ആകാത്തതാണ് മലയാള കവിതയുടെ വൈവിധ്യമെന്നും അതുതന്നെയാണ് മലയാളത്തിന്റെ സൗന്ദര്യവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ്റൂരിന്റെ മേഘരൂപന്‍ എന്ന കവിത മോഡറേറ്റര്‍ വിജു നായരങ്ങാടി ആലപിച്ചു കൊണ്ടാണ് ആറ്റൂര്‍ കവിതയുടെ കാതലിനെ കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിച്ചത്.

Comments are closed.