DCBOOKS
Malayalam News Literature Website

കോവിഡാനന്തരം ‘സാധാരണ ജീവിതം’ എന്നുള്ളതിന്റെ നിർവചനം മാറും; ജുനൈദ് അബൂബക്കര്‍ അബൂബക്കർ എഴുതുന്നു

2019 ഡിസംബറിനു മുൻപ് ക്വാറന്റീൻ ചിക്കൻ പോക്‌സ് കാലത്തെ അടയിരിപ്പായിരുന്നു. വേണമെങ്കിൽ മരുന്നുകഴിച്ചൊതുക്കാം, അല്ലാത്തവർക്ക് കുറച്ചുദിവസം പനിച്ചും ചൊറിഞ്ഞും ഒഴിവാക്കാം. 2020 ആയപ്പോൾ ക്വാറന്റീൻ എന്ന വാക്ക് വല്ലാതെ ഭയം ജനിപ്പിക്കുന്ന ഒന്നായിരിക്കുന്നു. ഒരു സൂക്ഷ്മാണുവിന്റെ കരുത്ത് മനുഷ്യവംശം മുഴുവൻ അറിഞ്ഞുതുടങ്ങിയ സമയം.എന്തുമരുന്നു കൊടുക്കണമെന്നോ, കഴിക്കണമെന്നോ ആർക്കും അറിയാത്ത അവസ്ഥ. ഇത്രയും നാൾ ഊറ്റം കൊണ്ടുനടന്ന മനുഷ്യക്കുമിളകൾ പൊട്ടി.

അടിയന്തരാവസ്ഥയേക്കാളും കഠിനമായി കാര്യങ്ങൾ, 144 പ്രഖ്യാപിക്കാതെ തന്നെ ഒത്തുകൂടലുകൾ ഇല്ലാതായി. മനുഷ്യർ കൂടുതൽ കൂടുതൽ സ്വാർത്ഥരായി.വളരെപെട്ടന്നുതന്നെ ദിനചര്യകൾ മാറി. ആളുകളുടെ ഭീതി തെല്ലൊന്നൊതുങ്ങിയിട്ടുന്നണ്ടങ്കിലും തുടക്കത്തിൽ അതുവളരെ ഭീകരമായിരുന്നു. അടുത്തുനിന്ന് ആരെങ്കിലുമൊന്നു തുമ്മിയാൽ സംശയമായി. കോവിഡാണോ?പൊതുവിൽ അനാഥമായ നിരത്തുകൾ. വീടിനു മുന്നിലെറോഡിൽക്കൂടി മുപ്പതോ നാൽപ്പതോ വാഹനങ്ങൾ കടന്നുപോയിരുന്നതിപ്പോൾ വിരലിലെണ്ണാവുന്നതായി മാറി.

ഭാര്യ, ഫസീല, നഴ്‌സാണ്. ജോലിക്കുപോകാതിരിക്കാൻ പറ്റില്ല. സാധാരണ ജോലികഴിഞ്ഞു വന്നാൽ കുഞ്ഞുങ്ങളോടൊത്ത് കുറേസമയം ചിലവഴിച്ച് സ്‌കൂളിലെ വിശേഷങ്ങളൊക്കെ തിരക്കി, ആശുപത്രിയിലെ വിശേഷങ്ങളൊക്കെ പറഞ്ഞിട്ടാണ് ബാക്കിക്കാര്യങ്ങൾ. എല്ലാം മാറി. ഇപ്പോൾ കുളികഴിഞ്ഞ് മാത്രമേ ഞങ്ങളുടെയടുത്ത് സംസാരിക്കാൻ പോലും വരൂ, ആശുപത്രിയിൽ കൊണ്ടുപോയിട്ടുകൊണ്ടുവരുന്ന ബാഗും, നെയിം പ്ലേറ്റും ഉൾപ്പടെ എല്ലാ വസ്തുക്കളും സാനിറ്റൈസ് ചെയ്തുമാത്രം തിരികെയെടുത്തു വയ്ക്കുന്നു. ആരെങ്കിലും ഒരാൾ കോവിഡ് പൊസിറ്റീവ് ആയാൽ ഏതു മുറിയിൽ ക്വാറന്റയിനിൽ കഴിയണമെന്നും, രണ്ടാൾക്കും അസുഖം വന്നാൽ കുഞ്ഞുങ്ങളെ എന്തുചെയ്യുമെന്നും ഒക്കെ ആധിപിടിക്കാൻ തുടങ്ങി.

മുൻപ് താമസിച്ചിരുന്നിടം ടൌണിനടുത്ത് ആയിരുന്നതിനാൽ വ്യാമത്തിനായുള്ള നടപ്പ് ടൌണിൽക്കൂടിയായിരുന്നു. ഇപ്പോൾ താമസിക്കുന്നതിന്റെ അടുത്ത് ഒരു ഭാഗത്ത് നടപ്പാതയൊരുക്കിയിട്ടുള്ള പൈന്മരക്കാടുണ്ട്, മറുഭാഗത്ത് പോയാൽ മനോഹരമായൊരു തടാകമുണ്ട്. അതിനുചുറ്റും നടക്കാം. പ്രകൃതിയുടെ മനോഹാരിത ടൌണിൽ നിന്നും വെറും പത്തുകിലോമീറ്ററിനുള്ളിൽ. കഴിഞ്ഞ നാലര വർഷം താമസിച്ചിട്ടും ഇങ്ങനെയുള്ള സ്ഥലം ഇത്രയടുത്തു കിടന്നിട്ടും കണ്ടിരുന്നില്ല.കൂടാതെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലവും വീടിന്റെ അരക്കിലോമീറ്റർ ദൂരത്തിൽ ഉണ്ടെന്നുള്ള അറിവും ഈ കൊറോണക്കാലമാണ് തന്നത്. 1921ൽ ഐറിഷ് റിപബ്ലിക്കൻ ആർമി (കഞഅ) ഇൻസ്‌പെക്ടർ ബ്ലേക് ഉൾപ്പടെ നാലുപേരേ വധിച്ച ബാലിടേൺ ആക്രമണം നടന്ന സ്ഥലം. ഈ വിവരം രേഖപ്പെടുത്തിയ ശിലാഫലകം മാത്രം ഇപ്പോളവിടെയുണ്ട്.

വേനലിൽ വെയിൽ അപൂർവ്വമായി ലഭിക്കുന്ന അയർലന്റിൽ ഇപ്പോൾ കുറേ ദിവസങ്ങളായി തെളിഞ്ഞ കാലാവസ്ഥയാണ്. ഐറിഷുകാർ കൂട്ടമായി പുറത്തിറങ്ങേണ്ട സമയം, എന്നാൽ കോവിഡ് എന്ന ദൃഷ്ടിഗോചരമല്ലാത്ത സൂക്ഷ്മജീവി എല്ലാവരേയും അകത്താക്കിയിരിക്കുന്നു. ഒരു ജയിൽ വാർഡനെപ്പോലെ ജനങ്ങളെമുഴുവനും നിരീക്ഷിച്ചുകൊണ്ട് അതിങ്ങനെ പുറത്തുണ്ട്. അതിനാൽ താമസിക്കുന്ന ചുറ്റുവട്ടത്തെ കൂടുതൽ അറിയുന്ന കാലമായി മാറിയിരിക്കുന്നുവിത്. വീടിനു ചുറ്റും എത്രതരം പക്ഷികൾ, ചിത്രശലഭങ്ങൾ, പൂക്കൾ!

കോവിഡിനു മുൻപും ശേഷവുമെന്ന രീതിയിൽ ലോകം തരം തിരിക്കപ്പെടുമെന്ന് ഉറപ്പാണ്. ഇവിടെ െ്രെപവറ്റ് ആശുപത്രികൾ കൂടി പൊതുജനങ്ങളുടെ കോറോണ ചികിത്സക്കായി ഗവണ്മെന്റ് ഉപയോഗിക്കുന്നുണ്ട്. ചിലപ്പോൾ അത് ആരോഗ്യമേഖലയിൽ തന്നെ വലിയ മാറ്റമുണ്ടാക്കാനുതകുന്ന തീരുമാനമായി മാറാൻ സാധ്യതയുണ്ട് (സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഉടക്കുണ്ടാക്കുകയില്ലെങ്കിൽ). തൊഴിൽ നഷ്ടവും, വേതനം വെട്ടിക്കുറക്കലുമുൾപ്പെടുന്ന മറ്റൊരു സത്യവും ജനങ്ങളുടെ മുൻപിലുണ്ട്.ശുചിത്വപരിപാലനം ആളുകൾ കൂടുതൽ കാര്യക്ഷമമായി ഇനി കണക്കാക്കും. ഓൺലൈൻ സംസർഗ്ഗം വർദ്ധിച്ചു. ലോക് ഡൌൺ കാലത്ത് ഇന്റർനെറ്റ് സൌകര്യം വലിയൊരു അനുഗ്രഹം തന്നെയാണ്.നാട്ടിലുള്ള കുടുംബവുമായും, പല രാജ്യങ്ങളിലുള്ള സുഹൃത്തുക്കളുമായും സംസാരിക്കാനും, അവർ സുരക്ഷിതരാണെന്നറിയാനും അതുകൊണ്ട് സാധിച്ചു.സ്വകാര്യസന്തോഷവുമുണ്ട്, പല സാഹിത്യകൂട്ടായ്മകളുമായും വീഡിയോ കോൺഫറൻസ് വഴിചർച്ചകൾ നടത്താനും,പികാറസ്‌ക്യൂ ശൈലിയിൽഒരു റൂറൽ െ്രെകം ഡ്രാമാഴോണറിലുള്ള നോവലെഴുതിത്തീർക്കാനും ഈ സമയം ഉപയുക്തമായി.

ജനങ്ങൾക്കുണ്ടായ മാറ്റം പോലെ പ്രകൃതിയിലും കാര്യമായ മാറ്റങ്ങളുണ്ടായിരിക്കുന്നു. കോവിഡാനന്തരം’സാധാരണ ജീവിതം’ എന്നുള്ളതിന്റെ നിർവചനം തീർച്ചയായും മാറും.

Comments are closed.