DCBOOKS
Malayalam News Literature Website

പശുവും പന്നിയും മനുഷ്യവംശവും

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

പി.എസ്. നവാസ്

വിശുദ്ധിയും അശുദ്ധി കല്‍പ്പിക്കുക എന്നതും ആചാരങ്ങള്‍ക്കൊപ്പം ചലിക്കുന്ന ഒന്നാണ്. ന്യൂറോ സൈക്കോളജിയുടെ കാഴ്ചപ്പാടനുസരിച്ച് ആചാരങ്ങളില്‍ അന്തര്‍ലീനമായ എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തെ സ്വാധീനിക്കുന്ന ഒരു തലമുണ്ട്. പാട്ടുപാടുക അതുമല്ലെങ്കില്‍ നൃത്തം ചെയ്യുക, ഒരു കെട്ടുകഥ അല്ലെങ്കില്‍മിത്തില്‍ വിശ്വസിക്കുക എന്നതെല്ലാം എന്‍ഡോര്‍ഫിനുകളെ കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. ആദ്യകാല ചരിത്രത്തിലെ ആചാരങ്ങള്‍ എന്തുകൊണ്ടാണ് രൂപപ്പെട്ടതെന്ന് സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗങ്ങളുടെ ഈയൊരു മനഃശാസ്ത്രതലത്തില്‍ നിന്നുകൊണ്ട് നമുക്കു വിശകലനം ചെയ്യാനാകും.

പവിത്രപശുക്കള്‍ എന്നുമുതലാണ് ഹിന്ദുവിനെ ഉണര്‍ത്തിത്തുടങ്ങുന്നത്? ചരിത്രത്തിലെ പന്നികള്‍ എന്നുമുതലാണ് ജൂതന്റെയും മുസല്‍മാന്റെയും ഉറക്കംകെടുത്താന്‍ ആരംഭിച്ചത്?പശുവും പന്നിയും മനുഷ്യനും തമ്മില്‍ ആദിമകാലം മുതല്‍ രൂപപ്പെട്ടുവന്ന ജീവികാസമ്പാദന സമവാക്യത്തെ കാലിക രാഷ്ട്രീയത്തില്‍ കുടിയിരുത്തുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കു നല്‍കാവുന്ന വൈജ്ഞാനിക നരവംശശാസ്ത്ര പരിപ്രേക്ഷ്യം രസകരമായിരിക്കും. മെറ്റീരിയല്‍ സിമ്പോളിസത്തിന്റെ (ഭൗതികമായ പ്രതീകാത്മകത) സൂചകങ്ങള്‍ ആചാര അനുഷ്ഠാനങ്ങളായി വിശുദ്ധത കല്‍പ്പിക്കലിലും നിഷിദ്ധമാക്കലിലും പ്രവര്‍ത്തിച്ചു തുടങ്ങുന്നതെങ്ങനെയാണെന്നും സമകാലിക സാമൂഹ്യവ്യവഹാരത്തില്‍ അതിന്റെ സ്വാധീനം എങ്ങനെ സംഭവിക്കുന്നു എന്നും മനസ്സിലാക്കുമ്പോള്‍ ‘കൗഹഗ്ഗും’ പന്നിവര്‍ജ്ജനത്തിന്റെ മനഃശാസ്ത്രവും എങ്ങനെ ഉള്‍ക്കൊള്ളാമെന്ന് വ്യക്തമാകും.

മനുഷ്യന്റെ ബുദ്ധിവികാസത്തിന് വൈജ്ഞാനികരംഗത്തെ ആന്ത്രപ്പോളജിസ്റ്റുകള്‍ അഞ്ചു ഘട്ടങ്ങളാണ് Pachakuthira Digital Editionപൊതുവേ കല്‍പ്പിച്ചു നല്‍കുന്നത്. ഒന്നാമത്തേത് എപ്പിസോഡിക്ക് കാലഘട്ടം. ഉത്തേജനങ്ങളോട് പ്രതികരിക്കുന്ന ഈ ആദ്യഘട്ടത്തിനുശേഷം മൈമറ്റിക് ഘട്ടത്തില്‍ അനുകരണങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. പിന്നീട് സംഭവിക്കുന്ന മിത്തിക്ക് ഘട്ടത്തില്‍ ഭാഷാവികാസം സാധ്യമായതു കാണാം. ആംഗ്യങ്ങള്‍ക്കപ്പുറമുള്ള സംസാരത്തിന്റെ ആദ്യഘട്ടം വികാസം പ്രാപിച്ചത് ഇക്കാലത്താണ്. തുടര്‍ന്നാണ് മെറ്റീരിയല്‍ സിമ്പോളിക് ഘട്ടം വരുന്നത്. എഴുത്തെന്ന ബുദ്ധിവികാസം സാധ്യമാകുന്നത് തിയററ്റിക് ഘട്ടത്തിലാണ്. ആചാരങ്ങളിലെ സങ്കീര്‍ണ്ണതകള്‍ പുതിയതലത്തിലേക്കു പ്രവേശിക്കുന്നതോടെ നിയമങ്ങളുടെ രൂപത്തില്‍ അവ കൈമാറ്റപ്പെടുന്നു.

ആദ്യകാല മതരൂപങ്ങള്‍ നിയതമായ സ്വഭാവത്തോടുകൂടിയവയല്ല. സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങളാണ് അവര്‍ക്കാവശ്യമുണ്ടായിരുന്നത്. മെറ്റീരിയല്‍ സിമ്പോളിക് ഘട്ടമാണ് പശുവിനും പന്നിക്കുമെല്ലാം ആചാരരൂപങ്ങളില്‍ ഇടംകൊടുത്തത്. കാരണം പശുവും പന്നിയുമെല്ലാം ആദ്യകാല ജീവികാസമ്പാദനത്തിന്റെ പ്രതീകങ്ങളായിരുന്നല്ലോ. സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ് ബലിയായി രൂപാന്തരപ്പെടുന്നത്. സ്ഥിരവാസം ആചാരങ്ങളെ സങ്കീര്‍ണ്ണമാക്കിയതോടെ പ്രൊഫഷണല്‍ സ്വഭാവമുള്ള പുരോഹിതന്‍മാരും ആരാധനാലയങ്ങളും രൂപപ്പെട്ടു. നിയതമായ രൂപഭാവങ്ങള്‍ ആചാരങ്ങള്‍ക്കു കൈവന്നു തുടങ്ങുന്നതു തൊട്ട് സാമൂഹികവൃത്തങ്ങളുടെ സ്വഭാവവും മാറിത്തുടങ്ങി. പുതിയ സോഷ്യല്‍ബോണ്ടുകള്‍ ഭരണവര്‍ഗ്ഗത്തിന്റെ ചുമതലകളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഒരു സോഷ്യല്‍ബോണ്ടില്‍ നില്‍ക്കുന്നതിന് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചേ പറ്റൂ. ഭരണാധികാരിയുടെ നിയന്ത്രണത്തില്‍ അതാത് സര്‍ക്കിളുകളുടെ ശക്തിയും വലിപ്പവും കൂടിക്കൂടി വന്നു. കൃഷിയുടെ വ്യാപനമാണ് ഇതിനു മുഖ്യ കാരണമായത്. തങ്ങളുടെ അധികാരം നിലനിര്‍ത്തേണ്ടതും വ്യാപിപ്പിക്കേണ്ടതും പുരോഹിതന്റെയും രാജാവിന്റെയും താത്പര്യമാണെന്നതില്‍നിന്ന് സോഷ്യല്‍ബോണ്ടിന്റെ കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കേണ്ട മതചിഹ്നങ്ങളും ആചാരരീതികളും പിറവിയെടുക്കും. വിശുദ്ധിയും അശുദ്ധിയും തീരുമാനിക്കപ്പെടുന്നത് ഈയൊരവസ്ഥയില്‍നിന്നാണ്.

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.