DCBOOKS
Malayalam News Literature Website

കാര്‍ട്ടൂണുകളിലെ രാഷ്ട്രീയം

പ്രതികരണങ്ങളുടെ രാഷ്രീയത്തിന്റെ വേറിട്ട അടയാപ്പെടുത്തലുകളാണ് കാര്‍ട്ടൂണുകള്‍. കര്‍ട്ടൂണുകളുടെ ചരിത്രവും വര്‍ത്തമാനവും പറയുന്ന ‘രാഷ്ട്രീയചരിത്രം കര്‍ട്ടൂണുകളിലൂടെ’ എന്ന സെഷന്‍ കേരള സാഹിത്യോത്സവം 2020 ന്റെ വേദി സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ ഒരേയൊരു ആക്ഷേപഹാസ്യ പ്രവര്‍ത്തകന്‍ എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിശേഷിപ്പിച്ച സുധീര്‍നാഥ്, ഐ എ എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എ പി എം മുഹമ്മദ് ഹനീഷ് എന്നിവര്‍ സംസാരിച്ച സെഷന്‍ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ബൈജു രാജ് നിയന്ത്രിച്ചു.
ഇന്ത്യയിലും പാശ്ചാത്യ ലോകത്തും പുറത്തു വന്ന പ്രധാന കര്‍ട്ടൂണുകളിലൂടെ കടന്നുപോയികൊണ്ട് സുധീര്‍ നാഥ് കര്‍ട്ടൂണിന്റെ ചരിത്രം പങ്കുവച്ചു. വിദൂഷകന്‍ എന്ന മാസികയില്‍ 1919 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘മഹാക്ഷാമദേവത’യാണ് കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കാര്‍ട്ടൂണ്‍ എന്നും കര്‍ട്ടൂണ്‍ രചന 100 വര്‍ഷം പിന്നിടുന്ന ഈ കാലയളവിലും ആ കാര്‍ട്ടൂണ്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ഗാത്മകതയ്‌ക്കൊപ്പം ക്ഷുദ്രാത്മകതകൂടി കാര്‍ട്ടൂണിന് ആവശ്യമാണ് എന്ന് ഉന്നയിച്ച മുഹമ്മദ് ഹനീഷ് എഴുത്തുകാരന്റെ രാഷ്ട്രീയം കര്‍ട്ടൂണുകളില്‍ കടന്നുവരാം എങ്കിലും പരിധിയില്‍ കവിയുന്ന രാഷ്ട്രീയം അതിന്റെ മൂല്യചുതിയ്ക്ക് കാരണമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ മാധ്യമങ്ങളിലെ കാര്‍ട്ടൂണുകള്‍ ശക്തമാണ് എങ്കിലും എന്തും എഴുതാനുള്ള സ്വാതന്ത്ര്യം അതിരുകടക്കപ്പെടുന്നുവോ എന്ന ഭയം അവര്‍ പങ്കുവച്ചു. കാര്‍ട്ടൂണുകള്‍ ഓരോ കാലഘട്ടത്തിന്റെയും പ്രശ്‌നങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു. പക്ഷെ ഇന്നത്തെ കാലഘട്ടം എല്ലാത്തരത്തിലുള്ള കലാകാരന്മാരെയും ഭയത്തിലൂടെയാണ് നയിക്കുന്നത് എന്നും അവയെ തകര്‍ത്തുകൊണ്ട് തെരുവുകളില്‍ കാര്‍ട്ടൂണുകള്‍ തീര്‍ക്കുന്ന പ്രതിഷേധത്തിന്റെ കാലം കടന്നുവരാനിരിക്കുന്നു എന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം അടയാളപ്പെടുത്തുന്നതിലും രൂപപ്പെടുത്തുന്നതിലും കാര്‍ട്ടൂണുകള്‍ക്കുള്ള പങ്ക് വലുതാണ്. കാര്‍ട്ടൂണുകളിലൂടെ ഒരു നാടിന്റെ ചരിത്രം പറഞ്ഞു വച്ച സെഷനെ നിറഞ്ഞ കയ്യടികളിലൂടെ ആസ്വാദകര്‍ വരവേറ്റു.

Comments are closed.