മുഖമില്ലാത്ത പ്രൊഫൈലുകളെ ഭയക്കേണ്ടതുണ്ടോ?
മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’ എന്ന നോവലിന് ഹേമലത വിശ്വംഭരന്‍ എഴുതിയ വായനാനുഭവം
മുഖമില്ലാത്ത പ്രൊഫൈലുകളെയല്ല ഭയക്കേണ്ടത്. പാത്തും പതുങ്ങിയും നോക്കിയിരുന്നു കൃത്യമായ പദ്ധതിയോടെ തക്കം കിട്ടുമ്പോൾ കെണിയിൽപ്പെടുത്താൻ കാത്തിരിക്കുന്ന മുഖമൂടി ധരിച്ച പ്രൊഫൈലുകളെയാണ് ഭയക്കേണ്ടത്.
മായാ കിരണിന്റെ ആദ്യ നോവൽ “ഞാൻ വൈദേഹി” എന്ന മാന്ത്രിക നോവലിൽനിന്നു തികച്ചു വ്യത്യസ്തമാണ് “ദി ബ്രെയിൻ ഗെയിം’ എന്ന കുറ്റാന്വേഷണ ഫിക്ഷന്റെ പ്രമേയം. വായനക്കാരെ നോവലിന്റെ വായനാന്ത്യംവരെ ത്രസിപ്പിക്കുന്ന ഉദ്വേഗത്തിലൂടെ കൈപിടിച്ചുകൂടെ കൊണ്ടുപോകുന്നൊരു രചനാശൈലി.
പൊതുവെ കുറ്റാന്വേഷണ കഥകളോട് ഒരകലം പാലിക്കുന്ന എനിക്ക് “ദി ബ്രെയിൻ ഗെയിം” കൈയിൽ കിട്ടിയ നിമിഷംമുതൽ സ്വാഭാവികമായും കൂട്ടുകാരിയെന്ന നിലയിൽ വായിക്കാൻ തോന്നിയെങ്കിലും വായന തുടങ്ങിയതുമുതൽ കഥയിലേയ്ക്ക് ഒരു ചുഴിപോലെ ആഴിന്നിറങ്ങാൻവിധം ഗംഭീരമാണ് ഈ നോവൽ.
“ദി ബ്രെയിൻ ഗെയിം” എന്ന കുറ്റാന്വേഷണ നോവലിലൂടെ മായാ കിരൺ തുറന്നു കാണിക്കുന്നത് വളരെ ആസൂത്രിതമായി പദ്ധതിയിട്ട് ക്രൈം നടത്തുന്ന ഫേസ്ബുക്ക് പ്രൊഫൈൽകളെക്കുറിച്ചാണ്: മുഖമൂടിയണിഞ്ഞ ഓരോ സോഷ്യൽ മീഡിയ പ്രൊഫൈലും വെറുതെ ഫ്രണ്ട് ലിസ്റ്റിൽ വന്നുപെടുന്നതല്ല, കൃത്യമായ ലക്ഷ്യം ഉന്നം വെച്ചുകൊണ്ടുതന്നെ ഇരയെ സസൂക്ഷ്മമം നിരീക്ഷിക്കുന്ന ഇത്തരം ഫേക്കുകളെ ഭയക്കേണ്ടതുണ്ട്, ജാഗ്രത പാലിക്കേണ്ടതുണ്ട്. അടുത്തടുത്ത് സംഭവിക്കുന്ന കൊലപാതക പരമ്പരകളുടെ ഉദ്ദേശവും അതു നടപ്പിലാക്കാൻ ഫേസ്ബുക്ക് പ്രൊഫൈലിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും വായിച്ചു പോകുമ്പോൾ നല്ലൊരു ബുദ്ധിവ്യായാമം വായനക്കാരനു ലഭിക്കുന്നു.
കൊലപാതക പരമ്പരകളുടെ കഥ പറയുന്ന ഈ നോവലിലെ ഓരോ താള് മറിക്കുംതോറും അടുത്തതാളിൽ എന്തെങ്കിലും ക്ലൂ കാണും എന്ന് ആകാംഷ കൂടിവരുന്നു. സോഷ്യൽ മീഡിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ ക്രൈം നടപ്പിലാക്കുന്നു എന്നും അതേ പ്ലാറ്റഫോമിലൂടെതന്നെ കൊലപാതകത്തിന്റെ ചുരുൾ തേടിപ്പോയി കുറ്റവാളിയെ കണ്ടെത്താം എന്നും വിവരിച്ചുകൊണ്ട് വിവര ടെക്നോളജിയുടെ അനന്ത സാദ്ധ്യതകളെ
ഓർമപ്പെടുത്തുന്നുണ്ട് നോവൽ. ഈ വാചകം ഇവിടെയിരിക്കട്ടെ: “No two zebras have identical stripes.”
Comments are closed.