നാമറിയാതെ നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ആരൊക്കെ വന്നു പോകുന്നു?
മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’ എന്ന നോവലിന് ചിത്ര ശിവന്‍ എഴുതിയ വായനാനുഭവം
‘മനസ്സാണ് ആദ്യത്തെ വിധാതാവ്, അതില്‍ ആദ്യം തോന്നുന്ന തോന്നല്‍ ഉപബോധമനസ്സിന്റെ മുന്നറിയിപ്പാണ്, അതിനെ പിന്തുടരണം ‘
മരണമെപ്പോഴും ക്ഷണിച്ചുവരുത്താന്‍ കഴിയാത്ത അതിഥിയാണ്. എന്നാലോ ഓര്‍ക്കാപുറത്തു വന്നു കയറുകയും ചെയ്‌തേക്കാം അതുകൊണ്ടു തന്നെ ഓരോ നിമിഷത്തിലും ഒരു യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു കൊണ്ട് ജീവിക്കുന്നതാണ് ഉത്തമം …
ഈ പുസ്തകത്തിലെ എനിക്കിഷ്ടപ്പെട്ട രണ്ടു വാചകങ്ങള്‍ …
ഒരു ടെക്‌നോ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ജോണേറില്‍ വരുന്ന ഈ പുസ്തകം ഒറ്റ ദിവസം കൊണ്ട് വായിച്ചു തീര്‍ക്കാനുള്ള ആവേശത്തോടെയാണ് വായന തുടങ്ങിയത് എങ്കിലും വായിച്ചു തീര്‍ക്കാന്‍ മനഃപൂര്‍വം തന്നെ കുറച്ചു ദിവസം എടുത്തു .. അത് എന്തിനാണ് എന്നല്ലേ? പുസ്തകത്തിലെ അക്ഷരങ്ങള്‍ക്കും മുന്നേ നടന്ന്, C I ഹര്‍ഷവര്‍ധനും മുമ്പേ കൊലപാതകി ആരായിരിക്കും എന്നറിയാന്‍ എന്നിലെ ഇന്‍വെസ്റ്റിഗെറ്റിംങ് ഓഫീസര്‍ ക്കു തോന്നിയ ഒരു ക്യൂരിയോസിറ്റി …
പോലീസില്‍ തന്നെയുള്ള ആളാണെന്ന് ഊഹിച്ചെങ്കിലും, ആദ്യ അധ്യായങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു കഥാപാത്രവുമായി (പേര് വെളിപ്പെടുത്തുന്നില്ല) കണക്ടഡ് ആണെന്ന് തോന്നിയെങ്കിലും കൊലപാതകി പിടി തന്നില്ല .. കഥയിലെ സസ്‌പെന്‍സ് പോലെ തന്നെ..
നാമറിയാതെ നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ആരൊക്കെ വന്നു പോകുന്നുണ്ടെന്ന് നാമറിയുന്നുണ്ടോ ?
അതുപോലെ നാമുപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ് എന്ന് നമുക്കറിയാമെങ്കിലും എത്രത്തോളം സോഷ്യല്‍ മീഡിയ അക്കൗണ്ട് യൂസ് ചെയ്യുമ്പോള്‍ നാം വിജിലന്റ് ആണ് എന്ന് ചിന്തിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ബ്രെയിന്‍ ഗെയിം ..
ഈ നോവലില്‍ പറഞ്ഞു പോകുന്ന മറ്റൊരു നോവല്‍ .. കൊല്ലപ്പെട്ട ഗൗരവ് എഴുതിയ നോവല്‍.. ആ നോവലില്‍ നിന്നും കിട്ടുന്ന ക്ലൂ, അതാണ് കൊലപാതകിയിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നത് . മിസ്റ്ററിയും ടെക്‌നോളജി എലെമെന്റ്‌സും ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ നോവലില്‍ സോഷ്യല്‍ മീഡിയ യുടെ, ഡാറ്റയുടെ ദുരുപയോഗം എല്ലാം പറഞ്ഞു വെക്കുന്നുണ്ട്.
ക്രൈം ഫിക്ഷന്‍ എഴുത്തുകാരനായ ഗൗരവിന്റെയും അഡ്വ.അനന്തനുണ്ണിയുടെയും മരണങ്ങള്‍ തമ്മിലുള്ളത് പന്ത്രണ്ടു ദിവസങ്ങളുടെ ദൂരം. ഒന്ന് ഒരു അപകട മരണമായി അറിയപ്പെട്ടപ്പോള്‍ അടുത്തത് ആത്മഹത്യയായി തോന്നിപ്പിച്ചു . പക്ഷെ രണ്ടു മരണങ്ങള്‍ക്കും ഇടയ്ക്കു ഒരു ഫേസ്ബുക് പ്രൊഫൈലും അതിലെ ആദരാഞ്ജലി പോസ്റ്റും ഉണ്ടായിരുന്നു . അതും കൃത്യം അവര്‍ മരിക്കുന്നതിന്റെ അതെ സമയം പോസ്റ്റ് ചെയ്യപ്പെട്ടത്. പെര്‍ഫെക്റ്റ് ക്രൈം എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹര്‍ഷവര്‍ധന്‍ അടയാളപ്പെടുത്തിയ കൊലപാതകങ്ങള്‍ എങ്ങനെയാണ് മരണ പെട്ടവര്‍ക്ക് ചുറ്റുമുള്ള ലോകത്തെ മാറ്റി മറിക്കാന്‍ പോകുന്നത്?
മായാ കിരണ്‍ എഴുതിയ ദി ബ്രെയിന്‍ ഗെയിം എന്ന നോവല്‍ അക്ഷരാര്‍ത്ഥത്തില്‍ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയല്‍ കില്ലിംഗ് സ്റ്റോറി ആണ് അന്ന് അവതാരികയില്‍ ശ്രീ പാര്‍വതി പറഞ്ഞിട്ടുള്ളത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് ..
24 -12 -2020
6 .30 am
‘Even the Devil was once an Angel …
‘ഇരുട്ട് പടര്‍ന്ന ആ മുറിയില്‍ ആ ശബ്ദം പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു .
ഒപ്പം ഒരു ഹാമറിന്റെ ശബ്ദവും . ആ മുറിയുടെ ജനാലയോട് ചേര്‍ന്നു പുറം തിരിഞ്ഞൊരാള്‍ .
അതെ , അയാളാണ് ആ വാചകം പറയുന്നത്, നല്ല ഉയരവും അതിനൊത്ത വണ്ണവും തോന്നുന്ന ഒരാളാണ് അത് .
പക്ഷെ ആ ശബ്ദം , അത് താനെവിടെയോ കേട്ടിട്ടുണ്ടല്ലോ ? ഓര്‍ത്തെടുക്കാനാവാത്തത്ര മരവിപ്പ് ബാധിച്ചിരിക്കുന്നുവോ തന്റെ ചിന്തകള്‍ക്ക് ? വളരെ പരിചിതമായ ശബ്ദം .
‘ Be afraid be very afraid ‘ അയാള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ് .
‘ഒരു പക്ഷെ തന്നോടാണോ അയാളിത് പറയുന്നത്? അറിയില്ല.
അടുത്തേക്ക് പോവണമെന്നുണ്ട്. പക്ഷെ കാലുകള്‍ ചലിക്കുന്നില്ല . മരവിച്ചു കിടക്കുകയാണോ താന്‍? ഭാരമുള്ള എന്തോ ഒന്ന്‌കൊണ്ട് തലക്കടിക്കുന്ന പോലെ വേദനിക്കുന്നുണ്ട്. കണ്ണുകളില്‍ നനവുള്ള എന്തോ വന്നടിയുന്നുണ്ട് ‘.
‘മഴ പെയ്യുന്നുണ്ടോ? പക്ഷെ, ഈ മുറിയില്‍ എങ്ങനെ പെയ്യാനാണ് ?’ പെട്ടെന്നാണ് ജനാലക്കരികില്‍ ഇരുന്നയാള്‍ തിരിഞ്ഞു നോക്കിയത്. അയാള്‍ കാണരുതെന്ന് കരുതി വാതില്‍ പാളിയിലേക്കു മറയണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല, അതെ! അയാള്‍ കണ്ടു കഴിഞ്ഞു.
ആ അരണ്ട വെളിച്ചത്തിലും തെളിഞ്ഞ അയാളുടെ ആ മുഖം, അത് തനിക്കറിയാം. പക്ഷെ, പക്ഷെ ഓര്മ കിട്ടുന്നില്ല. പെട്ടെന്നാണ് അയാളുടെ കൈകള്‍ താങ്ങി പിടിച്ചിരിക്കുന്ന ആ മനുഷ്യരൂപം കണ്ണിലുടക്കിയത്, തലയോട്ടി പൊട്ടിപ്പൊളിഞ്ഞു ചോര ഇറ്റുന്ന ആ സ്ത്രീരൂപത്തിന് കഴുത്തിന് താഴേക്ക് പക്ഷെ ഒരു പോറല്‍ പോലും ഏറ്റിരുന്നില്ലെന്ന് ആ അരണ്ട വെളിച്ചത്തിലും വ്യക്തമായിരുന്നു. അയാള്‍ മെല്ലെ ചരിഞ്ഞു പ്രകാശത്തിനു അഭിമുഖമായി വന്നു, ആ വെളിച്ചത്തില്‍ അയാളുടെ മുഖവും കയ്യില്‍ അയാള്‍ താങ്ങി എടുത്തിരിക്കുന്ന ആ സ്ത്രീ രൂപത്തെയും ചോരയിറ്റുന്ന അയാളുടെ കൈകളും വ്യക്തമായി കാണാം. മഞ്ഞയില്‍ നീല നിറത്തിലുള്ള പൂക്കള്‍ വിതറിയ കുര്‍ത്ത, നീല പലാസോ പാന്റുമാണ് ആ സ്ത്രീയുടെ വേഷം.
‘അത് പക്ഷെ.’ ഒരു പിടച്ചിലോടെ അവള്‍ മെല്ലെ തന്റെ വസ്ത്രത്തില്‍ തെരുപ്പിടിപ്പിച്ചു. താനും ധരിച്ചിരിക്കുന്നത് അതെ വേഷമാണെന്നും കണ്ണുകളിലേക്കടിയുന്നതു തന്റെ തന്നെ ചോരയാണെന്നും ബോധം മുഴുവനായും മറയും മുന്നെയവള്‍ തിരിച്ചറിഞ്ഞു .
ബ്രെയിന്‍ ഗേമിലെ ആദ്യ അദ്ധ്യായത്തിലെ ഇത്രയും വായിച്ച നിങ്ങള്‍ക്ക് എങ്ങനെ ഈ നോവല്‍ വായിക്കാതിരിക്കാനാവും …
വായിക്കുക … ഈ ഗെയിം തീര്‍ച്ചയായും നിങ്ങള്‍ക്കിഷ്ടപെടും…
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
For more Offers Visit : HeyLink.me | D C Books
Comments are closed.