ഓരോ അധ്യായവും വായിച്ചുതീരുമ്പോൾ അടുത്തത് വായിക്കുവാനുള്ള ജിജ്ഞാസ മനസ്സിൽ കൂടിക്കൂടി വന്നു!
മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’ എന്ന നോവലിന് പി.വി. രാധാകൃഷ്ണ പിള്ള എഴുതിയ വായനാനുഭവം
കുട്ടിക്കാലത്ത് എന്നെ വായനയിലേക്കു ആകർഷിച്ചതിൽ ദുർഗ്ഗപ്രസാദ് ഖത്രി എന്ന കുറ്റാന്വേഷണ നോവലിസ്റ്റിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ മൃത്യുകിരണങ്ങൾ, ചെമന്ന കൈപ്പത്തി എന്നീ ഉദ്വേഗജനകമായ അപസർപ്പക നോവലുകൾ ( മലയാളം പരിഭാഷ) മാവേലിക്കര മുനിസിപ്പൽ ലൈബ്രറിയിൽ ഏറ്റവും ഡിമാന്റുള്ള പുസ്തകങ്ങളായിരുന്നു. എന്നെപ്പോലെ എത്രയോ പേർ ഈ പുസ്തക ങ്ങൾ ലഭിക്കാൻ ലൈബ്രറിയിൽ പേര് റിസർവ് ചെയ്‌തു കാത്തിരുന്നിട്ടുണ്ട്.പലരും പല തവണ ഉപയോഗിച്ചു മുഷിഞ്ഞ പേജുകൾ വീണ്ടും ബൈൻഡ് ചെയ്‌തു സൂക്ഷിക്കുക അന്ന് ലൈബ്രെറിയന്റെ പ്രധാന പണിയായിരുന്നു. എന്നെപ്പോലെ എത്രയോ ചെറുപ്പക്കാരെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചിരുന്നത് പലപ്പോഴും ഇത്തരത്തിലുള്ള ഡിറ്റക്റ്റീവ് നോവലുകളായിരുന്നു. എന്നാൽ അതിന്റെ വാലുപിടിച്ചു കോട്ടയം പുഷ്പനാഥ്, ബാറ്റൻ ബോസ് തുടങ്ങിയവർ “മ”പ്രസിദ്ധീകരണങ്ങ ളിൽ എഴുതിയിരുന്ന അപസർപ്പകനോവലുകൾ എന്നെ ഒട്ടും ആകർഷിച്ചിട്ടില്ല. പിന്നീട് ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയപ്പോൾ ആർതർ ഹൈലി, ഇർവ്വിങ് വാലസ്, ഫ്രഡറിക് ഫോർസി ത്ത്,ജെഫ്‌റി ആർച്ചർ തുടങ്ങിയ പുതിയ എഴുത്തുകാരുടെ ഉദ്വേഗജനകങ്ങളായ നോവലുകളിലായി എന്റെ കമ്പം. പക്ഷെ തിരക്കുകൊണ്ടോ അലസതകൊണ്ടോ പ്രായം കൂടി യതുകൊണ്ടോ അത്തരം പുസ്തകങ്ങളൊന്നും ഈയിടെയായി ഞാൻ വായിക്കാറില്ല.
ബഹ്‌റിനിലെ യുവ എഴുത്തുകാരി മായാ കിരൺ എഴുതിയ ,”ദി ബ്രെയിൻ ഗെയിം”എന്നെ അക്ഷരാർത്ഥത്തിൽ മുൻ വിവരിച്ച എന്റെ ഫേവറൈറ്റ് എഴുത്തുകാരിലേക്കു കൂട്ടിക്കൊണ്ടു പോയി. ഇത്ര സസ്പെൻസ് നിറച്ച ഒരു നോവൽ ഞാൻ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. ഫിക്ഷൻ എഴുത്തുകാരുടെ എല്ലാ ചേരുവകളും മായാ കിരൺ എന്ന എഴുത്തുകാരിയിലുണ്ട്. ഓരോ അധ്യായവും വായിച്ചുതീരുമ്പോൾ അടുത്തത് വായിക്കുവാനുള്ള ജിജ്ഞാസ മനസ്സിൽ കൂടിക്കൂടി വന്നു.
സാങ്കേതികമായ മികച്ച അറിവ്, നല്ല ഗവേഷണം, ഭംഗിയായ ഭാഷ, കഥ പറയുവാനുള്ള അസാധാരണമായ കഴിവ്, വായനക്കാരനിൽ ഉദ്വേഗം വളർത്തുവാനുതകുന്ന ചില ചെപ്പടി വിദ്യകൾ – മലയാളത്തിൽ ഈ ശ്രേണിയിൽപ്പെട്ട കഥാകൃത്തുക്കളുടെ മുൻനിരയിൽ ഈ ഒരൊറ്റ കൃതിയിലൂടെ മായ എത്തപ്പെട്ടു. ഒരു സംശയവുമില്ല, മലയാളത്തിലെ ഈ വർഷത്തെ ഒരു ബെസ്റ്റ് സെല്ലർ തന്നെയാവും ഈ കൃതി. മുഖ്യധാരാ എഴുത്തുകാരുടെ നിരയിൽ മായാ കിരൺ എത്തുന്ന കാലം വിദൂരമല്ല.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.