ബൈബിളും സ്ത്രീവാദവും: വി വിജയകുമാര്‍
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തെ സ്ത്രീകളുടെ ചരിത്രമായി കൂടി പുനര്‍നിര്‍മ്മിക്കാനാണ് ഷൂസ്‌ലര്‍ ഫിയോറെന്‍സ ശ്രമിക്കുന്നത്. ഇതിന്നായി സ്ത്രീകളുടെ കഥകള്‍ ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തിലേക്ക് പുനഃസ്ഥാപിക്കുന്നു. ആദിമ ക്രൈസ്തവതയുടെ തുടക്കത്തിലെ സ്ത്രീകളുടെ കഥകളും ചരിത്രവും സുവിശേഷപ്രഘോഷണത്തിന്റെ അവിഭാജ്യഘടകങ്ങളായി സങ്കല്‍പ്പിക്കപ്പെടാത്തിടത്തോളം പുരുഷന്മാര്‍ രൂപപ്പെടുത്തുകയും ക്രോഡീകരിക്കുകയും ചെയ്ത ബൈബിള്‍ ഗ്രന്ഥങ്ങളും അതിന്റെ പാരമ്പര്യങ്ങളും സ്ത്രീകളെ അടിച്ചമര്‍ത്തുന്നവയായി തുടരുമെന്നു പറയാന്‍ ഷൂസ്ലര്‍ ഫിയോറെന്‍സ കരുത്തു കാണിച്ചു.
ഫെമിനിസ്റ്റ് ദൈവശാസ്ത്രവ്യവഹാരങ്ങളുടെ പശ്ചാത്തലത്തിലാണ് കൈറിയാര്‍ക്കി (Kyriarchy) എന്ന പരികല്‍പ്പന എലിസബത്ത് ഷൂസ്ലര്‍
ഫിയോറെന്‍സ വികസിപ്പിച്ചെടുക്കുന്നത്. ഗ്രീക്ക് പദങ്ങളായ Kyrios (lord /master), árcho (rule/ govern) എന്നിവയില്‍ നിന്നും ഉരുത്തിരിഞ്ഞപരികല്‍പ്പനയാണിത്. പുരുഷാധിപത്യത്തിന്റെ സങ്കീര്‍ണ്ണമായ ഘടനയെ വിവൃതമാക്കുന്നതിനും ലിംഗവിവേചനത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും രാഷ്ട്രീയമാട്രിക്‌സിനെ കണ്ടെത്തുന്നതിനും ഉപയോഗിക്കാവുന്ന വാക്കായിട്ടാണ് ഷൂസ്ലര്‍ ഫിയോറെന്‍സ ഇതിനെ ഭാവന ചെയ്തത്. അവര്‍ രചിച്ച In Memory of Her ബൈബിളിന്റെ ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്നുണ്ട്. ഇവിടെ, സ്ത്രീകളുടെ വീക്ഷണകോണില്‍ നിന്ന് ആദ്യകാല ക്രൈസ്തവതയുടെ ചരിത്രത്തിന്റെ പുനര്‍നിര്‍മ്മാണമാണ് ഷൂസ്ലര്‍ ഫിയോറെന്‍സ ലക്ഷ്യമാക്കിയത്. ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വിമര്‍ശനാത്മക സിദ്ധാന്തത്തിന്റെയും ഉപകരണങ്ങളും സ്ത്രീവിമോചനപ്രസ്ഥാനത്തിന്റെ ദര്‍ശനവും ഇതിന്നായി അവര്‍ ഉപയോഗിക്കുന്നു. ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തെ സ്ത്രീകളുടെ ചരിത്രമായി കൂടി പുനര്‍നിര്‍മ്മിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന്നായി സ്ത്രീകളുടെ കഥകള്‍ ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തിലേക്ക് പുനഃസ്ഥാപിക്കുന്നു. ആദിമ ക്രൈസ്തവതയുടെ തുടക്കത്തിലെ സ്ത്രീകളുടെ കഥകളും ചരിത്രവും സുവിശേഷപ്രഘോഷണത്തിന്റെ അവിഭാജ്യഘടകങ്ങളായി സങ്കല്‍പ്പിക്കപ്പെടാത്തിടത്തോളം പുരുഷന്മാര്‍ രൂപപ്പെടുത്തുകയും ക്രോഡീകരിക്കുകയും ചെയ്ത ബൈബിള്‍ ഗ്രന്ഥങ്ങളും അതിന്റെ പാരമ്പര്യങ്ങളും സ്ത്രീകളെ അടിച്ചമര്‍ത്തുന്നവയായി തുടരുമെന്നു പറയാന്‍ ഷൂസ്ലര്‍ ഫിയോറെന്‍സ കരുത്തുകാണിച്ചു.
മര്‍ക്കോസിന്റെ സുവിശേഷവിവരണങ്ങളില്‍ മൂന്ന് ശിഷ്യരാണ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ഒരുവശത്ത്, പന്ത്രണ്ടുപേരിലെ രണ്ടുപേരും-യേശുവിനെ ഒറ്റിക്കൊടുക്കുന്ന യൂദാസും അവനെ തള്ളിപ്പറയുന്ന പത്രോസും – മറുവശത്ത്, യേശുവിനെ അഭിഷേകം ചെയ്യുന്ന പേര് വെളിപ്പെടുത്താത്ത സ്ത്രീയും. ഇക്കാര്യത്തെ എഴുതിക്കൊണ്ടാണ് ഷൂസ്ലര്‍ ഫിയോറെന്‍സയുടെ പുസ്തകം ആരംഭിക്കുന്നത്. യൂദാസിന്റെയും പത്രോസിന്റെയും കഥകള്‍ ക്രിസ്ത്യാനികളുടെ ഓര്‍മ്മയില്‍ കൊത്തിവെക്കപ്പെട്ടിരിക്കുന്നു, സ്ത്രീയുടെ കഥ മിക്കവാറും മറന്നുപോയി. ഒറ്റിക്കൊടുക്കുന്നവന്റെ പേര് ഓര്‍മ്മിക്കപ്പെടുന്നു, എന്നാല്‍ വിശ്വസ്തയായ ശിഷ്യയുടെ പേര് അവള്‍ ഒരു സ്ത്രീയായതു കൊണ്ടു മാത്രം മറന്നുപോകുന്നു. ‘ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും’ എന്ന യേശുനാഥന്റെ ദൃഢമായ പ്രഖ്യാപനം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ കാണാമെങ്കിലും അവളുടെ പ്രവാചകസദൃശമായ പ്രവര്‍ത്തനം ക്രൈസ്തവ സുവിശേഷവിജ്ഞാനത്തിന്റെ ഭാഗമായില്ലെന്ന് ഷൂസ്ലര്‍ ഫിയോറെന്‍സ എഴുതുന്നു. ലൂക്കിന്റെ സുവിശേഷത്തില്‍ ഈ സ്ത്രീയുടെ നാമം ബെഥനിയിലെ മേരിയെന്നു തിരിച്ചറിയുന്നുണ്ടെങ്കിലും ശിഷ്യയായ സ്ത്രീ എന്ന നിലയില്‍ നിന്നും അവളെ പാപിനിയെന്ന നിലയിലേക്കു മാറ്റുന്നു. ഇവിടെ തമസ്‌കരണമുണ്ട്. വികലീകരണമുണ്ട്. തര്‍ക്കമേതുമില്ലാതെ കൈറിയാര്‍ക്കി പ്രവര്‍ത്തിക്കുന്നവെന്നു പറയാം. ഈ അനീതിക്കെതിരെ, ബൈബിളിലെ സ്ത്രീകളുടെ കഥകള്‍ ക്രിസ്ത്യന്‍ ചരിത്രത്തിലേക്കു പുന:സ്ഥാപിക്കുന്ന വലിയൊരു
പ്രവര്‍ത്തനം In Memory of Her ഏറ്റെടുക്കുന്നുണ്ട്.
പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.