വിഖ്യാത ചരിത്രകാരന്മാരുടെ സംഗമവേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
കോഴിക്കോട്: വിശ്വവിഖ്യാത ചരിത്രകാരന്മാരുടെ സംഗമവേദിയാകാന്‍ ഒരുങ്ങുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ലോകം ആദരിക്കുന്ന ചരിത്രപണ്ഡിതരും പ്രഭാഷകരും എഴുത്തുകാരും ഈ സാഹിത്യോത്സവത്തില്‍ സജീവപങ്കാളികളാകുന്നു. പ്രശസ്ത ചരിത്രകാരന്മാരായ രാമചന്ദ്രഗുഹ, വില്യം ഡാര്‍ലിംപിള്‍, കേശവന്‍ വെളുത്താട്ട്, പ്രൊഫ. ജി. അരുണിമ, പ്രൊഫ. എ.ആര്‍. വെങ്കടാചലപതി, മനു എസ്.പിള്ള, പാര്‍വ്വതി ശര്‍മ്മ, വിക്രം സമ്പത്ത്, വൈഭവ് പുരന്ദരേ എന്നിവരാണ് കെ.എല്‍.എഫ് വേദിയില്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കാനായി എത്തുന്നത്. ഇന്ത്യയിലെ യുവചരിത്രകാരന്മാര്‍ മുഖാമുഖം പങ്കെടുക്കുന്ന സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. സാഹിത്യം, ശാസ്ത്രം, ചരിത്രം, കല, തത്ത്വചിന്ത, സ്‌പോര്‍ട്‌സ്, സാമ്പത്തികം, പരിസ്ഥിതി, രാഷ്ട്രീയം തുടങ്ങി വൈവിധ്യമാര്‍ന്ന വിവിധ വിഷയങ്ങള്‍ വേദിയില്‍ ചര്‍ച്ചയില്‍ ഇടംനേടുന്നു. വിവിധ രാജ്യങ്ങളില്‍നിന്നും വിവിധ ഭാഷകളില്‍നിന്നും അഞ്ഞൂറിലധികം വിശിഷ്ടാതിഥികളാണ് കെ.എല്‍.എഫ് വേദിയില്‍ സംവാദത്തിനെത്തുക.
സ്‌പെയ്‌നാണ് ഇത്തവണത്തെ അതിഥി രാജ്യം. സ്‌പെയിനില്‍നിന്നുള്ള നിരവധി കലാ-സാംസ്‌കാരികസാഹിത്യ പ്രവര്‍ത്തകര്‍ കെ.എല്‍.എഫില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്പാനിഷ് സാഹിത്യവും സംസ്‌കാരവും അടുത്തറിയുന്നതിനും എഴുത്തുകാരുമായി സംസാരിക്കാനും ചര്‍ച്ച നടത്തുന്നതിനുമുള്ള അവസരം സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. തമിഴ് സാഹിത്യമാണ് ഇത്തവണ ‘ലിറ്ററേച്ചര്‍ ഇന്‍ ഫോക്കസ്’. നിരവധി തമിഴ് എഴുത്തുകാര്‍ ഇത്തവണത്തെ സാഹിത്യോത്സവത്തില്‍ സജീവപങ്കാളികളാകും. മലയാളത്തില്‍നിന്നും മറ്റുഭാഷകള്‍ക്കും പുറമേ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഈജിപ്റ്റ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്ത ചിന്തകരും എഴുത്തുകാരും കെ.എല്‍.എഫ് വേദിയില്‍ എത്തുന്നുണ്ട്.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.