ആണ്‍കുട്ടിയും അവന്റെ ആനക്കുട്ടിയും
ജനുവരി ലക്കം പച്ചക്കുതിരയില്‍
സോണിയ റഫീക്ക്
ഒരു അഭിനേതാവ് തന്റെ കഥാപാത്രത്തെ വേദിയില്‍ പരമാവധി അഭിനയമികവോടെ അവതരിപ്പിക്കുന്നതുപോലെ ഒരു വിവര്‍ത്തക തന്റെ മുന്നിലെ കൃതിയെ തന്നാലാവും വിധം നടിച്ചു ഫലിപ്പിക്കുകയാണു ചെയ്യുന്നത്. അങ്ങനെ നോക്കിയാല്‍ വിവര്‍ത്തനം ഒരു രംഗകലയാണ് എന്നുതന്നെ പറയേണ്ടിവരും. മറ്റൊരു ദേശത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന കുറെയേറെ കഥാപാത്രങ്ങള്‍ ആ ദേശമോ കാലമോ കണ്ടിട്ടില്ലാത്ത ഒരു പരിഭാഷകയുടെ ചിന്തകളിലൂടെ കടന്നു പോയിട്ടാണ് അതൊരു കൃതിയായി മാറുന്നത്.
കല്പനയുടെയും ചരിത്രത്തിന്റെയും മനോഹരമായ ഇഴചേരലാണ് എലിഫ് ഷഫാക്കിന്റെ നോവല്‍ ‘ദി ആര്‍ക്കിടെക്ട്‌സ് അപ്രെന്റിസ്.’ ആദ്യ അദ്ധ്യായം മുതല്‍, പതിനാറാം നൂറ്റാണ്ടിലെ ഇസ്താന്‍ബുള്‍ ഒരു മാന്ത്രികപ്പെട്ടിപോലെ നമുക്ക് മുന്നില്‍ തുറക്കപ്പെടുന്നു, തുടര്‍ന്ന് അതിനുള്ളിലെ രഹസ്യഅറകള്‍ ഓരോന്നായി മെല്ലെ മെല്ലെ അനാവൃതമായിക്കൊണ്ടിരിക്കുന്നു, ഒരു ചെപ്പടിവിദ്യയിലെന്നപോലെ നാം മറ്റൊരു ലോകത്തിന്റെ, മറ്റൊരു കാലത്തിന്റെ മാസ്മരികതയിലേക്ക് തെന്നിവീഴുന്നു.
ഇസ്താംബുള്‍ കണ്ട ഏറ്റവും പ്രഗത്ഭനായ വാസ്തുശില്പി – മിമര്‍ സിനാന്‍, അന്‍പത് വര്‍ഷക്കാലംകൊണ്ട് മൂന്നു സുല്‍ത്താന്മാര്‍ക്കു വേണ്ടി നിര്‍മ്മിച്ച ശ്രേഷ്ഠമായ വാസ്തുശില്പ വിസ്മയങ്ങള്‍ ആണ് ആ നഗരത്തിന്റെ പ്രൗഢി ഇന്നും നിലനിര്‍ത്തുന്നത്. ജഹാന്‍ എന്ന പന്ത്രണ്ടു വയസ്സുകാരനിലൂടെ ഇന്ത്യയില്‍നിന്നും തുടങ്ങുന്ന കഥയില്‍ മുഗള്‍ സുല്‍ത്താന്മാരും തുര്‍ക്കി രാജവംശവും ജൂതന്മാരും അറബികളുമൊക്കെ കടന്നുവരുന്നുണ്ട്. എന്നാല്‍ നോവലിലെ പ്രധാന കഥാപാത്രം ഇവരാരുമല്ല; ചോട്ട എന്ന് പേരുള്ള ഒരു വെളുത്ത ആനയാണ് കഥയെ രാജപ്രൗഢിയോടെ മുന്നോട്ടു നയിക്കുന്നത്. മുഗള്‍ സുല്‍ത്താന്‍ ഷാഹ്, തുര്‍ക്കിയിലെ സുല്‍ത്താനായ സുലൈമാന് നല്‍കിയ സമ്മാനമായ ഈ ആനക്കുട്ടി ജഹാന്‍ എന്ന ബാലന്റെ ഇഷ്ടതോഴനായിരുന്നു. ചോട്ടയെ പിരിയാനുള്ള സങ്കടത്താല്‍ ജഹാന്‍ ആ ചരക്ക്കപ്പലില്‍ നുഴഞ്ഞുകയറി തുര്‍ക്കിയിലേക്കുള്ള കടല്‍ യാത്രയില്‍ ചോട്ടയ്‌ക്കൊപ്പം കൂടുന്നു. തുടര്‍ന്നുള്ള അവന്റെ ഇസ്താന്‍ബുള്‍ ജീവിതത്തിലെ എല്ലാ സംഭവങ്ങള്‍ക്കും ഉത്‌പ്രേരകമായി മാറുകയാണ് ഈ വെള്ളാന. സിനാനുമായുള്ള ജഹാന്റെ കൂട്ടുകെട്ടിലും യുവറാണി മിഹ്‌റിമായുമായുള്ള പ്രണയത്തിലും പ്രധാന കണ്ണിയായി ഇടംപിടിക്കുന്നത് ചോട്ടതന്നെയാണ്.
സിനാനും ശിഷ്യന്മാരും ശാസ്ത്രത്തെ പിന്തുടരുന്നവരാണ്, അതിനാല്‍ അവര്‍ അക്കാലത്ത് പ്രചരിച്ചിരുന്ന മതപരമായ അസഹിഷ്ണുതകളെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നൊരു സംഘമായി നിലകൊള്ളുന്നു. ഈ കഥാപാത്രങ്ങളിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഉറപ്പിച്ച് പറയുവാന്‍ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ജഹാന്റെ സാഹസികതകള്‍ എന്നതിനുപരി, ലെപ്പാന്റോ യുദ്ധം പോലെയുള്ള ചരിത്രപരമായ സംഭവവികാസങ്ങളും ഉള്‍ക്കൊള്ളുന്നൊരു പ്ലോട്ട് നിര്‍മ്മിക്കാന്‍ കഴിയുക എന്നത് എലിഫ് ഷഫാക്ക് എന്ന നോവലിസ്റ്റിന്റെ ശക്തിയായി കാണേണ്ടിയിരിക്കുന്നു. മൈക്കല്‍ ആഞ്ചലോ മുതല്‍ അന്നത്തെ വസീറുമാര്‍, മിസ്റ്റിക്കുകള്‍, നപുംസകങ്ങള്‍ ഉള്‍പ്പടെയുള്ള ഭാവനാസൃഷ്ടവും യാഥാര്‍ത്ഥവുമായ കഥാപാത്രങ്ങളുടെ നീണ്ടനിരതന്നെ അവര്‍ നമുക്ക് മുന്നില്‍ ഒരുക്കിനിര്‍ത്തുന്നു. സുല്‍ത്താന്റെ വാസ്തുശില്പിയും സുല്‍ത്താന്റെ ആനയുടെ പരിശീലകനുമായ ജഹാന്‍ ഏകദേശം 100 വര്‍ഷക്കാലം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ മത്സരങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഒപ്പം അതിന്റെ മഹത്ത്വത്തിനും സാക്ഷിയാകുന്നു. പ്ലേഗ് കാലം, നിരവധി യുദ്ധങ്ങള്‍, അനേകം സുല്‍ത്താന്മാരുടെ പതര്‍ച്ചയും ഉയര്‍ച്ചയും എല്ലാം അവന്‍ അനുഭവിക്കുന്നു. ഹറം സമ്പ്രദായത്തെയും അടിമത്തത്തെയും നോവലില്‍ കാര്യമായി പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വായനക്കാരന് ലഭിക്കുന്നത് ചരിത്രത്തിന്റെ പനോരമിക്ക് ആയൊരു ദൃശ്യമാണ്; ശിരോലിഖിതങ്ങള്‍പോലെ മായിച്ചുകളയാന്‍ പ്രയാസമുള്ളൊരു ദൃശ്യം.
പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.