DCBOOKS
Malayalam News Literature Website

വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’; വ്യാപാരികള്‍ അധികാരികളായ കഥ

ഉടന്‍ പുറത്തിറങ്ങുന്ന വില്ല്യം ഡാല്‍റിമ്പിളിന്റെ ‘അനാര്‍ക്കി’ എന്ന പുസ്തകത്തെക്കുറിച്ച് പുസ്തകത്തിന്റെ വിവര്‍ത്തകന്‍ കൂടിയായ സുരേഷ് എം.ജി. എഴുതുന്നു

ലണ്ടനില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്നൊരു വ്യാപാര സ്ഥാപനം സ്ഥാപിക്കുമ്പോള്‍, ആഗോള ഉത്പാദനത്തിന്റെ നാലിലൊന്ന് ഇന്ത്യയിലായിരുന്നു. ഇംഗ്ലണ്ടിന്റെ സംഭാവന മൂന്ന് ശതമാനവും. അക്കാലത്തെ മുഗള്‍ രാജവംശത്തിന്റെ വാര്‍ഷിക വരുമാനം 100 ദശലക്ഷം പൗണ്ട് സ്റ്റെര്‍ലിങ് ആയിരുന്നു. ലോകത്തിലെ ഏറ്റവും ധനികനായ ചക്രവര്‍ത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു ഇന്ത്യ. മുഗള്‍ രാജവംശത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ബംഗാള്‍ പ്രവിശ്യയായിരുന്നു. അതായത് ഇന്നത്തെ പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ്, ഒറീസ, ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങള്‍. മൂര്‍ഷിദാബാദായിരുന്നു ബംഗാള്‍ നവാബിന്റെ ആസ്ഥാനം.

അങ്ങനെയൊരു രാജ്യത്തിലേക്കാണ് കച്ചവടത്തിനായി ഈസ്റ്റ് ഇന്ത്യ കമ്പനി എത്തുന്നത്. സുഗന്ധവ്യഞ്ജനങ്ങളില്‍ അത്ര പേരുകേട്ട പ്രദേശമായിരുന്നില്ല ബംഗാള്‍ പ്രവിശ്യ. ഏഷ്യയിലെ സുഗന്ധവ്യഞ്ജന വ്യാപാര മേഖലകള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ കുത്തകയായിരുന്നു. അവിടേക്ക് അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു സാമ്പത്തിക, പട്ടാളശക്തിയല്ലാത്ത ഇംഗ്ലണ്ടിന്, ബ്രിട്ടീഷ് വ്യാപാരികള്‍ക്ക്, കടന്ന് ചെല്ലാനാകുമായിരുന്നില്ല. അതിനാല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പരുത്തി വ്യാപാരത്തില്‍നിന്ന് തുടങ്ങി. അവര്‍ പിന്നെ ഇന്ത്യ ഭരിച്ചു. ഇന്ത്യയെ കൊള്ളയടിച്ച് ലോകത്തിലെ അതിസമ്പന്നമായ രാഷ്ട്രങ്ങളില്‍ ഒന്നാക്കി ബ്രിട്ടനെ രൂപാന്തരപ്പെടുത്തി.

അതെങ്ങനെ സംഭവിച്ചു എന്ന കഥയാണ് വില്ല്യം ഡാല്‍റിമ്പിള്‍, അരാജകത്വം (ഈസ്റ്റ് ഇന്ത്യ കമ്പനി, കോര്‍പറേറ്റ് അക്രമങ്ങളും ഒരു സാമ്രാജ്യത്തെ കൊള്ളയടിക്കലും) The Anarchy – The East India Company, Corporate Violence and the Pillage of An Empire)  എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നത്.

പതിവ് ചരിത്രപുസ്തകങ്ങളില്‍ നിന്നിതിനെ വ്യത്യസ്തമാക്കുന്നത്, യുദ്ധത്താല്‍ വികൃതവും പരവശവുമായ പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചിത്രം ഗ്രന്ഥകര്‍ത്താവ് വായനക്കാര്‍ക്ക് കാണിച്ചു തരുന്നത്, അക്കാലത്തെ, പ്രധാന കഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എന്നതാണ്. മുഗള്‍ രാജാക്കന്മാര്‍, നവാബുമാര്‍, ഇംഗ്ലിഷ് വ്യാപാരികള്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഫ്രഞ്ച് കമ്പനിയുടെയും അധികാരികള്‍, ഇന്ത്യയിലെ പ്രമുഖ പണമിടപാടുകാര്‍ എന്നിങ്ങനെ ആ കഥാപാത്രങ്ങളുടെ പട്ടിക നീളുന്നു. പല ചരിത്രപുസ്തകങ്ങളിലും
വെറും പേരുകളായി അവശേഷിക്കുന്ന ഈ കഥാപാത്രങ്ങള്‍ക്ക് അങ്ങനെ ജീവന്‍ വയ്ക്കുന്നു.

മുഗള്‍ രാജവംശത്തിന്റെ ഭരണത്തിലേക്കോ അതിന്റെ തകര്‍ച്ചയുടെ കാര്യകാരണങ്ങളിലേക്കോ ഗ്രന്ഥകര്‍ത്താവിറങ്ങുന്നില്ല. ഔറംഗസീബിനെ പരാമര്‍ശിച്ചതിനു ശേഷം, അദ്ദേഹം മുഗള്‍ രാജവംശത്തില്‍നിന്ന് വിശദമായ ഒരു പരിചയപ്പെടുത്തല്‍ നടത്തുന്നത്ഷാ ആലമിനെയാണ്. നാദിര്‍ ഷായുടെ ആക്രമണത്തിനു ശേഷം പാടേ തകര്‍ന്ന ദല്‍ഹിയുടെയും മുഗള്‍ ഭരണത്തിന്റെയും ഒരു മടങ്ങിവരവിന് ശ്രമിച്ച മുഗള്‍ ചക്രവര്‍ത്തിയായിരുന്നു ഷാ ആലം. ഷാ ആലമിന്റെ ജീവിത കഥ മിക്കവാറും പൂര്‍ണ്ണമായിത്തന്നെ വില്ല്യം വിവരിക്കുന്നുണ്ട്.

കമ്പനിയുടെ ഇന്ത്യന്‍ ആധിപത്യം ആരംഭിക്കുന്നത് ബംഗാള്‍ പ്രവിശ്യയില്‍നിന്നാണ്. ബംഗാള്‍ നവാബുമായുള്ള സംഘര്‍ഷങ്ങളില്‍നിന്ന്. ബംഗാളില്‍ കമ്പനി ആധിപത്യത്തിനു സഹായകരമായത് അവിടെ നവാബും അദ്ദേഹത്തിന്റെ സഹായികളുമായുണ്ടായിരുന്ന ആന്തര സംഘര്‍ഷങ്ങളാണ്. ഇതില്‍, അക്കാലത്തെ സ്വകാര്യ പണമിടപാടുകാരായ ജഗത് സേഠുമാര്‍ക്ക് വലിയ പങ്കുമുണ്ടായിരുന്നു. അന്നും ഇന്നും നിലനില്‍ക്കുന്ന അധികാരവും സമ്പത്തും തമ്മിലുള്ള ഈ കൈകോര്‍ക്കലിനെ സൂചിപ്പിക്കുകയാണ് ഈ ബന്ധങ്ങളിലൂടെ ഗ്രന്ഥകര്‍ത്താവ് പലയിടത്തും.

ബംഗാളിനു ശേഷം അവര്‍ ശ്രദ്ധിച്ച മറ്റൊന്ന് തെന്നിന്ത്യയിലെ പിതാവും പുത്രനും ഒന്നിച്ച് നടത്തുന്ന എതിര്‍പ്പുകളെയും അവര്‍ ഫ്രഞ്ച് സൈനിക വിദ്യകള്‍ കരസ്ഥമാക്കുന്നതുമായിരുന്നു. ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനുമായിരുന്നു ഈ പിതാവും പുത്രനും. ഒരു പക്ഷേ, ഇന്ത്യയില്‍, ഈ മൈസൂര്‍ സുല്‍ത്താന്മാരെപ്പോലെ, ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഇത്രയധികം പടവെട്ടി നിന്ന മറ്റൊരു ഭരണകൂടവും ഉണ്ടാകില്ല എന്ന സൂചന ഗ്രന്ഥകര്‍ത്താവ് ഈ വിവരണങ്ങളിലൂടെ നല്കുന്നുണ്ട്. ടിപ്പുവിന്റെ ശത്രുക്കളായ ഹൈദരാബാദ്, മറാഠ രാജവംശങ്ങളുടെ സഹായത്തോടെ ശ്രീരംഗപട്ടണം പിടിച്ചടക്കുകയും ടിപ്പുവിനെ വധിക്കുകയും ചെയ്തതോടെ അവര്‍ക്ക് ഇന്ത്യയില്‍ മിക്കവാറും എതിര്‍പ്പുകളില്ലാതായി. (ഇന്ന് മലയാളം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ടിപ്പുവിന്റെ വിഖ്യാത സിംഹാസനത്തിന് സത്യത്തില്‍ എന്ത് സംഭവിച്ചു എന്ന് വിശദമായിത്തന്നെ വില്ല്യം തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെ കേടുപാടുകളില്ലാതെ ഇംഗ്ലണ്ടിലെത്തിക്കാനാകാഞ്ഞത് വലിയ പരാജയമായിത്തന്നെ കമ്പനി അധികാരികള്‍ കണ്ടു. ടിപ്പു കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആ സിംഹാസനം കമ്പനി പടയാളികള്‍ വെട്ടിപ്പൊളിക്കുകയായിരുന്നു.)

ടിപ്പുവിനു ശേഷം ഇന്ത്യയില്‍നിന്ന് അവര്‍ക്ക് പ്രതിരോധങ്ങളേ ഉണ്ടായില്ല എന്നും പറയാം. മറാഠകളും ഒരു പരിധി വരെയെങ്കിലും മറാഠയുടെ പിന്തുണയോടെ നിലനിന്നിരുന്ന മുഗള്‍ രാജാവും അധികം താമസിയാതെ കമ്പനിയുടെ കളിപ്പാവകള്‍ മാത്രമായി. അവരുടെ നിയന്ത്രണത്തിലായി.

ഒരു പരിധി വരെയെങ്കിലും ഇന്ത്യന്‍ ഭരണാധിപന്മാരുടെ താന്തോന്നിത്തങ്ങളും ഒത്തൊരുമയില്ലായ്മയും തന്നെയാണ് ഇവിടെ അരാജകത്വമുണ്ടാകാനും വലിയ തകര്‍ച്ചകളുണ്ടാകാനും കാരണം എന്ന് പറയുയാണീ പുസ്തകം. ആ തകര്‍ച്ചയെ, അതിനൊപ്പം ചില കുടിലതകള്‍കൂടി കൂട്ടിക്കെട്ടി ഈസ്റ്റ് ഇന്ത്യ കമ്പനി മുതലെടുക്കുകയായിരുന്നു എന്നും. ഈ തകര്‍ച്ച ഔറംഗസീബിന്റെ ചില നയങ്ങളില്‍ നിന്ന് തുടങ്ങി എന്നതിന്റെ സൂചന പുസ്തകത്തിലുണ്ട്.

ഇതിനോടൊപ്പം ഈസ്റ്റ് ഇന്ത്യ കമ്പനിക്കകത്തെ വടം വലികളെക്കുറിച്ചും ഗ്രന്ഥകര്‍ത്താവ് പറഞ്ഞ് പോകുന്നുണ്ട്. ഇന്ത്യയ്ക്ക് ഒരു പരിധിവരെയെങ്കിലും അനുകൂലമായി നിന്നിരുന്ന വാറന്‍ ഹെയ്സ്റ്റിങ്‌സും ഫിലിപ് ഫ്രാന്‍സിസ് എന്ന കമ്പനി പ്രതിനിധിയും തമ്മിലുള്ള ദ്വന്ദ്വയുദ്ധവും അതില്‍ ഫിലിപ് ഫ്രാന്‍സിസിനു പരിക്ക് പറ്റുന്നതും ഇതിന്റെ ഭാഗമാണ്. ഇതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയ ഫിലിപ് ഫ്രാന്‍സിസ്, വാറന്‍ ഹെയ്സ്റ്റിങ്‌സി
നെതിരെ വ്യാപക കുപ്രചരണങ്ങള്‍ അഴിച്ചു വിടുകയും അതുവഴി ഹെയ്സ്റ്റിങ്‌സ് അധികാരത്തില്‍നിന്ന് നിഷ്‌കാസിതനാകുകയും ചെയ്യുന്നുണ്ട്.

ഈ പുസ്തകത്തിലെ രക്തം മരവിപ്പിക്കുന്ന പല വര്‍ണ്ണനകളും ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആധുനിക കാല മെഗാ-കോര്‍പറേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ എങ്ങോട്ട് നയിക്കും എന്നതിന്റെ സൂചനകൂടിയാണ്.

 

Comments are closed.