DCBOOKS
Malayalam News Literature Website

‘തരങ്ങഴി’ ഒരു സ്വതന്ത്ര നോവൽ

രജിതൻ കണ്ടാണശ്ശേരിയുടെ ‘തരങ്ങഴി’ യെക്കുറിച്ചു ജിഫി ലിയോൺസ് പങ്കുവെച്ച കുറിപ്പ്

കടപ്പാട്-ഫേസ്ബുക്ക്

രജിതൻ മാഷിന്റെ “തരങ്ങഴി” എന്ന ആദ്യ നോവൽ വായിച്ചു.”തട്ടകം”എന്ന വിഖ്യാതനോവലിന്റെ തുടർച്ച എന്നോണം എഴുതപ്പെട്ട “തരങ്ങഴി” ഒരു സ്വതന്ത്ര നോവൽ ആയിത്തന്നെയാണ് അനുഭവപ്പെട്ടത്..പ്രാരംഭം തട്ടകതുടർച്ച പോലെ തോന്നിയെങ്കിലും, പിന്നീടങ്ങോട്ടുള്ള രഘുമാഷിന്റെ അനുഭവങ്ങൾ വായനക്കാരുടെ ജീവിതാനുഭവങ്ങളുമായി സമാനത പുലർത്തുന്നതും, ബാല്യകാല ഓർമ്മകളിലേക്ക് നയിക്കുന്നതും ആയിരുന്നു. Textതട്ടകത്തിൽ പൂർത്തീകരിക്കാൻ കഴിയാതെ പോയ കാവിലശ്ശേരി എന്ന ദേശത്തിന്റെ കഥകൾ, നിരവധി കഥാപാത്രങ്ങളെ ഉൾപ്പെടുത്തി അവയുടെ സ്വത്വം ചോർന്നുപോകാതെ നിരത്തി വെച്ചപ്പോൾ, അവരെ കൂട്ടിച്ചേർക്കാനും ഓർമ്മിച്ചെടുക്കാനും അല്പം പാടുപെടേണ്ടി വന്നു. നോവലിന്റെ വികാസത്തിനിടയിൽ ഒട്ടനവധി കഥകളും കഥാപാത്രങ്ങളും കടന്നുവരികയും അവയെല്ലാം തന്നെ ആ ദേശത്തിന്റ സംസ്‌കാരവുമായി ഇഴച്ചേർന്നു കിടക്കുകയും ചെയ്യുന്നു..

“മണ്ണിൽ നിന്നും പൊന്തിവരുന്ന വലക്കൂണിന്റെ തൊപ്പി വെച്ചതു പോലെ തോന്നുന്ന മാന്റിലും നോക്കി കുട്ടികൾ അത്ഭുതപെട്ടു”.

ചിമ്മിണി വിളക്കിന്റെ മഞ്ഞ വെളിച്ചം മാത്രം കണ്ടവർക്ക് കല്യാണ വീടുകളിലും മറ്റും പെട്രോമാക്സ് ലൈറ്റിന്റ വെള്ളവെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന അതിരില്ലാത്ത സന്തോഷം ഈ വരികൾ വായിച്ചപ്പോൾ ഓർമയിൽ കടന്നു വന്നു. പുതിയ തലമുറ കാണാതെ പോയതും പുരോഗമനം മായ്ച്ചു കളഞ്ഞതുമായ ഒരുപാട് കാര്യങ്ങൾ വളരെ തന്മയത്തോടെ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. നാലുമണി ചായക്കുള്ള വറുത്ത അരിമണികളും, പായപ്പാളികൾ നെയ്തെടുത്തത് പോലെ മുറ്റത്തു കാണുന്ന കുറ്റിച്ചൂൽ പാടുകളും, അയിനി തിരികളും, പേപ്പർ വിരിച്ച നാടക പറമ്പുകളും നൽകുന്നത് നമ്മുടെ ഭൂമികയിൽ നിന്നു മങ്ങിപ്പോയ ചിത്രങ്ങളുടെ ഓർമപ്പെടുത്തലുകളാണ്.

1942 മുതലുള്ള ഒരു ദേശത്തിന്റെ കഥകൾ എഴുതാൻ, കരിങ്കല്ലിന്റെ മൂർച്ചയുള്ള തിറമ്പിച്ചയുള്ള വാക്കുകൾക്കു തുടർച്ചയുണ്ടാക്കാൻ, മാഷ് നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. കാവിലശ്ശേരിയുടെ രാഷ്ട്രീയചരിത്രം അതിസൂക്ഷ്മതയോടെ വരച്ചു കാണിക്കാൻ ശ്രമിച്ചപ്പോൾ അത് വായനയുടെ ഒഴുക്കിന് ചെറിയ രീതിയിൽ ബാധിച്ചോ എന്ന് തോന്നിപോയി. ചിലപ്പോൾ ആ ഭാഗത്തിന്റെ വ്യാഖ്യാനത്തിന് അത് അനിവാര്യമായിരിക്കാം. ഈ നോവലിന്റെ രചനക്ക് പിന്നിലെ കഠിന പ്രയത്നവും, പഠനങ്ങളും, നീരീക്ഷണങ്ങളും, കഥാപാത്രങ്ങളെ വാർത്തെടുക്കുന്നതിലുള്ള കഴിവും, രചനാശൈലിയും നോവലിനെ മികവുറ്റ സൃഷ്ടിയാക്കുന്നു.

പുസ്‌തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Leave A Reply