DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ കളക്ടേഴ്‌സ് എഡിഷന്‍; ഏതാനും കോപ്പികള്‍ കൂടി പ്രീബുക്ക് ചെയ്യാന്‍ അവസരം

ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ എന്ന നോവല്‍ പ്രത്യേകതകളേറെയുള്ള നിര്‍മ്മാണവൈഭവത്തോടെയാണ് വായനക്കാരുടെ കൈകളിലെത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹൈദരാബാദിലെ പ്രഗതിയിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്. നിര്‍മ്മാണത്തിനെടുക്കുന്ന കാലതാമസം മൂലം പുസ്തകത്തിന്റെ വിതരണം 2022 മെയ് 23-നെ പൂര്‍ത്തീകരിക്കാനാകൂ. കളക്ടേഴ്‌സ് എഡിഷനു ആവശ്യക്കാരേറിയതിനാലും മുന്‍ നിശ്ചയിച്ചതില്‍ നിന്നും കൂടുതല്‍ കോപ്പികളും തയ്യാറാവുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ കോപ്പികള്‍ ഏതാനും ദിവസം കൂടി പ്രീബുക്ക് ചെയ്യാനാകും. മെയ് 23-നാണ് പുസ്തകം പുറത്തിറങ്ങുക.

തിരുവിതാംകൂർ ചരിത്രത്തിലെ ചെറിയൊരു ഏടിനെ വളരെ കൗതുകകരമായ രീതിയിൽ, പുതിയ കാലത്തിൽ നമ്മൾ കേൾക്കുകയും പിന്നെ മറന്നുകളയുകയും ചെയ്ത ചില സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമം എന്ന് തരകൻസ് ഗ്രന്ഥവരിയെ ഒറ്റവരിയിൽ വിശേഷിപ്പിക്കാം. ആദിയും അന്ത്യവും മദ്ധ്യവും ഇല്ലാത്ത, ഏത് എവിടെ എങ്ങനെ ആയിരിക്കാം എന്ന് വായനക്കാർക്ക് നിശ്ചയിക്കാവുന്ന, അല്ലെങ്കിൽ അവർ മുൻ നിശ്ചയമില്ലാതെ കൈയ്യിലെടുന്ന അധ്യായം അറിയാതെ ഒരു ക്രമം നിശ്ചയിക്കുന്ന 120 ഗ്രന്ഥവരികളാണ് ഈ നോവലിനുള്ളത്.

അതിനർത്ഥം ഇതിൽ ഒരു കഥാക്രമമോ സമയസൂചികയോ ഇല്ല എന്നല്ല, അത് വളരെ യാദൃശ്ചികമായ ക്രമവ്യത്യാസത്തോടെ ഓരോ വായനക്കാരന്റെയും കൈകളിൽ എത്തിപ്പെടുന്നു എന്നുമാത്രം. എന്നുപറഞ്ഞാൽ ഒരു വായനക്കാരൻ വായിക്കുന്ന, മനസിലാക്കുന്ന രീതിയിലേ ആവില്ല മറ്റൊരാൾ വായിക്കുകയും കഥ മനസിലാക്കുകയും ചെയ്യുന്നത്. ഒരാൾ തന്നെ രണ്ടുതവണ വായിച്ചാലും ആ മനസിലാക്കൽ രീതി വ്യത്യസ്തമായിരിക്കും. 120 ഗ്രന്ഥവരികളും വായിച്ചു പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് കഥ എന്താണെന്ന ഒരു പൂർണ്ണരൂപം മനസിലാവുകയും ചെയ്യും.

ലോകപുസ്തകദിനത്തില്‍ ഏറെ പുതുമകളുള്ള പുതിയ നോവല്‍ ബെന്യാമിന്‍ പ്രഖ്യാപിച്ചത്. പുസ്തക നിര്‍മ്മിതിയില്‍ തന്നെ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത മാതൃകയിലാകും പുസ്തകം പുറത്തിറങ്ങുക. 120 ഗ്രന്ഥവരികളിലൂടെയാണ് ആശയലോകം വായനക്കാര്‍ക്ക് മുന്‍പില്‍ ഇതള്‍വിരിയുക. Permutation and combination അനുസരിച്ച് 668950291344912705758811805409037 2586752746333138029810295671352301633557244962989366874165271984981308157637893214090552540858940812185989848111438965000596496052125696000000000000000000000000000 രീതിയിൽ തരകൻസ് ഗ്രന്ഥവരി വായിക്കാം എന്നാണ് ഒരു കണക്കുവിദ്വാൻ കണ്ടുപിടിച്ചത്. ആ അനന്തസാധ്യതയിലാണ് നിങ്ങൾ ഈ നോവൽ വായിക്കുന്നത്.

ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥയ്ക്കായി കാത്തിരിക്കൂ…

ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പ്രീബുക്ക് ചെയ്യാം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.