DCBOOKS
Malayalam News Literature Website

‘തപോമയിയുടെ അച്ഛൻ’ പ്രീബുക്കിങ് ആരംഭിച്ചു

ഇ സന്തോഷ്‌ കുമാറിന്റെ ഏറ്റവും പുതിയ നോവൽ ‘തപോമയിയുടെ അച്ഛൻ’ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും 399 രൂപ വിലയുള്ള പുസ്തകം 349 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം. ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വേരുകള്‍ ഉറപ്പിക്കാനായി അവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്‌നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണം. ജീവിതവ്യസനങ്ങളുടെ ദുരൂഹലിപികളുടെ വായനയാണ് ഇ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ തപോമയിയുടെ അച്ഛൻ’.

പുസ്തകത്തിന്റെ ആമുഖത്തില്‍ ഇ സന്തോഷ് കുമാര്‍ എഴുതുന്നു,

അഭയാര്‍ത്ഥികളെക്കുറിച്ചു കേള്‍ക്കുമ്പോഴൊക്കെ വേരുറയ്ക്കാത്ത ജലസസ്യങ്ങള്‍ പോലെയാണ് അവരെന്നു തോന്നാറുണ്ട്. മണ്ണില്‍ തൊടാത്ത വേരുകള്‍ കൊണ്ട് അവ വെള്ളത്തില്‍ നിലയൂന്നുന്നു. ഒന്നിനും ഒരുറപ്പുമില്ല. അനേകം ഉത്ക്കണ്ഠകള്‍, സങ്കോചങ്ങള്‍. പുറപ്പെട്ടു, എത്തിയില്ല എന്ന സംശയം. ഇനിയും ഒഴുകിപ്പോകുമോ എന്ന ഒരുള്‍ഭയം. എത്രനാള്‍ കഴിഞ്ഞാലും ജന്മദേശത്തിന്റെ ഓര്‍മ്മകള്‍ അവരില്‍ വ്യസനം നിറയ്ക്കും. അപരിചിതമായ ദേശങ്ങളുടെ, അപരിചിതരായ മനുഷ്യരുടെ ദയാവായ്പിലാണ് നിലനില്പ് എതുകൊണ്ടുതന്നെ ഒന്നുറക്കെ സംസാരിക്കാന്‍ പോലും അവര്‍ക്കു പേടിയുണ്ട്. കഴിഞ്ഞ ചില വര്‍ഷങ്ങളിലായി ഇന്ത്യയിലും പുറത്തുമുള്ള ചില അഭയസങ്കേതങ്ങള്‍ ചെന്നുകാണുവാനുള്ള അവസരം (ഭാഗ്യമെന്ന് ഒരിക്കലും ഉപയോഗിച്ചുകൂടാ) എനിക്കുണ്ടായി. അവരില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളുണ്ട്, സിറിയയില്‍ നിന്നും ശ്രീലങ്കയില്‍നിന്നുമുള്ളവരുണ്ട്, തിബത്തില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ളവരുണ്ട്. സൗകര്യങ്ങളിലും സാഹചര്യങ്ങളിലും വളരെ ഭിന്നമായ ക്യാമ്പുകള്‍. പക്ഷേ, അവരെല്ലാം പൊതുവായി പങ്കിടുന്ന നഷ്ടബോധവും ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും ഒന്നായിരുന്നു.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

*വ്യവസ്ഥകള്‍ ബാധകം

 

Comments are closed.