DCBOOKS
Malayalam News Literature Website

സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനെക്കാള്‍ ഫലപ്രദമാണോ?

“ദൈവം എന്നു നിങ്ങള്‍ പറയുന്ന ഈ സാധനം എന്നാ ശരികേടു കാണിച്ചിട്ടില്ലാത്തത്? ആരുടെ പ്രശ്‌നമാ ദൈവം പരിഹരിച്ചിരിക്കുന്നത്? മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിനു ശക്തിയുണ്ടെന്ന് ആരാണു പറഞ്ഞത്? അമ്പലത്തില്‍ തൊഴാന്‍ പോകുന്ന കുടുംബം കാറിടിച്ചു മരിക്കുമ്പോള്‍ ഈ ദൈവം എവിടെയാണ്? പള്ളിപ്പെരുന്നാളുകൂടാന്‍ പോകുന്നവര്‍ കരിമരുന്നപകടത്തില്‍ മരിക്കുമ്പോള്‍ നിങ്ങളുടെ ദൈവം എവിടെപ്പോയിരുന്നു? ഭൂകമ്പത്തില്‍ ഒരു നാടുമുഴുവന്‍ തകര്‍ന്നു തരിപ്പണമാകുമ്പോള്‍ അതാരുടെ വിധിയാണ്? മൂന്നുവയസില്‍ താഴെ പ്രായമുള്ള മുഴുവന്‍ കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയിട്ടുവേണോ ഒരു ദൈവം ഭൂമിയില്‍ ജനിക്കാന്‍?”

സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ പശ്ചാത്തലത്തില്‍ മനുഷ്യജീവിതത്തിന്റെ തമോരാശികളിലേക്കുള്ള ഒരു അസാധാരണ സഞ്ചാരമാണ് രാജീവ് ശിവശങ്കറിന്റെ തമോവേദം എന്ന നോവല്‍. സമൂഹം ക്ഷുദ്രമെന്നും തിന്മയെന്നും മുദ്ര കുത്തിയ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ ആരാധനാപൂര്‍വ്വം ഘോഷിക്കുന്ന വിശ്വനാഥന്‍ എന്ന വ്യക്തിയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം.

വിശ്വാസവും അന്ധവിശ്വാസവും ആചാരവും അഥര്‍വ്വവും ഇഴചേര്‍ന്ന ഒരു കുടുംബത്തിലാണ് വിശ്വം എന്ന വിശ്വനാഥന്‍ ജനിക്കുന്നത്. ജനനം മുതല്‍ കുടുംബത്തില്‍ അപശകുനങ്ങള്‍ കണ്ടു തുടങ്ങി…ഒന്നിന് പിറകെ ഒന്നായി അനര്‍ത്ഥങ്ങള്‍…ചെറുപ്പം മുതലേ ഒന്നിനോടും ഭയമില്ല, മനുഷ്യര്‍ ഭയക്കുന്ന എന്തിനെയും സ്‌നേഹിച്ചു, ക്രൂരതയെ ആവാഹിച്ചു വരുതിക്ക് നിര്‍ത്തി. ദൈവത്തെയും ദൈവവിശ്വാസത്തെയും വെറുത്തു. സാത്താന്റെ സന്തതിയെന്നു കേള്‍ക്കുന്നത് ഇഷ്ടപ്പെട്ടു.

ഇതിനിടയില്‍ മകന്റെ ദുര്‍നടപ്പ് കണ്ടു മാതാപിതാക്കള്‍ മരിച്ചു, എങ്കിലും ആവശ്യത്തിലേറെ വിദ്യാഭ്യാസം നേടിയ വിശ്വത്തിന്റെ കണ്ണില്‍പെട്ട ഒരു പെണ്ണിനും രക്ഷപെടാനായില്ല. ഉറ്റ സുഹൃത്തിനെയും കൊന്നുതള്ളി കാവതിയെന്ന നാടിനോട് വിടപറഞ്ഞു കൊച്ചിയിലെത്തുന്ന വിശ്വനാഥനെ കാത്തിരുന്നത്, സകല ദുര്‍ഗുണങ്ങളും ഒത്തുചേര്‍ന്ന ഒരു നേതാവിനെക്കാത്തിരുന്ന സാത്താന്‍ ആരാധകാരായിരുന്നു. അവിടെ ദീര്‍ഘകാരം ഒരു അധിപനെ പോലെ വാണ വിശ്വനാഥന് പെട്ടന്നൊരുദിവസം അടിതെറ്റി, മരണത്തിന്റെ കാണാപുറങ്ങളില്‍ നിന്ന് കഥാവശേഷം ചുരുക്കി, വിശ്വം വീണ്ടും ജനിക്കുന്നു…

ഡി സിബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന തമോവേദത്തിന്റെ രണ്ടാമത്തെ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.