കഥയെ നിര്‍വചിക്കുമ്പോള്‍: നിധീഷ് ജി. എഴുതുന്നു
‘താമരമുക്ക്‘ എന്ന പുതിയ പുസ്തകത്തിന്റെ എഴുത്തനുഭവം നിധീഷ് ജി.
പങ്കുവെക്കുന്നു
ഒരിക്കല്‍ പുള്ളിമാന്‍ ജങ്ഷനില്‍നിന്നും കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്ക്
ബൈക്കോടിച്ചു പോകുമ്പോള്‍ റോഡിന് തെക്കുവശത്തുള്ള പറമ്പില്‍ ഒരു വൃദ്ധയും രണ്ട് ചെക്കന്മാരും തവിട്ടുനിറത്തില്‍ വെളുത്ത പുള്ളികളുള്ള ഒരു പശുക്കിടാവിന് ചുറ്റും നില്‍ക്കുന്നതും അത് അവരോട് കുറുമ്പ് കാട്ടി കളിക്കുന്നതും കണ്ടു. ആ കാഴ്ചയില്‍നിന്നാണ് പുള്ളിമാന്‍ ജങ്ഷന്‍ എന്ന കഥ പിറക്കുന്നത്. ഒരു ലോഡ്ജാണ് കഥയുടെ
പശ്ചാത്തലം. ക്ലാപ്പനക്കാരനായ കാര്‍ഡോസ് എന്ന ലോഡ്ജുടമയ്ക്ക് മറ്റൊരു കഥകൂടി പറയാനുണ്ടെന്ന് എന്തുകൊണ്ടോ എനിക്ക് തോന്നി. മെല്ലെ മെല്ലെ ആ കഥ തെളിവാര്‍ന്നു വന്നു. നാണുവച്ചനും വസുമതിയുമൊക്കെ ചുറ്റുവട്ടത്തുതന്നെ ഉണ്ടായിരുന്നു. കുറേക്കൂടി കണ്ണു വിടര്‍ത്തി നോക്കവേ, കുട്ടിക്കാലം മുതല്‍ക്കേ കാണുന്ന ഒരുപാടൊരുപാട് പേര്‍ ചുറ്റും വന്നു നിറഞ്ഞു. അവര്‍ക്കെല്ലാം ഓരോ കഥകളുണ്ടായിരുന്നു. അയ്യത്തമ്മയും സജയന്‍ എന്ന ആനയും ഘണ്ടര്‍ണ്ണങ്കാവിലെ വെള്ളിലകളും ആയിരംതെങ്ങിലെ അനുജയുമെല്ലാം സ്വപ്നത്തിലും അല്ലാതെയും വന്നു മിണ്ടാന്‍ തുടങ്ങി.
ഓണാട്ടുകരയുടെ തെക്കേ അതിരിലാണ് എന്റെ വീട്. വേണാടിന്റെയും ഓണാട്ടുകരയുടെയും സമ്മിശ്രമായ ഒരു ഭാഷാശൈലിയാണ് ഇവിടുള്ളത്. കാവ്, കുളങ്ങര, ചന്ത, കടവ് എന്നിങ്ങനെ അവസാനിക്കുന്ന ധാരാളം സ്ഥലനാമങ്ങളുണ്ട്. ക്ലാപ്പന എന്ന കഥ മനസ്സിലുണ്ടായതിന് ശേഷമാണ് എനിക്ക് ചുറ്റുമുള്ള സ്ഥലങ്ങളെയും ഞാന്‍ കണ്ട അവിടുത്തെ മനുഷ്യരെയും കൂട്ടിയിണക്കി കഥകള്‍ പറഞ്ഞാല്‍ കൊള്ളാമെന്ന തോന്നലുണ്ടായത്. കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും പതിയെപ്പതിയെ തുടര്‍ച്ചകളുണ്ടായി. താമരമുക്കില്‍ വരുമ്പോഴേക്ക് അതിന് പ്രത്യേകമായ ഒരു ഭാവം കൈവരുന്നതായി തോന്നി. അയ്യങ്കവലയില്‍നിന്നും കന്നേറ്റിപ്പാലം വരെ പല ഇടങ്ങള്‍ താണ്ടി പലമാതിരി മനുഷ്യരെ കണ്ടുള്ള ഒരു സൈക്കിള്‍ യാത്ര. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു സെക്കന്റ് ഹാന്‍ഡ് സൈക്കിള്‍ കിട്ടുന്നത്. അതില്‍ ചുറ്റാത്ത ഇടങ്ങളില്ല. ചെമ്മണ്‍വഴിയിലെ പൊടിപാറിയ പാച്ചിലുകളില്‍ എത്രയെത്ര മനുഷ്യരെയാണ് കണ്ടത്. സ്‌കൂളിലേക്കുള്ള പന്ത്രണ്ട് കിലോമീറ്ററില്‍ ചുറ്റാവുന്ന ഇടവഴികളൊക്കെ താണ്ടി, തോട്ടിറമ്പുകളിലും പാടത്തും കുളക്കടവുകളിലുമൊക്കെ ചെന്നെത്തി. നീന്താന്‍ പേടിയുള്ളതുകൊണ്ട് കൂട്ടുകാര്‍ വെള്ളത്തില്‍ മദിക്കുന്നതും നോക്കി കരയിലിരുന്നു. മറ്റു ചിലപ്പോള്‍ ചൂണ്ടയിടാന്‍ പോയി. ഉത്സവങ്ങളിലേക്കും സിനിമാക്കൊട്ടകകളിലേക്കും പാഞ്ഞു.
Comments are closed.