DCBOOKS
Malayalam News Literature Website

‘തലാശ് ‘ നിമിഷത്തിൽ നിന്നും നിമിഷത്തിലേക്കുള്ള സത്യാന്വേഷണം

ലിജിൻ ജോണിന്റെ “തലാശ്” എന്ന പുസ്തകത്തിന്  വിശ്വനാഥ് പി എഴുതിയ വായനാനുഭവം

ബിസി 261 എന്ന നോവലിലൂടെ വായനക്കാർക്ക് സുപരിചിതനായ ലിജിൻ ജോണിന്റെ പുതിയ പുസ്തകമാണ് “തലാശ്”.  ചില നിരൂപകരും, ഉത്തമസാഹിത്യം കൈകാര്യം ചെയ്യുന്നവരെന്ന് സ്വയം വിശ്വസിക്കുന്നവരും സദാ ആക്രമിക്കുന്ന ജനപ്രിയനോവലിന്റെ ഗണത്തിൽപ്പെടുന്ന രചനയാണിത്.

Upmarket fiction എന്ന വിഭാഗത്തിൽ ഡി സി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മികച്ച അനേകം പുസ്തകങ്ങൾ ഈ വിഭാഗത്തിൽ ഡി സി ബുക്സ് ഇറക്കിയിട്ടുണ്ട്. അവയിൽ മിക്കവയും നന്നായി വായിക്കപ്പെട്ടിട്ടുണ്ട്. ധാരാളം പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ഖസാക്കിന്റെ ഇതിഹാസവും’, ‘രണ്ടാമൂഴ’വും, ‘കയറും ‘ ഒക്കെ വായിച്ചു എന്ന് പറയാൻ സാധിക്കാത്ത, ഒരു സാധാരണ വായനക്കാരനായ എനിക്ക് അപസർപ്പക രചനകളോട് വലിയ ഇഷ്ടമാണ്. അതിന്നും തുടരുന്നു. ഈ ഇഷ്ടത്തിന് Textബൗദ്ധികമായ യുക്തികളൊന്നും ഇല്ല. വെറുതെ ഒരിഷ്ടം.

“തലാശ് ” സൂക്ഷ്മമായി രചിക്കപ്പെട്ട ഒരു നോവലാണ്. ഒരു പെയിന്റിംഗ് പോലെയാണ് ഭയാനകമായ ആ മഹലിനെയും രാത്രിയെയുമൊക്കെ ലിജിൻ വരച്ചിടുന്നത്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് ആരംഭിക്കുന്ന വിചിത്രവും നിഗൂഢവുമായ ചില സംഭവങ്ങളെ, സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഏടുകളിലൂടെ സാവധാനം ചലിപ്പിച്ച്, വർത്തമാനകാലത്തിൽ പ്രതിഷ്ഠിക്കുന്നു.

ഒറ്റപ്പെട്ടു നില്ക്കുന്ന കോട്ടയും അതിനെ ചൂഴ്ന്നു നില്ക്കുന്ന ഭീതിയും ഒക്കെ നമ്മുടെ സാഹിത്യത്തിലും സിനിമയിലും എത്രയോ തവണ വന്നിട്ടുള്ളതാണ്. അതേ ഘടനയിൽ ഒരു സൃഷ്ടി നടത്തുമ്പോൾ അതീവശ്രദ്ധയോടെ പഴയ ശൈലികളും രംഗങ്ങളും ഒക്കെ ഒഴിവാക്കിയാണ് ലിജിൻ മുന്നോട്ട് പോകുന്നത്.

ആത്മാവിന്റെ സാന്നിധ്യം അളക്കുന്ന യന്ത്രങ്ങളും, പ്രേതവേട്ടയുടെ പരാമർശങ്ങളും മറ്റും കാണുമ്പോൾ, ഇത് ‘പഴയ വീഞ്ഞ്’ ആണോ എന്ന് നാം ആദ്യം സംശയിക്കും. എന്നാൽ വളരെപ്പെട്ടന്ന് തന്നെ അതിൽ നിന്നും കുതറിമാറി പുതിയ ചിന്തകളിലേക്കും സാധ്യതകളിലേക്കും നമ്മെ കൊണ്ടുപോകുന്നു.

ആഴമുള്ള ഒരു വിഷയത്തിലേക്ക് എഴുത്തുകാരനോടൊപ്പം സാവധാനം സഞ്ചരിക്കുന്ന വായനക്കാരൻ. ത്രില്ലറുകളിൽ സാധാരണ പ്രതീക്ഷിക്കുന്ന “രോമാഞ്ച” മുഹൂർത്തങ്ങൾ അല്ല ഈ നോവലിനെ ആകർഷകമാക്കുന്നത്(വേണ്ടയിടത്ത് അവ ഉണ്ട് ). ശാസ്ത്രീയമായ അടിത്തറയും, സംഭവങ്ങളുടെ വ്യാഖ്യാനത്തിലെ യുക്തിഭദ്രതയുമാണ്.

വിജനമായ മഹൽ വായനക്കാരന്റെ ചിന്തയുടെ തന്നെ ഭാഗമാകുന്നു. ഓരോ നിമിഷവും തന്റെ നേരെ കുതിച്ചു ചാടുന്ന മരണത്തിന്റെ കൂർത്ത നഖങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു. നായകനായ ത്രിലോകും അയാളുടെ കൂട്ടുകാരനായ സ്കൈലർ എന്ന റോട് വീലർ വിഭാഗത്തിൽ പെട്ട നായയും വായനയെ ആസ്വാദ്യകരവും ആവേശം നിറഞ്ഞതുമാക്കി മാറ്റുന്നു.

അനാവശ്യമായി ഒരു കഥാപാത്രത്തെ പോലും സൃഷ്ടിച്ചിട്ടില്ല. വൈകാരികമായ അനേകം നല്ല നിമിഷങ്ങൾ ഉണ്ട്. എന്നാൽ അവയൊന്നും ദുർബലമായ ‘ലാഗ് ‘(ഇഴച്ചിൽ ) സൃഷ്ടിക്കുന്നില്ല. നിമിഷത്തിൽ നിന്നും നിമിഷത്തിലേക്കുള്ള സത്യാന്വേഷണം. “തലാശ് ” എന്ന വാക്ക് നോവലിനെ ഏറെ ഹൃദ്യമാക്കുന്നു. വായനക്കാരനെ പ്ലോട്ടിലേക്ക് വലിച്ചെടുക്കാൻ ലിജിൻ ജോണിന് സാധിച്ചിട്ടുണ്ട്. അനവസരത്തിൽ ഒരു രംഗം പോലും ചേർത്ത് ഈ നോവലിനെ ലിജിൻ വികൃതമാക്കുന്നില്ല.

സംഭാഷണങ്ങൾ ഇല്ലാത്ത, ഭയാനകമായ മൗനത്തിന്റെ ഇടവേളകളും ഈ രചനയെ ചേതോഹരമാക്കുന്നു. UFO(unidentified flying object ), Alien abduction, ghost hunting, bio lab തുടങ്ങി പലതും വായനയുടെ രസം നഷ്ടപ്പെടാതിരിക്കാൻ ചേർത്തിട്ടുണ്ട്. നന്നായി പാചകം ചെയ്ത, കൃത്യമായ അളവിൽ ചേരുവകൾ ചേർത്ത രുചികരമായ ഭക്ഷണം പോലെ “തലാശ് ” വായനക്കാരെ ആഴത്തിൽ സ്വാധീനിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.