പാപശാപങ്ങളുടെ സങ്കീര്‍ത്തനങ്ങള്‍
മനുഷ്യന്റെ പാപം അവന്റെ മറവിയാണെന്നാണ് മിലന്‍കുന്ദേര പറയുന്നത്. പക്ഷേ മനുഷ്യന്റെ പാപം അവന്റെ ഓര്‍മ്മയാണെന്നാണ് ഒ വി വിജയന്റെ അവസാനകാല കൃതിയായ തലമുറകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്.
എനിക്ക് രാമനെ ഇഷ്ടമല്ല.
രാമനിന്ദ പാപമാണ് കുട്ടീ
എന്താ പാപം?
തലമുറകള്‍ തുടങ്ങുന്നത് തന്നെ ഇത്തരമൊരു ചോദ്യവുമായിട്ടാണ്. പൊന്‍മുടി തറവാട് ഇക്കാലമത്രയും ചോദിച്ചുകൊണ്ടിരുന്ന ചോദ്യം തന്നെയാണ് ആറുവയസുകാരനായ ചന്ദ്രനും ആവര്‍ത്തിക്കുന്നത്. മൂന്നുതലമുറകളുടെയോ ഒരു നൂറ്റാണ്ടിന്റെയോ ചരിത്രം മാത്രമല്ല മനുഷ്യന്റെ പാപമെന്ന പ്രതിഭാസത്തിന്റെ കൂടി ചരിത്രമാണ് ഈ കൃതി പറയുന്നത്.
പഴമയുടെ ഇരുളില്‍കിടന്ന ഒരുപാട് പാപകഥകള്‍ ചന്ദ്രനെ ഇപ്പോഴും വേട്ടയാടുന്നു. കാരണവന്മാര്‍ ആര്‍ജ്ജിച്ച ദുഷ്‌കൃത്യങ്ങളുടെ ബാക്കിയെന്നും പ്രാചീനമായ പാപങ്ങളെന്നും മനുഷ്യായുസുകളുടെ പാഴ്വ്യയമെന്നും ഒക്കെയാണ് ചന്ദ്രന്‍ അതിനെ വിശേഷിപ്പിക്കുന്നത്. എണ്‍പതുവര്‍ഷത്തെ നാടിന്റെ ചരിത്രം പറയുന്ന തലമുറകളില്‍ അവിസ്മരണീയരായ ഒരുപിടി കഥാപാത്രങ്ങളുമുണ്ട്.
പൊന്‍മുടിയുടെ പിതൃക്കളുടെയും സന്തതികളുടെയും ഒരുപാടൊരുപാട് പാപങ്ങള്‍ ഏറ്റുവാങ്ങി സ്വയം രക്തസാക്ഷിത്വം വരിച്ച, ഇംതിയാസ് ഹസന്‍ ആയി മാറിയ ഗോപാലന്‍, പിച്ച തെണ്ടാന്‍വന്ന മുണ്ടച്ചിയമ്മിയാരുടെ മകള്‍ ശിവകാമിയെ വെപ്പാട്ടിയാക്കി അവളില്‍നിന്ന് ഗായത്രിമന്ത്രം പഠിച്ച് അധമത്വം മറയ്ക്കാന്‍ശ്രമിച്ച അപ്പുക്കാരണവര്‍, അവ്വയാറിന്റെ ജന്മം കൊതിക്കുന്ന പങ്കജാക്ഷി എന്നിവരൊക്കെ അവരില്‍ ചിലര്‍മാത്രം.
കാലത്തിന്റെ വ്യഥിതപാതയിലൂടെ ഒരുപാട് പാപശാപങ്ങളുടെ തലച്ചുമടേന്തി നടന്നുനീങ്ങുകയും വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്യുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍.
1997 ലാണ് തലമുറകള്‍ ആദ്യം പ്രസിദ്ധീകൃതമായത്. മലയാളത്തിലെ ആദ്യത്തെ ജാതീയ നോവല്‍ എന്ന വിശേഷണവും ഈ കൃതി നേടിയിരുന്നു. 1999 ലെ എംപിപോള്‍ അവാര്‍ഡ് തലമുറകള്‍ക്കായിരുന്നു. ഹൈദരാബാദിലെ തിരക്കുകുറഞ്ഞ ഒരു കാലഘട്ടത്തിലാണ് വിജയന്‍ തലമുറകള്‍ എഴുതിയത് എന്ന് ഭാര്യ തെരേസ അനുസ്മരിച്ചിട്ടുണ്ട്.
1930 ജൂലൈ രണ്ടിനായിരുന്നു വിജയന്റെ ജനനം. ഖസാക്കിന്റെ ഇതിഹാസത്തിലൂടെയായിരുന്നു വിജയന്‍ മലയാളത്തിന്റെ ശ്രദ്ധനേടിയത്. 1969 ല്‍ ആയിരുന്നു അത് പുറത്തിറങ്ങിയത്. ഗുരുസാഗരം, പ്രവാചകന്റെ വഴി, ധര്‍മ്മപുരാണം എന്നിവയാണ് ഇതര ശ്രദ്ധേയമായ കൃതികള്‍. 2005 മാര്‍ച്ച് 30 ന് ആയിരുന്നു വിജയന്റെ അന്ത്യം.
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഒ.വി . വിജയന്റെ ‘തലമുറകൾ’ എന്ന നോവലിന് വിനായക് നിര്‍മ്മല്‍ എഴുതിയ വായനാനുഭവം
കടപ്പാട് ; മനോരമ ഓൺലൈൻ
Comments are closed.