‘തലതെറിച്ച ആശയങ്ങള്‍’; പുതിയ വാക്കുകളുടെയും ആശയങ്ങളുടെയും ലോകം
പുതിയ ആശയങ്ങളാണ് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നത്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ച കാലത്ത് മൃഗങ്ങളെ കൊല്ലാനുള്ള ഉപകരണം എന്നത് ഒരാശയമായിരുന്നു. കല്ലിലും കമ്പിലും ആ ആശയം ആയുധങ്ങളായി പരിണമിച്ചു. മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കിയ ആദ്യ ആശയമായിരുന്നു ആയുധം. കാലം പുരോഗമിക്കവേ മൃഗങ്ങളുമായുള്ള മനുഷ്യന്റെ അന്തരം വലുതായി വന്നു. പുതിയ ആശയങ്ങളുടെ പിന്‍ബലത്തില്‍ മനുഷ്യകുലം പുരോഗമിച്ചു. എന്തുകൊണ്ട് മനുഷ്യരില്‍ മാത്രം ഇത്ര വേഗത്തില്‍, ഇത്രയും തുടര്‍ച്ചയില്‍ ആശയങ്ങള്‍ ജനിക്കുന്നുവെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല.
ഇന്നത്തെ മനുഷ്യന്‍ ഇന്നത്തെ ആശയങ്ങളുടെ സൃഷ്ടിയാണ്. ഇന്നത്തെ മനുഷ്യനെ നിര്‍വ്വചിക്കണമെങ്കില്‍ ഇന്നത്തെ ആശയങ്ങളെ അറിയണം. പുത്തന്‍ വാക്കുകളിലൂടെ പുത്തന്‍ ആശയങ്ങളിലേക്കുള്ള യാത്രയാണ് ഈ പുസ്തകം. ഇതിനൊരു മറുവശവുമുണ്ട്. ആശയങ്ങള്‍ വാക്കുകളെ ഉണ്ടാക്കുന്നതുപോലെ വാക്കുകള്‍ ആശയങ്ങളെയും ജനിപ്പിക്കുന്നുണ്ട്. കൗതുകകരമായ കാര്യമാണിത്. പുതിയ വാക്കുകളുടെയും ആശയങ്ങളുടെയും ലോകമാണ് തലതെറിച്ച ആശയങ്ങള്‍ എന്ന കൃതിയിലൂടെ പി.എസ്. ജയന്‍ ചര്‍ച്ച ചെയ്യുന്നത്. സമകാലിക ലോക രാഷ്ട്രീയം, സാങ്കേതികവിദ്യ, വ്യാപാരം, ലൈംഗികഭാവന, ജീവിതശൈലി തുടങ്ങിയ രംഗങ്ങളിലെ ആശയങ്ങളും വാക്കുകളും മുന്‍നിര്‍ത്തി അര്‍ത്ഥത്തിന്റെ അസ്ഥിരതയെയും പ്രവാഹസ്വഭാവത്തെയും പുത്തന്‍ ആശയങ്ങളുടെ സ്വഭാവത്തെയും കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.
നിലവിലുള്ള ചിന്താപദ്ധതികളെയും വിചാക്രമങ്ങളെയും ശ്രേണീബദ്ധമായ അച്ചടക്ക സങ്കല്പങ്ങളെയും തച്ചുടച്ച് അലങ്കോലമുണ്ടാക്കി പുതിയതു സൃഷ്ടിക്കുന്ന ഡിസ്‌റപ്റ്റീവ് ഇന്നൊവേഷന്‍ എന്ന വ്യാപാരമണ്ഡലാശയം ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍ എന്നീ കമ്പനികളെ അഥവാ ആശയങ്ങളെ സാധ്യമാക്കിയതില്‍ തുടങ്ങുന്ന ഈ പുസ്തകം യൂബര്‍ ടാക്‌സി, ഓണ്‍ലൈന്‍ പണമിടപാട്, ത്രിമാന മുദ്രണം, ഡ്രൈവറില്ലാ കാറുകള്‍, തമിഴ്‌നാട്ടിലെ മുരുഗാനന്ദന്‍ എന്ന എട്ടാം ക്ലാസ്സുകാരന്‍ നടത്തിയ സാനിട്ടറി പാഡ് വിപ്ലവം തുടങ്ങിയവയിലേക്കും നീങ്ങുന്നു. സേര്‍ച്ച് എന്‍ജിന്‍ നേഷനുകളുടെയോ മൊബൈല്‍ ഫോണ്‍ ശൃംഖലകളുടെയോ കൂട്ടായ്മയെന്നു വിളിക്കാവുന്ന ഇന്നത്തെ വിവരവിപ്ലവലോകത്തെ നിര്‍മ്മിച്ച ആശയങ്ങളുടെ പുസ്തകമാണിത്. അതിനപ്പുറമുള്ള , അഥവാ ആ വിപ്ലവത്തിന്റെ ഒഴുക്കുകള്‍ വന്നുതട്ടാത്ത വിനിമയ പ്രാചീനതയില്‍ നില്‍ക്കുന്ന മറ്റൊരു ലോകത്തെക്കുറിച്ചു ചിന്തിക്കാന്‍ കൂടി ഈ പുസ്തകം പ്രേരിപ്പിക്കുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന തലതെറിച്ച ആശയങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
Comments are closed.