‘തകരച്ചെണ്ട’ ഗ്യുന്തര്‍ ഗ്രാസിന്റെ ഇതിഹാസ നോവല്‍
നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ എല്ലാമായി ജര്‍മ്മനിയുടെ ചിന്താമണ്ഡലത്തെ നിരന്തരം പ്രകോപിപ്പിച്ചിരുന്ന എഴുത്തുകാരനായിരുന്നു ഗ്യുന്തര്‍ ഗ്രാസ്. മൂടിവെയ്ക്കപ്പെട്ട പലതിനെയും പുറത്തുകൊണ്ടുവരാനുള്ള വ്യഗ്രത അദ്ദേഹം തന്റെ രചനകളിലൂടെ പ്രാവര്‍ത്തികമാക്കിയിരുന്നു. മാത്രമല്ല നാസീ ഭരണത്തിന്റെ ഉയര്‍ച്ചയില്‍ സാധാരണക്കാരുടെ പങ്കിനെ വെളിച്ചത്തുകാട്ടുന്ന രൂക്ഷമായ നിരീക്ഷണങ്ങളാണ് അദ്ദേഹം എഴുതിയത്. അദ്ദേഹത്തിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്ത നോവലാണ് ‘ദ ടിന്‍ ഡ്രം’. നാസിസത്തിനും അതിനു ശേഷവും മുരടിച്ചുപോയ തന്റെ രാജ്യത്തിന്റെ ധാര്‍മികതയെ പ്രതീകവല്‍കരിക്കാന്‍ ‘ദ ടിന്‍ ഡ്രം’ എന്ന നോവലില്‍ നീചനായ ഒരു കുള്ളനെയാണ് അദ്ദേഹം സൃഷ്ടിച്ചത്. 1959ല്‍ പ്രസിദ്ധീകരിച്ച ആ നോവല്‍ ഗ്രാസിനെ ആഗോളപ്രശസ്തിയില്‍ എത്തിച്ചു. ഏറെക്കാലത്തെ ഭാഷാ, ധാര്‍മിക തകര്‍ച്ചയ്ക്കുശേഷം ജര്‍മന്‍ സാഹിത്യത്തിന് ഒരു പുതിയ തുടക്കം നല്‍കിയ പുസ്തകം, നര്‍മഭാസുരമായ ഇരുണ്ട ഗുണപാഠങ്ങള്‍ എന്നീ വിശേഷണങ്ങളോടൊപ്പമാണ് സ്വീഡിഷ് അക്കാഡമി 1999ല്‍ ഈ പുസ്തകത്തിന് നൊബേല്‍ പുരസ്‌കാരം നല്‍കിയത്.
അരാജകേതിഹാസം, മനസ്സിന്റെ വീരസാഹസകഥ, ചരിത്രപരമായ ലാക്ഷണികകഥ, രാഷ്ട്രീയവിഡംബനം, യൂറോപ്യന്‍ മാജിക്കല്‍ റിയലിസത്തിന്റെ മാതൃക എന്നിങ്ങനെ പലരീതിയല്‍ വിശേഷിപ്പിക്കപ്പെട്ട, ഗ്യുന്തര്‍ ഗ്രേസിനെ പ്രശസ്തിയിലേക്കുയര്‍ത്തിയ ‘ദ ഡിന്‍ ഡ്രമിന്റെ ‘മലയാളപരിഭാഷയാണ് തകരച്ചെണ്ട. കെ സി വി വില്‍സണ്‍ ആണ് ജര്‍മ്മന്‍ സാഹിത്യത്തില്‍നിന്നും നേരിട്ട് ഈ കൃതി വിവര്‍ത്തനം ചെയ്തത്.
ഓസ്‌കര്‍ മാറ്റ്‌സേര്‍ത്ത് എന്ന കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെയാണ് മൂന്നുഭാഗങ്ങളുള്ള ഈ ബൃഹത്തായ നോവല്‍ വികസിക്കുന്നത്. പിറവിയിലേ പൂര്‍ണ മാനസികവളര്‍ച്ച നേടിയിരുന്ന ഓസ്‌കര്‍ മൂന്നാം വയസ്സില്‍ ശരീരവളര്‍ച്ച മതിയാക്കുന്നു. പിറന്നാള്‍ സമ്മാനമായ തകരച്ചെണ്ട കഴുത്തില്‍ തൂക്കിക്കൊണ്ട് ഓസ്‌കാര്‍ തന്റെ യാത്ര ആരംഭിച്ചു. പേടിസ്വപ്‌നങ്ങള്‍ നിറഞ്ഞ നാസിഭരണകാലത്തിനും അരാജകത്വം നിറഞ്ഞയുദ്ധപൂര്‍വ്വകാലത്തിനും ഇടയിലുള്ള തന്റെ അനന്യസാധാരണമായ ജീവിതത്തെ അവന്‍ ചെണ്ടയിലൂടെ കൊട്ടിയുണര്‍ത്തുന്നു.
മൂന്ന് കാര്യങ്ങളോടാണ് അയാള്‍ക്കേറയിഷ്ടം. മൂന്നാം വയസ്സില്‍ അമ്മസമ്മാനിച്ച തകരച്ചെണ്ട. അത് അയാള്‍ എപ്പോഴും കൊണ്ടുനടന്നു. അത് കൈവിട്ടപ്പോഴൊക്കെ അയാള്‍ നിലവിളിച്ചു. ഗെഥേയോടും റാസ്പുടിനോടും തോന്നിയ അനിയതവും അനിയന്ത്രിതവുമായ ആകര്‍ഷണമായിരുന്നു ഓസ്‌കറിന്റെ മറ്റൊരു സവിശേഷത. പിന്നെ മറ്റൊരാളുടെ ഭാര്യയായിരുന്ന അമ്മയേയും അയാള്‍ വല്ലാതെ ഇഷ്ടപ്പട്ടു. അമ്മയുടെ മരണശേഷം നാസിയായ രണ്ടാനച്ഛന്‍ വിവാഹം കഴിക്കുന്ന മരിയ ഓസ്‌കറിന്റെ രണ്ടാനമ്മയും അവരുടെ മകള്‍ അവനു സഹോദരിയുമായി മാറുന്നു..ഇത് കഥയുടെ മറ്റൊരു പരിണാമത്തിന് തുടക്കമിടുന്നത്. സന്തോഷകരമായ ജീവിതത്തിനൊടുവില്‍ നാസിയായ രണ്ടാനച്ഛന്‍ മരണപ്പെടുന്നതോടെ ഓസ്‌കാര്‍ മൂന്നില്‍ നിന്ന് മുപ്പതിലേക്ക് വളര്‍ച്ച ആരംഭിച്ചു. ഈ അകാലവൃദ്ധിയാണ് കഥയുടെ കാതല്‍ എന്നുപറയാം. പിന്നീട് അയാള്‍ക്ക് ഡൊറോണിയ എന്ന നേഴ്‌സിനോട് ഇഷ്ടം തോന്നുന്നതും അവളുടെ കൊലപാതകത്തില്‍ സംശയിക്കപ്പെട്ട് ശിഷ്യക്കപ്പെടുന്നതുമാണ് നോവലില്‍ തുടര്‍ന്നുവരുന്നത്. ഒടുവില്‍ ഓസ്‌കര്‍ ഫ്രാന്‍സിലേക്ക് പലായനം ചെയ്യുന്നു… ഇങ്ങനെ ഓസ്‌കറിന്റെ കഥ നാസി ജര്‍മനിയുടെ കൂടകഥയായിത്തീരുന്നു. ഇവിടെയാണ് തകരച്ചെണ്ട ഒരു ഇതിഹാസ നോവലായി തീരുന്നതും.!
Comments are closed.