എന്താണു ‘സ്മാര്‍ത്തവിചാരം’?
ചെറായി രാമദാസ്
ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു ‘സ്മാര്‍ത്തവിചാരം’. 1905ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവന്‍ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കയാണ് ഇവിടെ. കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തി
മൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് അന്നു ഭ്രഷ്ടരാക്കിയത്. കൊച്ചി സര്‍ക്കാരിന്റെ സഹായത്തോടെ നമ്പൂതിരി സമുദായമുഖ്യര്‍ നടത്തിയ ആ വിചാരണ നാലുസ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. അതിന്റെ ആയിരത്തോളം പേജുകളുള്ള രേഖകള്‍ കേരള ആര്‍ക്കൈവ്‌സ് വകുപ്പിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാര്‍ത്തവിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. അത് ഇവിടെ ‘താത്രീ രേഖാവിഭാഗ’ത്തില്‍ ചേര്‍ത്തിരിക്കുന്നു.
കഴിഞ്ഞ 115 കൊല്ലത്തിനകം താത്രീവിചാരത്തോടു ബന്ധപ്പെട്ട് എണ്ണമറ്റ സാഹിത്യകൃതികളും കലാസൃഷ്ടികളും പുറത്തുവന്നിട്ടുണ്ട്. നോവലുകള്‍, കഥകള്‍, കവിതകള്‍, സിനിമകള്‍, നാടകങ്ങള്‍, പത്രവാര്‍ത്തകള്‍, ലേഖനങ്ങള്‍ തുടങ്ങിയ എല്ലാ പ്രതികരണരൂപങ്ങള്‍ക്കും താത്രീസംഭവം വിഷയമായിട്ടുണ്ട്. അവയെ മുഴുവന്‍, വിചാരരേഖകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി പരിശോധിക്കുന്ന ”താത്രീവിചാരം നേരും നുണയും’ എന്ന പ്രബന്ധമാണ് ഈ പുസ്തകത്തിലെ മറ്റൊരു പ്രധാന ഭാഗം. അത് ‘താത്രീപഠന വിഭാഗ’ത്തിലാണുള്ളത്.
താത്രീവിചാരം സംബന്ധിച്ചും അല്ലാതെയുമുള്ള ഔദ്യോഗികഅനൗദ്യോഗിക രചനകളാണു ‘താത്രീവിവരവിഭാഗ’ത്തിലുള്ളത്.’സ്മാര്‍ത്തവിചാര വിഭാഗ’ത്തില്‍, എന്താണു സ്മാര്‍ത്തവിചാരം എന്നു വിശദീകരിക്കുന്ന ‘ശാംകരസ്മൃതി’ ഭാഗം, വിഷയം ചര്‍ച്ച ചെയ്യുന്ന തിരുവിതാം കൂര്‍കൊച്ചിമലബാര്‍ ഔദ്യോഗിക ചരിത്രഗ്രന്ഥ ഭാഗങ്ങള്‍, നമ്പൂതിരി പണ്ഡിതരുടെയും മറ്റും രചനാഭാഗങ്ങള്‍, ഇവയും വിചാരവും ”കൈമുക്കും’ സംബന്ധിച്ച ഏറ്റവും പഴയ ഒറിജിനല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള രചനകളും ചേര്‍ത്തിട്ടുണ്ട്.
എന്റെ പതിനാറു കൊല്ലം നീണ്ട അന്വേഷണവും പഠനവുമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. ഇടയ്ക്ക് ചെന്നൈ ആര്‍ക്കൈവ്‌സില്‍ കേരളീയ നവോത്ഥാന ചരിത്രപഠനത്തിന് അഞ്ചു കൊല്ലം ചെലവഴിച്ചില്ലായിരുന്നെങ്കില്‍ ഈ പുസ്തകം നേരത്തേ പുറത്തുവരുമായിരുന്നു. 15 കൊല്ലം മുമ്പ് താത്രീരേഖകളുടെ ഒരു ഭാഗം പത്രംവഴി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതു മാത്രമാണ് ഇതിനിടയില്‍ കിട്ടിയ ആശ്വാസം.
പുരാതന രേഖകള്‍ അതേപടി, പഴയ ലിപിവിന്യാസക്രമത്തോടെ തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്. സംശയമുള്ളയിടങ്ങളിലും തെറ്റാണെന്നു ബോധ്യപ്പെടുന്നയിടങ്ങളിലും മറ്റും സ ്ക്വയര്‍ ബ്രായ്ക്കറ്റിനകത്തു വിശദീകരണം
നല്കിയിട്ടുണ്ട്. ഒരക്ഷരംപോലും പരിശോധിക്കാതെ വിട്ടിട്ടില്ല. വരും തലമുറകള്‍ക്കും ഉപകരിക്കേണ്ടതാണെന്ന വിശ്വാസമുള്ളതുകൊണ്ടാണ്, ഇത്ര നീണ്ട സമയവും ശ്രദ്ധയും ഇതിനു ചെലവഴിച്ചത്. വായനക്കാരുടെ ഏതുതരം അഭിപ്രായങ്ങളും സംശയങ്ങളും കേള്‍ക്കാന്‍ ഞാന്‍ എപ്പോഴും സന്നദ്ധനായിരിക്കും.
Comments are closed.