DCBOOKS
Malayalam News Literature Website

കനലടങ്ങാതെ കിടന്ന് ഏറെത്താമസിയാതെ അത് വീണ്ടും എരിയാന്‍ തുടങ്ങി…നോവലിന് ഒരു ആമുഖം

‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന് സുഭാഷ് ചന്ദ്രൻ എഴുതിയ ആമുഖം വീണ്ടും വായിക്കപ്പെടുമ്പോൾ

പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു നോവലെഴുതണമെന്ന മോഹം മനസ്സില്‍ തിങ്ങുകയും അതിനുള്ള പ്രായമോ പക്വതയോ കൈവന്നിട്ടില്ലെന്ന് സ്വയം തിരിച്ചറിയുകയും ചെയ്ത സമയത്ത്, എഴുതിവന്ന ഒന്നിനെ ഏച്ചുകൂട്ടി ഞാനൊരു ചെറുകഥ സൃഷ്ടിച്ചിരുന്നു. നോവല്‍സംഗ്രഹം എന്നുപേരുള്ള ഒരു കഥയായി അതു പ്രത്യക്ഷപ്പെട്ടതോടെ അതിലുള്ള മമതയും ഒടുങ്ങുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാല്‍ കനലടങ്ങാതെ കിടന്ന് ഏറെത്താമസിയാതെ അത് വീണ്ടും എരിയാന്‍ തുടങ്ങി. കഥതന്നെ ഒന്നോ രണ്ടോ ആണ്ടുകൂടുമ്പോള്‍ ഒന്നെന്ന കണക്കില്‍ എഴുതുന്ന ഒരാളെ സംബന്ധിച്ച് നോവലെഴുത്ത് ഒരു താങ്ങാച്ചുമടാവുക സ്വാഭാവികമാണ്. എന്നിട്ടും എനിക്കു പറയാനുള്ള ഒന്നിനെ സമഗ്രമായി അവതരിപ്പിക്കുന്ന ഒരു വലിയ പുസ്തകം അതിന്റെ പേരുസഹിതം ഓഫീസിനും വീടിനുമിടയിലുള്ള ആ ഇത്തിരിസമയത്ത് എന്നെ ഉള്ളില്‍നിന്നും ആക്രമിക്കുന്നുണ്ടായിരുന്നു. കഥാനായകന്റെ പതിമൂന്നാം വയസ്സിനെക്കുറിച്ച് ഞാന്‍ എഴുതിത്തുടങ്ങിയെങ്കിലും അത് എങ്ങുമെത്താതെ നിലച്ചുപോയി.

ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള ശബ്ദതാരാവലി പൂര്‍ത്തിയാക്കും മുന്‍പ് എഴുതിയിടത്തോളം അച്ചുകൂടത്തിലേക്കയച്ച് ഒരു കീശാനിഘണ്ടു പുറത്തിറക്കിയതുപോലെ–അദ്ദേഹത്തിന് തനിക്കൊരു ബൃഹദ്‌നിഘണ്ടു പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് ആശങ്കയുണ്ടായിരുന്നുഞാന്‍ അത്തവണയും എഴുതിയ ഭാഗം ഒരു ചെറുകഥയായിത്തന്നെ പ്രസിദ്ധീകരണത്തിനു കൊടുത്തു. മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്റെ ഒന്നാമധ്യായം എന്നായിരുന്നു ആ കഥയുടെ പേര്. എന്നാല്‍ കഥ അവിടംകൊണ്ടും തീരുന്ന മട്ടില്ലായിരുന്നു. ഒമ്പതുവര്‍ഷം മുന്‍പ് മികച്ച കഥയ്ക്കുള്ള വി.പി. ശിവകുമാര്‍ സ്മാരക കേളി പുരസ്‌കാരം എനിക്കു സമ്മാനിക്കുമ്പോള്‍ സുഗതകുമാരി ടീച്ചര്‍ അതിലെ ചില വാചകങ്ങളുടെ ധ്വനിഭംഗിയെപ്പറ്റി സദസ്സിനു വിശദീകരിച്ചു. അത് മങ്ങാന്‍ തുടങ്ങിയ കനലിന് വീണ്ടു മാരുതസ്പര്‍ശം നല്കി.

Textഎഴുപത്തിരണ്ട് അധ്യായങ്ങളായാണ് മനുഷ്യന് ഒരു ആമുഖം ആദ്യം വിഭാവനം ചെയ്തിരുന്നത്. പതിനെട്ട് അധ്യായങ്ങള്‍ വീതമുള്ള ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍. എന്നാല്‍ വീണ്ടും വീണ്ടുമുള്ള തിരുത്തലുകളും പൊളിച്ചെഴുതലുകളും കഴിഞ്ഞപ്പോള്‍ അധ്യായങ്ങള്‍ ആദ്യം അറുപതായും പിന്നെ നാല്പതായും ചുരുങ്ങി. നൂറു വര്‍ഷത്തെ മനുഷ്യജീവിതവും നൂറിലേറെ കഥാപാത്രങ്ങളും ചേര്‍ന്ന് ജിതേന്ദ്രന്റെ സ്വപ്നഗ്രന്ഥത്തെയും എന്റെ നോവലിനെയും കുറേക്കാലം ഒരുപോലെ എഴുത്തിന്റെ പകരം വയ്ക്കാനില്ലാത്ത ആഭിചാരക്രിയയില്‍ കുടുക്കുകയായിരുന്നു. മാതൃഭൂമി ആഴ്ചപ്പ തിപ്പില്‍ ഇത് ഖണ്ഡശ്ശ വന്നുകൊണ്ടിരുന്ന പത്തുമാസങ്ങളാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച കാലഘട്ടം. ദിവസവും ഒരാളെങ്കിലും എന്നെ പരിചയപ്പെടാനായി കത്തെഴുതുകയോ ഫോണ്‍ വിളിക്കുകയോ ചെയ്തു. പല പ്രായക്കാരും പല തരക്കാരുമായ സ്ത്രീപുരുഷന്മാര്‍. അവരില്‍ പൊതുവായി കണ്ട ഒന്നുണ്ടായിരുന്നു: തച്ചനക്കര എന്ന ഗ്രാമവും അയ്യാട്ടുമ്പിള്ളി എന്ന കുടുംബവും യഥാര്‍ത്ഥമാണെന്ന വിശ്വാസം. അതെഴുതുന്നയാള്‍തന്നെയാണ് ജിതേന്ദ്രന്‍ എന്ന ബോധ്യം. ജിതേന്ദ്രനു കെട്ടിനടക്കാന്‍ മനോഹരമായ വാച്ചും ജിതേന്ദ്രന്റെ പെണ്‍മക്കള്‍ക്കണിയാന്‍ സ്വര്‍ണാഭരണങ്ങളും കൊറിയറില്‍വന്നപ്പോള്‍ കല്പന യാഥാര്‍ത്ഥ്യത്തെ കീഴടക്കിക്കഴിഞ്ഞ കാര്യം എനിക്കു മനസ്സിലായി. അതിനെ നിഷേധിക്കാന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നില്ല. കാരണം, എന്റെ സങ്കല്പങ്ങളിലാണ് എന്റെ ജീവിതത്തേക്കാള്‍ കൂടുതല്‍ ഞാന്‍ ഉള്ളത് എന്നതുതന്നെ. മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ ജിതേന്ദ്രനാണോ ഞാനാണോ എഴുതിയതെന്ന കാര്യത്തില്‍ എനിക്കിപ്പോഴും തീര്‍ച്ചയില്ല. എന്റെ സങ്കല്പത്തിലെ കഥാപാത്രമാണ് ജിതേന്ദ്രന്‍ എന്നതുപോലെ ജിതേന്ദ്രന്റെ യാഥാര്‍ത്ഥ്യത്തിലെ എഴുത്തുകാരനാണ് ഞാന്‍ എന്നുമാത്രം എനിക്കിപ്പോള്‍ തോന്നുന്നു.

നാറാപിള്ള സത്രത്തില്‍ വീണ് വീട്ടില്‍ കിടപ്പായ ഭാഗം എഴുതിക്കൊണ്ടിരുന്നപ്പോള്‍, അദ്ദേഹത്തിന് കൊടുക്കാനുള്ള മരുന്നുകളെക്കുറിച്ച് ഉപദേശം തേടാന്‍ സുഹൃത്തായ ഒരു ഡോക്ടറെ ഫോണില്‍ വിളിച്ചിരുന്നു. പേരും പ്രായവും പറഞ്ഞുകൊടുത്ത് വീഴ്ചയുടെ വിശദാംശങ്ങളിലേക്കു കടന്നിട്ട് ഞാന്‍ പറഞ്ഞു: ”എന്തു മരുന്നു കൊടുത്തിട്ടും ഫലമില്ലെന്ന് എനിക്കറിയാം. കാരണം അയാള്‍ ഇരുപത്തേഴു ദിവസത്തിനുള്ളില്‍ മരിക്കും!”

”പക്ഷേ, അങ്ങനെ എനിക്കു ചിന്തിക്കാന്‍ വയ്യ.” അദ്ദേഹം പറഞ്ഞു: ”ഞാന്‍ പറയുന്ന മരുന്നുകള്‍ കൊടുക്കൂ. ഒരു ദിവസം കൂടുതല്‍ ജീവിക്കുന്നെങ്കില്‍ ജീവിക്കട്ടെ!”

ആ മരുന്നുകള്‍ നോവലില്‍ ഉപയോഗിച്ചിട്ടും ഞാന്‍ കരുതിയ സമയത്തുതന്നെ നാറാപിള്ള മരിച്ചു. അന്നു രാത്രി ഡോക്ടറെ വിളിച്ച് അക്കാര്യം പറഞ്ഞപ്പോള്‍ ദുഃഖം നിറഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു: ”വിധി! അല്ലാതെന്താ?” ചെറിയ തോതിലെങ്കിലും ഒരു വിധാതാവാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്ത നിമിഷമായിരുന്നു അത്. പട്ടടയില്‍, നാറാപിള്ളയുടെ നട്ടെല്ലു പൊട്ടുന്ന ശബ്ദം അപ്പോള്‍ ഞാന്‍ കേട്ടു. ഒടുവിലിതാ ജിതേന്ദ്രന്റെ സങ്കല്പഗ്രന്ഥം യാഥാര്‍ത്ഥ്യമാവുകയാണ്. മലയാളിയുടെ സര്‍ഗ്ഗചൈതന്യത്തിന് കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ വന്നുപെട്ട പരിണാമങ്ങള്‍ അനാവരണം ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. വലിയ മനുഷ്യരെ സൃഷ്ടിക്കാനാകാതെ കുഴങ്ങുന്ന നമ്മുടെ കാലത്തെപ്പറ്റിയുള്ള ആധിയാണ് ഈ നോവലിന്റെ യഥാര്‍ഥ പ്രചോദനം. ‘അതാ അദ്ദേഹം’ എന്ന് ഉള്ളില്‍ത്തട്ടിയ ആദരവോടെ ചൂണ്ടിക്കാട്ടാന്‍ മലയാളിസമൂഹത്തില്‍ വരുംകാലത്ത് നമുക്കൊരാള്‍ ഇല്ലാതെപോകുമോ എന്ന ഭയം കലയിലാകട്ടെ എഴുത്തിലാകട്ടെ, മറ്റേതൊരു സര്‍ഗമാധ്യമത്തിലാകട്ടെ, കുള്ളന്മാര്‍ വാഴുന്ന കാലം വരാനിരിക്കുന്നു എന്ന പരിഭ്രമം, ജാതിയും മതവും അതിന്റെ മുഴുവന്‍ പത്തികളോടുംകൂടി ഇതിനെല്ലാം കുടപിടിച്ചുതുങ്ങിയിരിക്കുന്നതിന്റെ ജാള്യം, പണം നോക്കി വാപിളര്‍ക്കുന്ന പിണങ്ങള്‍ സമൂഹത്തില്‍ തിങ്ങിത്തുടങ്ങുന്നതിന്റെ ഉത്കണ്ഠ… ഇതത്രയും എന്നെ പാതിരാത്രി പേനയുമായി ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിച്ചവയാണ്.

കമ്പനിപ്പണിക്കിടയില്‍ വലതുകൈയിലെ നടുവിരല്‍ അറ്റുപോയ അച്ഛനെ എനിക്കിപ്പോള്‍ ഓര്‍മിക്കണം. മൂലധനം വായിച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റായിരുന്നു അച്ഛന്‍. കുട്ടിക്കാലത്ത് പാട്ടിനും കവിതയ്ക്കും പഠനത്തിനും സമ്മാനം വാങ്ങിച്ചെല്ലുമ്പോള്‍ വ്യവസായവിപ്ലവത്തിന് കൈവിരല്‍ നേദിച്ച അദ്ദേഹം മൂര്‍ധാവില്‍ കൈവെച്ച് ചേര്‍ത്തുപിടിക്കുമായിരുന്നു. വാക്കുകളില്ലാതെ. ജീവിതകാലം മുഴുവന്‍ കമ്മ്യൂണിസ്റ്റായിരുന്ന അച്ഛന്‍ ഒരിക്കലേ മദ്യപിച്ചുള്ളൂ–ഞങ്ങളുടെ ജില്ലാ കൗണ്‍സിലിലേക്ക് ഒരു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയിച്ച സന്ദര്‍ഭത്തില്‍. കുറെക്കാലം തുടര്‍ച്ചയായി ആലുവയിലും എറണാകുളത്തും കോണ്‍ഗ്രസ് എം.എല്‍.എ.യും കോണ്‍ഗ്രസ് എം.പി.യും മാത്രം തിരഞ്ഞെടുക്കപ്പെടുന്ന നാളുകളായിരുന്നു അത്. ആദ്യമായി ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ജയാഘോഷങ്ങളില്‍നിന്നു മാറി ഒറ്റയ്ക്കു കാണപ്പെട്ട അദ്ദേഹം പതിവില്ലാതെ ചിരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ”അച്ഛന്‍ കുടിച്ചോ?” മകന്റെ മുന്നില്‍ തലകുനിച്ചുകൊണ്ട് അച്ഛന്‍ വികാരാധിക്യത്തോടെ പറഞ്ഞു: ”ഇന്നല്ലെങ്കില്‍പ്പിന്നെ എന്നാണെടാ എനിക്കു കുടിക്കാന്‍ കഴിയുക?”

രണ്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. പണ്ട് അലൂമിനിയം കമ്പനിയിലേക്ക് അദ്ദേഹം നടന്നുതീര്‍ത്ത ദൂരമത്രയും ഒരിക്കല്‍ക്കൂടി എന്റെ കാറില്‍ ഇരുത്തിക്കൊണ്ടുപോകണമെന്ന ദുരാഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ ആ നാണംകെട്ട തമാശയില്‍ പങ്കാളിയാക്കാതെ കാലം അദ്ദേഹത്തെ കാത്തു. പകരം സഞ്ചയനത്തിനു പെറുക്കിയ അസ്ഥികള്‍ മടിയിലും പിന്നെ ചാക്കില്‍ വടിച്ചുകൂട്ടിയ ചാരം ഡിക്കിയിലുമാക്കി ഞങ്ങള്‍ ആലുവാപ്പുഴയിലേക്കുപോയി. ആലുവാപ്പുഴയില്‍ ചെന്ന് അച്ഛനെ കൊട്ടിക്കളഞ്ഞിട്ട് തിരിച്ച് കോഴിക്കോട്ടെത്തിയപ്പോള്‍ പുത്തന്‍കാറിന്റെ ഡിക്കിയിലെ വെല്‍വെറ്റില്‍ ഓട്ടച്ചാക്കില്‍നിന്നു തൂവിയ ഭസ്മം പറ്റിയിരുന്നത് അസ്വാസ്ഥ്യമുണ്ടാക്കി. മോനേ മോനേ എന്നു വിളിച്ച് എന്നോടൊപ്പം കോഴിക്കോട്ടേക്കു പോന്ന കുറച്ചു ചാരം.

അച്ഛാ, എല്ലാം കത്തിത്തീരുകയാണല്ലോ. സുഖജീവിതകാമനകള്‍ അച്ഛന്റെ മകനെയും ജീവിച്ചിരിക്കെത്തന്നെ ചാരമാക്കിത്തീര്‍ക്കുന്ന കാലവും വന്നല്ലോ. അവസാനത്തെ കനലും അണയുംമുന്‍പ് ഇത്രയെങ്കിലും എഴുതിവെച്ചതിന് പണ്ടത്തെപ്പോലെ എന്റെ നെറുകയില്‍ ഒരിക്കല്‍കൂടി തൊടണേ!

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’എന്ന കൃതിയും

tune into https://dcbookstore.com/

സുഭാഷ് ചന്ദ്രന്‍

Comments are closed.