സോണിയ റഫീക്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘പെണ്‍കുട്ടികളുടെ വീട് ‘; ആശംസകളുമായി ശശി തരൂര്‍
സോണിയ റഫീക്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘പെണ്‍കുട്ടികളുടെ വീടിന്’ ആശംസകളുമായി ശശി തരൂര്‍. പുസ്തകത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് തരൂര്‍ എഴുത്തുകാരിക്കും പുസ്തകത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ചത്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ആഗസ്റ്റ് 30ന് പുസ്തകം പുറത്തിറങ്ങും.
അറബിക്കഥകളെക്കാള്‍ അത്ഭുതം നിറഞ്ഞ, 1950 കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് ‘പെണ്‍കുട്ടികളുടെ വീട്’. ചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത മൂന്ന് സ്ത്രീജീവിതങ്ങളിലൂടെ അറബ് ദേശത്തിന്റെ അറിയാക്കഥകള്‍ സോണിയ പറയുന്നു. ആയിരത്തൊന്നു രാവുകളിലും അവസാനിക്കാത്ത എണ്ണമറ്റ കഥകളുണ്ട് അറബ് നാട്ടിലെ പെണ്ണുങ്ങളുടെ നാവിൽ. കുട്ടികളെ ഉറക്കുവാനും, പിഴച്ചു പോകാൻ സാധ്യതയുള്ള ഭർത്താക്കന്മാരെയും ആണ്മക്കളെയും വരുതിയിൽ നിർത്തുവാനും, ദുഷിച്ച കണ്ണുള്ളവരെ അകറ്റുവാനും, ആത്മ സംഘർഷങ്ങളെ നേരിടുവാനും, ഉള്ളിലെ ഭയങ്ങൾ ചാമ്പലാക്കുവാനും അവർ അനവധി നാടൻ കഥകൾ മെനഞ്ഞിരുന്നു. രാവും പകലും അവർ പറഞ്ഞുകൊണ്ടിരുന്ന കഥകളുടെ അത്ഭുതലോകമാണ് പെൺകുട്ടികളുടെ വീട്. വീട് നഷ്ടപ്പെട്ടവർ, വീട് ഉപേക്ഷിച്ചവർ, വീട്ടിൽ അകപ്പെട്ടവർ, വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവർ – അങ്ങിനെ കുറേ കഥാപാത്രങ്ങളിലൂടെ 1950 – കളിലെ എമിറാത്തി സ്ത്രീ ജീവിതം വെളിപ്പെടുന്നു.
Comments are closed.