കാലത്തിന്റെയും മനുഷ്യരുടെയും നിഗൂഢ അങ്കനങ്ങൾ
” ഉത്തരം തെറ്റിയതിനുള്ള ശിക്ഷയായിരുന്നു നിനക്ക് ഞാൻ തന്ന ആദ്യ ചുംബനം. നമ്മൾ രണ്ടു പേരും മാത്രമുള്ള ആ സായാഹ്നം. പെയ്യാൻ വെമ്പി നിൽക്കുന്ന മഴ. സൂത്രവാക്യവും കണക്കിലെവഴികളുമെല്ലാം പറഞ്ഞു കൊടുത്തു. പക്ഷേ കണക്കു ചെയ്യുന്നതിനു പകരം നീയെന്റെ
ചിത്രം വരച്ചുകാണിച്ചു. ശരിക്കും അത്രയും നല്ല ചിത്രമായിരുന്നു എങ്കിലും എന്നിലെ അധ്യാപകനു ദേഷ്യം വന്നു. കൈപ്പടം നീർത്തി ഞാൻ നിന്നെ അടിച്ചു. നിന്റെ കവിളിൽ എന്റെ രണ്ടു വിരലുകൾ ചെമന്നു പതിഞ്ഞു. ഒരൊറ്റ ദേഷ്യത്തിനു ചെയ്തു പോയതാണ്. അങ്ങനെ ആരെയും അടിക്കുന്നത് എന്റെ സ്വഭാവമായിരുന്നില്ല. നീയൊന്നും മിണ്ടിയില്ല തല കുനിച്ച് വെറുതെയിരുന്നു. അതു ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്കപ്പോൾ തോന്നി. കുറേ നേരം അങ്ങനെ കഴിഞ്ഞു. അപ്പോഴാണ് ആ ചുവന്ന വിരൽപാടുകൾക്ക് മുകളിൽ ഞാൻ വിരലുകളോടിച്ചത്. സാരമില്ല ഞാൻ പറഞ്ഞു. പിന്നെ ആ ചെമപ്പുപാടുകളിൽ പതുക്കെ ചുംബിച്ചു. അടിച്ചപ്പോഴല്ല ഉമ്മ വെച്ചപ്പോഴാണ് നീ കരഞ്ഞത്. എനിക്കോർമ്മയുണ്ട്. ചുണ്ടുകൾ സ്പർശിക്കുമ്പോൾ കൂമ്പിപ്പോയ ഇലകളുള്ള ഒരു കുഞ്ഞു മരത്തിൻ്റെ ചിത്രം അതു ഞാൻ മനസ്സിൽ വരച്ചു ” ( തപോമയിയുടെ അച്ഛൻ, P. 234)
ഇത്തരം നൈർമ്മല്യമാർന്ന ആഖ്യാനങ്ങൾ ഈ നോവൽ പിന്നെയും പിന്നെയും വായിക്കാൻ പ്രേരിപ്പിക്കുന്നു. അതീന്ദ്രിയധ്യാനം പോലെ ഈ കണ്ണാടി ഭാഷ നമ്മുടെ മനസ്സിനെ പവിത്രമാക്കുന്നു. ആഖ്യാന കലയുടെ കവിഞ്ഞൊഴുകൽ. ഇമേജറികളുടെ നിറക്കൂട്ടുകളില്ലാതെ നേർപ്പിച്ചെടുത്ത ഭാഷ കൊണ്ട് മനുഷ്യാവസ്ഥയുടെ നിഗൂഢതകൾ അതിഗാഢമായി അങ്കനം ചെയ്യുവാൻ ഈ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു. പറയപ്പെടാത്ത അഭയാർത്ഥികളുടെ ജീവിതത്തിലേക്കാണ് നൈർമ്മല്യത്തിൻ്റെ ഭാഷാ പതാകയുമേന്തി കഥാകാരൻ മാർച്ചു ചെയ്യുന്നത്. അഭയാർത്ഥിത്വം എന്ന അവസ്ഥയെ ആഴത്തിൽ അനുഭവിപ്പിക്കാൻ, പരോക്ഷതയും ആത്മാഖ്യാനശൈലിയും സമ്മോഹനമായി വിന്യസിച്ചിരിക്കുന്ന നോവലിനു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥകൾ നിരാലംബരാക്കിയ മനുഷ്യരുടെ ജീവിതത്തെ ഇത്രമേൽ കാരുണ്യത്തോടെ ചിത്രണം ചെയ്തിട്ടില്ല ആരും എന്നു തന്നെ പറയാം. അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങൾ നിഗൂഹനം ചെയ്തു കൊണ്ട് അവരുടെ ജീവിതത്തിൻ്റെ കണ്ടെടുക്കപ്പെടാത്ത സ്തോഭമുഹൂർത്തങ്ങൾ, പല സ്ഥലകാലങ്ങളിലായി ചിതറിക്കിടക്കുന്ന അനുഭൂതി മുദ്രകൾ കോർത്തെടുകയും ചേർത്തു വയ്ക്കുകയുമാണ്. അതിജീവനത്തിനായി താണ്ടിയ കനൽ പാതകൾ, രക്തബന്ധങ്ങൾ ഛേദിച്ച ദാരുണ അനുഭവങ്ങൾ, അപമാനങ്ങൾ, പീഡനങ്ങൾ, പാപത്തിന്റെയും കുറ്റബോധത്തിന്റെയും ഒക്കെ അനുഭവങ്ങൾ നിഗൂഢ ലിപിസഞ്ചയങ്ങളായി അവരിൽ അവശേഷിക്കുന്നുണ്ട്. കാലത്തിനുംആഖ്യാനത്തിനും പിടിതരാത്ത, അഥവാ അറിയാൻ മെനക്കെടാത്ത അഭയാർത്ഥി അവസ്ഥയെ ജ്ഞാനസാന്ദ്രമായും വൈകാരികമായും വീണ്ടെടുക്കുകയാണ്, തപോമയിയുടെ അച്ഛനിലൂടെ ഇ സന്തോഷ് കുമാർ. ഇന്ത്യൻ നോവലിൻ്റെയും അഭയാർത്ഥി പ്രശ്നം വൈകാരികമായി അടയാളപ്പെടുത്തുന്ന ലോക നോവലിന്റെയും തലപ്പത്തേക്ക് നമ്മുടെ ആഖ്യാന കല ചങ്കൂറ്റത്തോടെ കടന്നു ചെല്ലുന്നതിൽ അഭിമാനിക്കാം.
മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ജ്ഞാന നിർമ്മിതിയാണ് സന്തോഷിന്റെ കേന്ദ്രങ്ങളിലൊന്ന്. അതിലുടെ അനുഭവജ്ഞാനാതീതമായ ലോകത്തേക്ക് കടന്നു ചെല്ലാനും കഴിയുന്നു. ആധുനിക കാലത്തിന്റെ ധിഷണയ്ക്ക് പിടിതരാത്ത പുരാതന ലിപികളും ചിഹ്നങ്ങളുമാണ് നോവലിൽ ജ്ഞാന രൂപകമായി വിന്യസിക്കുന്നത്. കാലത്തെ ജീവിതത്തെ, മനുഷ്യജീവിതത്തിന്റെ വൈകാരികാനുഭൂതികളെ കലയ്ക്കും ശാസ്ത്രത്തിനും കൃത്യമായി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന ദർശനം, ഈ ജ്ഞാന ബിംബ പ്രവേശം മുന്നോട്ടുവയ്ക്കുന്നു എന്നു പറയാം.
ബംഗ്ലാദേശിന്റെ വിദൂര ഗ്രാമങ്ങളിൽ നിന്നും ദ്വീപുകളിലും വിജന സ്ഥലങ്ങളിലും കാനനപ്രാന്തങ്ങളിലും നദീമുഖത്തും കൽക്കത്ത, ഡൽഹി തുടങ്ങി മഹാനഗര ചേരികളിലും വന്നടിഞ്ഞ അഭയാർത്ഥികളുടെ ജീവിതത്തെ അടുത്തറിയാൻ ഇട വരുന്ന ആഖ്യാനകാരൻ അഭയാർത്ഥികൾക്കിടയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന തപോമയിയെ പരിചയപ്പെടുന്നു. നിഗൂഢ ലിപി ശാസ്ത്രം മനസ്റ്റിലായിട്ടുള്ള ആഖ്യാതാവ്, തപോമയിയുടെ അച്ഛൻ ഗൂഢ ലിപിയിൽ കോറിയിട്ട കുറിപ്പുകളും ഡയറിയും വായിക്കാനിടയാകുന്നു. അതിലൂടെ തെളിഞ്ഞു വരുന്നത് സ്തോഭപൂർണ്ണമായ അഭയാർത്ഥി ജീവിതേതിഹാസമാകുന്നു, സൈന്ധവലിപികൾ വായിച്ച ഷണ്മുഖം സന്താനം എന്ന പട്ടാള ഓഫീസറും, ഗണിതത്തിലും നിഗൂഢഭാഷയിലും ജന്മസിദ്ധമായ പ്രതിഭയുള്ള ഗോപാൽ ബറുവയും, ജഹാൻ എന്ന അഭയാർത്ഥിയും, പ്രണയനഷ്ടത്തെയും നിശബ്ദമായി സഹിച്ച സുമനയുമെല്ലാം ഈ അഭയാർത്ഥികളുടെ വിഷാദകഥയിലെ ബിംബങ്ങളാകുന്നു.
ഈ നോവലിലെ ഭാഷയും ആഖ്യാനവും അത്രമേൽ വശീകരിക്കുന്നതാകുന്നു. ഖസാക്കിനു ശേഷം മലയാള നോവൽ കലയിൽ സംഭവിച്ച ആഖ്യാന വിപ്ലവം. നേർപ്പിച്ച ഭാഷ കൊണ്ട് സങ്കട സങ്കീർണ്ണതകൾ എഴുതുന്ന രീതി. ഒരു സന്ദർഭം കൂടി ഉദ്ധരിക്കുന്നു.” വയലുകൾക്കിടയിലൂടെ നീണ്ടുപോകുന്ന വരമ്പുകൾ ശീതകാലമായിരുന്നു. നനുത്ത തിരശ്ശീല പോലെ മഞ്ഞ് നമുക്കിടയിലുണ്ട്. ഇളം കാറ്റു വന്ന് അതിൻ്റെ ഞൊറിവുകൾ ഇളക്കിയപ്പോൾ മുന്നിലെ വഴികൾ തെല്ലിട നേരം കാഴ്ചയിൽ വന്നു. അത്ര മാത്രം വീണ്ടും മഞ്ഞിൻ്റെ മേലാടകൾ ഇണങ്ങിച്ചേരുന്നു. വക്കുകളിൽ വെളുപ്പാൻ കാലത്തിന്റെ സ്വർണത്തരികൾ പിടിപ്പിച്ച മേഘങ്ങൾ ചെമ്മരിയാട്ടിൻപറ്റങ്ങൾ പോലെ ആകാശത്തു മേയുന്നുണ്ട്. ദൂരെ കുന്നുകൾ. കുന്നുകൾക്കു മുകളിലും മഞ്ഞു പുകയുന്നു ” അഭയാർത്ഥിത്വം നമുക്ക് അപരിചിതമാണ് .അവർ ദൂരെയാണ്. അരികിലല്ല എന്നാൽ തപോമയിയുടെ അച്ഛനിലൂടെ നാം ആ ദൂരജീവിതങ്ങളിൽ നിന്ന്, കുന്നുകളിൽ മഞ്ഞു പുകയുന്നതു പോലെ മഹാ വ്യഥകൾ പുകയുന്നത് കാണുന്നു.
Comments are closed.