വേരുകള്‍ നഷ്ടപ്പെട്ട മനുഷ്യരുടെ കഥ
ഇ.സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛന്‍’ എന്ന നോവലിന് ജയേഷ് വരയില്‍ എഴുതിയ വായനാനുഭവം
പ്രിയപ്പെട്ട എഴുത്തുകാരൻ ഇ.സന്തോഷ് കുമാറിൻ്റെ പുതിയ നോവലാണ് തപോമയിയുടെ അച്ഛൻ. ബംഗ്ലാദേശിൽ നിന്നും അഭയാർഥികളായി ഇന്ത്യയിൽ എത്തപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥയാണിത്. സ്വന്തം നാടുവിട്ടു വന്നവർ പാതി മരിച്ചവരാണ്. വേരുകൾക്ക് പിടുത്തമില്ലാത്ത ജലസസ്യങ്ങളെപ്പോലെയാണ് ഓരോ അഭയാർഥിയും .ചെറിയ കാറ്റ് തട്ടിയാൽ പോലും അവർ പരിഭ്രമിക്കുന്നു. വേരു നഷ്ടപ്പെട്ട ഈ മനുഷ്യരുടെ ശരീരഭാഷ തന്നെ ഭയമാണ്. അവർ എല്ലാവരേയും ഭയക്കുന്നു.
അഭയാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ എന്ന സംഘടനയുടെ സജീവ പ്രവർത്തകനായ തപോമയി ബറുവയുടെയും അദ്ദേഹത്തിൻ്റെ അച്ഛനായ ഗോപാൽ ബറുവയുടേയും കഥയാണിത്. സന്താനം, സുമന, ജഹാൻ, പര വീണ ,ശ്യാമൾ ദാ തുടങ്ങിയ മറ്റ് കഥാപാത്രങ്ങളും നമ്മുടെ മനസിൽ മായാതെ നിൽക്കും.
തപോമയി എഴുതിയ ഒരു കാർഡിലെ ഗൂഢ ഭാഷ വായിക്കാൻ ശ്രമിക്കുന്നതിലൂടെയാണ് ആഖ്യാതാവ് അദ്ദേഹത്തിൻ്റെ അച്ഛനായ ഗോപാൽ ബറുവയെ പരിചയപ്പെടുന്നത്. അത്രയെളുപ്പം ആർക്കും പിടികൊടുക്കാത്ത മനുഷ്യനാണയാൾ. ഉടുപ്പു കൊണ്ട് നഗ്നത മറച്ചുവെക്കുന്നതു പോലെ അയാൾ പെരുമാറ്റം കൊണ്ടും നിശബ്ദത കൊണ്ടും തൻ്റെ ആന്തരിക ജീവിതം മറച്ചു പിടിക്കുന്നു. സ്വന്തം മനസാക്ഷിയോടു പോലും മനുഷ്യർ പലതും ഒളിക്കുന്നു. ഇങ്ങനെ പറയാനാവാതെ കെട്ടിക്കിടക്കുന്ന കാര്യങ്ങളാണ് മനുഷ്യരെ നിത്യദുരിതങ്ങളിലേക്ക് നയിക്കുന്നത്. അത്രയും പ്രിയപ്പെട്ട ഭാര്യയുടെ മരണം പോലും അയാളിൽ ആശ്വാസമാണ് ഉണ്ടാക്കുന്നത്. രണ്ടു പേർ മാത്രം അറിയുന്ന രഹസ്യം തന്നിൽ മാത്രം ഒതുങ്ങുന്നുവെന്ന ആശ്വാസം .
കാമുകിയായ സുമനയെ സ്വന്തമാക്കാൻ താൻ ചെയ്ത ഒരു അപരാധം ജീവിതകാലം മുഴുവൻ ഗോപാൽ ബറുവയെ വേട്ടയാടുന്നു. ആരോടും പറയരുതെന്നും ആരും അറിയരുതെന്നും ആഗ്രഹിക്കുമ്പോഴും അതെവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് അയാൾ തീരുമാനിക്കുന്നു. ഒരു പക്ഷേ അതയാൾക്ക് ഇത്തിരി മനസമാധാനം നൽകിയിട്ടുണ്ടാവണം. തൻ്റെ മകൻ തപോമയി അറിയാതിരിക്കാൻ ഗൂഢമായ ലിപികളിൽ അദ്ദേഹം തൻ്റെ ഭൂതകാലം ഒരു ഡയറിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നു.
കുട്ടികൾ ദൈവത്തിൻ്റേതാണ്
തോണിയിലിരുന്ന് നീ അയാളെ കണ്ടിരുന്നോ
എന്നീ രണ്ട് വാക്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ആഖ്യാതാവിനെ ഗോപാൽ ബറുവയുടെ ഭൂതകാലത്തെക്കുറിച്ചറിയാൻ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ പുരാവസ്തുക്കളിൽ നിന്ന് കണ്ടെത്തിയ ഗൂഢ ലിപികളിൽ എഴുതിയ ഡയറി വായിച്ചപ്പോഴാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവയല്ലെന്ന് തിരിച്ചറിയുന്നത്. നോവലിലെ പ്രധാന സ്ത്രീ കഥാപാത്രമായ സുമന വിരൂപനും വിക്കനുമായ തൻ്റെ ഭർത്താവ് ശ്യാമൾ ദാ യിൽ നിന്ന് തൻ്റെ വയറ്റിൽ പിറന്ന മകനെ സംരക്ഷിക്കാൻ വേണ്ടിയാണ് ഗോപാൽ ബറുവയുടെ കൂടെ ഇറങ്ങി വരുന്നത്. ഈ നോവൽ തപോമയിയുടെ അമ്മയുടെ കൂടി കഥയാണ്. പ്രളയജലത്തിൽ നിന്നും ശ്യാമൾ ദായെ രക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും സുമനയെ തൻ്റേത് മാത്രമാക്കാൻ വേണ്ടി ഗോപാൽ ബറുവ ആ പാവത്തിനെ പ്രളയത്തിൽ ഉപേക്ഷിച്ച് മടങ്ങുകയാണ് ചെയ്യുന്നത്. ഞാനൊന്നും ചെയ്തില്ലല്ലോ എന്ന ഗോപാലിൻ്റെ ചോദ്യത്തിന് നീയൊന്നും ചെയ്തില്ല എന്ന സുമനയുടെ മറുപടി ജീവിതകാലം മുഴുവൻ അയാളെ പിൻതുടരുന്നു.എല്ലാ കുട്ടികളും ദൈവത്തിൻ്റേതാണ് എന്ന് പറഞ്ഞാണ് ശ്യാമൾ ദായുടെ മകനായ തപോമയിയെ സംരക്ഷിക്കാൻ സുമന ഗോപാൽ ബറുവയോട് ആവശ്യപ്പെടുന്നത്.
നോവലിലെ മറ്റൊരു കഥാപാത്രം മഴയാണ്. ജനലിലൂടെ നോക്കുമ്പോൾ ഗോപാൽ ബറുവ കാണുന്നത് പഴയൊരു മഴയാണ്. നോവലിൽ പലയിടത്തും മഴ തകർത്തു പെയ്യുന്നുണ്ട്. അത് ഗോപാൽ ബറുവയുടെ ഉള്ളിലെവിടെയോ പെയ്യുന്ന തോരാമഴയാണ്. മനുഷ്യർ ജീവിതത്തിൽ നിർബന്ധമായും കാണേണ്ട സ്ഥലങ്ങൾ ജയിലും മനോരോഗാശുപത്രിയും പാലിയേറ്റീവ് വാർഡും ആണെന്ന് പറയാറുണ്ട്. എന്നാൽ മനുഷ്യൻ്റെ അഹന്ത കുറയ്ക്കാൻ ഒരഭയാർഥി ക്യാമ്പ് കൂടി സന്ദർശിക്കുന്നത് നല്ലതാണെന്ന തപോമയിയുടെ വാക്കുകളാണ് ഒടുവിൽ ഓരോ വായനക്കാരൻ്റേയും മനസിൽ തങ്ങി നിൽക്കുന്നത്.