ജീവിത സമ്മര്‍ദ്ദത്തിനിടയില്‍ മറ്റെല്ലാം മറന്നുപോകുന്ന ഒരുകൂട്ടം മനുഷ്യജന്മങ്ങള്‍
ഇ സന്തോഷ് കുമാര്‍ എഴുതിയ ‘തപോമയിയുടെ അച്ഛന്‍’ എന്ന നോവലിന് ആരതി സെബാസ്റ്റ്യന്‍ എഴുതിയ വായനാനുഭവം, കടപ്പാട് ഫേസ്ബുക്ക്
ഇ സന്തോഷ് കുമാർ എഴുതിയ ‘തപോമയിയുടെ അച്ഛൻ’ വായിച്ചു. ഗൂഢമായ ചിഹ്നങ്ങൾ കൊണ്ട് അദ്ദേഹം കോറിയിട്ട കഥപോലെ തന്നെയാണ് മനുഷ്യരുടെ ജീവിതം എന്ന് തോന്നാറുണ്ട്. ഒരുപക്ഷേ മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നാവുന്ന, മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത നിഗൂഢതകൾ നിറഞ്ഞവ. CSR ന്റെ സാമ്പത്തിക പദ്ധതികൾ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ചുമതലയുള്ള ആഖ്യാതാവ്, ദില്ലിയിലെ അഭയാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ‘ഷെൽറ്റർ’ എന്ന സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്ന തപോമയി ബറുവ എന്ന വ്യക്തിയെ പരിചയപ്പെടുന്നതും, പിന്നീട് തപോമയിയുടെ അച്ഛനായ ഗോപാല്‍ ബറുവയെ കണ്ടുമുട്ടുന്നതും, അവരുടെ ഇടയിൽ നിഗൂഢമായ ചിഹ്നഭാഷ വളർത്തിയ സൗഹൃദവും, അഭയാർത്ഥിയായിരുന്ന ഗോപാൽ ബറുവയുടെ അതിജീവനവും, അയാൾ വിട്ടുപോന്ന ദേശങ്ങളും, മനുഷ്യരും എല്ലാം ഇഴചേർന്ന് നിൽക്കുന്ന ആത്മസംഭാഷങ്ങളാണ് ഈ നോവൽ.
ഗോപാൽ ബറുവയുമായുള്ള സൗഹൃദത്തെ, അദ്ദേഹത്തിന്റെ മരണശേഷം, അയാൾ ബാക്കിവെച്ചുപോയ ഓർമ്മകളുടെ കുറിപ്പുകൾ വഴി എഴുത്തുകാരന്‍ വായിച്ചെടുക്കുമ്പോൾ, ശരിക്കും കാലം തെറ്റിപെയ്ത, ഒരിക്കലും തോരാത്ത, കനത്തുപെയ്യുന്ന, അശാന്തമായ മഴയിൽ നമ്മളും നനയുകയാണ് എന്ന് നമുക്ക് തോന്നിപ്പോകും. നമ്മൾ അതിൽ ചോർന്നൊലിച്ചുപോകും.
അഭയാർത്ഥികളായ മനുഷ്യരുടെ ജീവിതം വായിക്കുമ്പോള്‍, ഓഖ്ലയിൽ, യമുനാ നദിയുടെ കരയിൽ പ്രവർത്തിച്ചിരുന്ന നാൽപ്പതോളം ഷെഡ്ഡുകളുടെ നീണ്ട നിരയുടെ ഒത്തനടുവിൽ നമ്മൾ നിന്നെരിയുന്നതായി നമുക്ക് അറിയാന്‍ കഴിയും. ജീവിച്ചു പോകുക എന്ന സമ്മർദ്ദത്തിനിടയിൽ മറ്റെല്ലാം മറന്നു പോകുന്ന ഒരു കൂട്ടം മനുഷ്യ ജന്മങ്ങൾ.
‘മനുഷ്യർ ജീവിതത്തിൽ നിർബന്ധമായും കാണേണ്ട ചിലയിടങ്ങൾ ഉണ്ട് എന്ന് ആഖ്യാതാവ് ഇവിടെ സൂചിപ്പിക്കുന്നു. ഒരു ജയിൽ, മെന്റൽ ഹോസ്പിറ്റൽ, പിന്നെ മാറാരോഗികളെ പരിചരിക്കുന്ന ഒരു വാർഡ്. മൂന്നും കാണേണ്ടത് തന്നെ. മനുഷ്യരുടെ അഹന്ത കുറയ്ക്കാൻ അത്തരം സന്ദർശനങ്ങൾ സഹായിക്കും. എന്നാൽ ഇക്കാലത്ത് അതിന്റെ കൂടെ ചേർക്കേണ്ട ഒന്നുകൂടിയുണ്ട്, അഭയാർത്ഥി ക്യാമ്പുകൾ എന്ന് തപോമയി കൂട്ടിച്ചേർക്കുന്നത് എത്രയോ സത്യമാണെന്ന് തോന്നിപ്പോകും അവരോരുത്തരുടെയും ജീവിതത്തെ അറിയുമ്പോൾ.
ഗോപാൽ ബറുവയും, കേണൽ സന്താനവും മാത്രമല്ല, നർമ്മം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ടും നമ്മെ ചിരിപ്പിക്കുന്ന ഫലിതപ്രിയനായ ഡോക്ടർ സർക്കാരും, ഗോവക്കാരനായ ജോസ് അഗസ്താ ദെ അബ്രുവും ഒക്കെ ഹൃദയത്തെ തൊട്ടു പോകുന്ന കഥാപാത്രങ്ങളാണ്. ഗോവയിലിരുന്നാണ് ഇന്നീ നോവൽ വായിച്ചു തീർത്തത്. നിങ്ങളിതുവരെ കണ്ടിട്ടില്ലാത്ത ആ മനുഷ്യൻ ഇവിടെ അടുത്തെവിടെയോ ഉള്ളപോലെ.
ഗോപാൽ ബറുവയുടെ മരണശേഷം നിഗൂഢ ഭാഷയിൽ എഴുതിയ അദ്ദേഹത്തിന്റെ ഡയറി നിങ്ങൾ ഒരിക്കലെങ്കിലും വായിച്ചുനോക്കണം എന്ന് ഓരോ വായനക്കാരനും ആഗ്രഹിച്ചുപോവും. പ്രമാണലംഘനം പോലെ ആ ഗൂഢസഞ്ചയങ്ങൾ നിങ്ങൾ വായിച്ചുപോകുമ്പോൾ ഗോപാൽ ബറുവ എന്ന മനുഷ്യനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നുകയായിരുന്നു.
പർവീണയും, ജഹാനും, ശ്യാമൾദായും, സുമനയും അവരുടെ പ്രണയവും, വിരഹവുമെല്ലാം വായനക്കാരനെ പൊള്ളിക്കും. ആ ഡയറി വായിച്ചു തീരുമ്പോള്‍ സുമന കല്ല് കൊണ്ട് കോറിയിട്ട ചിത്രം പോലെ മനസ്സില്‍ പതിഞ്ഞു നിൽക്കും. എന്തൊരു സ്ത്രീയാണവർ.
തപോമയിയുടെ അച്ഛനെ ഒരുപാട് പേർ വായിക്കട്ടെ, അറിയട്ടെ.
ഇ സന്തോഷ് കുമാറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.