ഭാഷകൊണ്ടു ശില്പഭദ്രമാകുന്ന താജ്മഹല്‍
ചില നേരങ്ങളിലെങ്കിലും നമ്മുടെ മനസ്സിനെ മറ്റുള്ളവര്‍ വ്യാഖ്യാനിച്ച ശേഷം മാത്രമേ നമുക്കു വായിക്കാനാവുകയുള്ളു. ‘മൂക്കുത്തി’ എന്ന കവിതയിലെ ഈ വരികളില്‍ ഒ.പി സുരേഷ് പകര്‍ത്തുന്ന അനുഭവം അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുന്നവര്‍ക്കുകൂടി അനുഭവമായിത്തീരുന്നതാണു സമീപകാലത്തു മലയാളകവിതയില്‍ സംഭവിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട ഒരു മാറ്റം.
തിക്കിത്തിരക്കുന്ന തിരക്കുകള്‍ക്കിടയില്‍ ഒച്ചയുണ്ടാക്കാതെ ഇരുന്ന പ്രിയപ്പെട്ടവളുടെ ആവശ്യത്തെയാണു മേല്‍പ്പറഞ്ഞ കവിതയില്‍ ഒ.പി സുരേഷ് മൂക്കുത്തി എന്നു വിളിക്കുന്നത്. തീരെ ചെറിയതാണ് അത്. അതുകൊണ്ടുതന്നെ സൂക്ഷ്മനോട്ടങ്ങള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ഒന്ന്. വസ്തുക്കളുടെ വലുപ്പ വ്യത്യാസം കലാചിന്തകള്‍ക്കു വിഷയമാകുന്നത് ഇത് ആദ്യമല്ല. 18ാം നൂറ്റാണ്ടിലെ പ്രസിദ്ധ ചിന്തകരില്‍ ഒരാളായ ബര്‍ക്ക് വലുപ്പം കൂടിയ വസ്തുക്കളുടെ സൗന്ദര്യത്തെ മഹനീയം എന്നും വലുപ്പം കുറഞ്ഞ വസ്തുക്കളെ രമണീയം എന്നും നോക്കിക്കാണുന്നുണ്ട്. ഇതുപ്രകാരം മൂക്കുത്തി രമണീയ വസ്തുവാകുന്നത് അതു നന്നേ ചെറുതായതുകൊണ്ടാണ്. മാര്‍ദ്ദവം, വര്‍ത്തുളത, അനായാസത എന്നിവ രമണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുമ്പോള്‍ ആയാസകരവും ഋജുവും പരുക്കനുമായ അനുഭവങ്ങള്‍ മഹനീയതയ്ക്കു കാരണമാകുന്നു. താജ്മഹല്‍ വലുപ്പം കൂടിയ വസ്തുവായിരുന്നുകൊണ്ട് ഈ നിയാമകങ്ങളെ അതിവര്‍ത്തിക്കുകയാണു ചെയ്തത്. മിനുസം, വര്‍ത്തുളത തുടങ്ങിയ ഗുണങ്ങള്‍ വലുപ്പമുള്ള വസ്തുവില്‍ ചേര്‍ത്തുവെച്ച തത്തുല്യമായ ഒന്നു ലോകത്തൊരിടത്തും കാണാന്‍ കഴിയില്ല. അതുകൊണ്ടു പകരംവെക്കാനാകാത്ത അനുഭൂതികളെക്കൊണ്ടു താജ്മഹല്‍ എപ്പോഴും പുതുക്കപ്പെടുന്നു.
ഒ.പി സുരേഷിന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ താജ്മഹല്‍ തുറന്നാല്‍ ഭാഷകൊണ്ടു ശില്പഭദ്രമാകുന്ന മറ്റു ചില അപൂര്‍വ്വതകള്‍ക്കു സാക്ഷ്യംവഹിക്കാം. ‘ പകരം ‘ ആണ് ഈ സമാഹാരത്തിലെ ആദ്യ കവിത. താജ്മഹല്‍ എന്ന വാസ്തുശില്പത്തെ അതിനപ്പുറത്തേക്കു നോക്കികാണുവാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് ഈ കവിത തുടക്കത്തില്‍ സ്ഥാനപ്പെടുന്നത്. പാലം തകര്‍ന്നു പുഴയില്‍ വീണു യാത്രക്കാരെല്ലാം മരിച്ച അതേ വണ്ടിയില്‍ ഇന്നലെ കയറിയ കവി താന്‍ ആരുടെ പകരക്കാരനാണ് എന്നു ചിന്തിക്കുന്നിടത്തുനിന്നും പുറപ്പെട്ടതാണ് ഇതിലെ കവിത. അവളുടെ നിര്‍ബന്ധം കാരണമാണ് ഇന്നു പോകാനിരുന്ന താന്‍ ഇന്നലെത്തന്നെ പോയതെന്നു നെടുവീര്‍പ്പെടുന്ന കവി അടുത്തടുത്തു പല പൊട്ടിത്തെറികളില്‍നിന്നും നൂലിഴയ്ക്കു രക്ഷപെടുന്നുമുണ്ട്. താന്‍ കേവലം ഒരു പകരക്കാരന്‍ മാത്രമാണെന്ന അനിശ്ചിതത്വത്തിലേക്കാണു സംഭവങ്ങള്‍ നയിച്ചുകൊണ്ടിരുന്നത്. അനേകം വാക്കുകള്‍ കൂട്ടം ചേരുന്ന ഭാഷയുടെ ഒരു പ്രകരണത്തില്‍ പ്രകര്‍ഷമായവ കണ്ടെടുത്തു മൊഴിപ്പെടുത്തുകയാണല്ലോ കവിത ചെയ്യുന്നത്.
ഇങ്ങനെ തിരഞ്ഞെടുക്കുമ്പോള്‍ ഓരോ വാക്കും മറ്റു പല വാക്കുകളുടെയും പകരക്കാരാകുന്നുവെന്നു പറയാം. വാക്കുകളുടെ ഈ അന്യതയില്‍ സമാഹരിക്കപ്പെടുന്ന നെടുവീര്‍പ്പുകള്‍ ഒ.പി സുരേഷിന്റെ കവിതകള്‍ക്കു സൂക്ഷ്മമാനങ്ങള്‍ നല്കുന്നു. ‘മിഥുന വേനലി’ല്‍ അന്യോന്യം വിശദീകരിച്ചുകൊണ്ടേയിരിക്കുന്ന രണ്ടുപമകളെ വെളിപ്പെടുംതോറും അകപ്പെട്ടുപോകുന്ന രണ്ടു സംശയങ്ങളായിക്കണ്ട് ആകുലപ്പെടുന്നു കവി. സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന രണ്ടു കാര്യങ്ങള്‍ വൈവിദ്ധ്യങ്ങളെ ന്യൂനീകരിക്കുകമാത്രം ചെയ്യുന്നു എന്ന ചിന്ത ഏകശിലാത്മകമായ ലോകബോധത്തെ ചെറുത്തുനില്‍ക്കുന്നു. സമകാലിക ഇന്ത്യയുടെ ആപല്‍ക്കരമായ മുഖത്തെ അനാവരണം ചെയ്യുവാന്‍ കഴിയുന്ന ഒരു കാവ്യപദ്ധതിയുടെ ഉരുവാകലായി ഇതിനെ നോക്കികാണാവുന്നതാണ്. താജ്മഹല്‍ എന്നു പേരിട്ട കവിതയുടെ ചുവട്ടില്‍ ആ പേരില്‍ പീടിക നടത്തിയിരുന്ന ബാവുട്ടിക്കയുടെ നെടുവീര്‍പ്പുകളെ ഒ.പി സുരേഷ് കോറിയിടുന്നത് ഇങ്ങനെ ” സ്മാരകങ്ങള്‍ നിങ്ങള്‍ക്കു പൊളിക്കാനായേക്കും സ്മരണകളെ തൊടാനാകില്ല”. ബാവുട്ടിക്കയുടെ കട എത്ര വേഗമാണ് ഒരു മിത്തായി പരിണമിച്ചത്.
രാഷ്ട്രീയകവിത എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തുന്ന പ്രകടനപരമായ ആശയങ്ങളോ സ്ഥൂലമായ അനുഭവകഥനമോ അല്ല ഒ.പി സുരേഷിന്റെ കവിതകള്‍. സച്ചിദാനന്ദന്‍, കെ ജി എസ്, പി.എന്‍ ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി തുടങ്ങിയവരിലൂടെ ഇതിനോടകം മുദ്രിതമായ ഒന്നിന്റെ മാറ്റൊലിയുമല്ലത്. പ്രണയംപോലെ ആര്‍ദ്രമായ അനുഭൂതികളെ രാഷ്ട്രീയവിശകലനങ്ങളോടും തത്ത്വചിന്തയോടും ആഴമുള്ള ഭാഷാനുഭവങ്ങളോടും ചേര്‍ത്തെടുക്കുന്ന ചൊടിയും ചൂരും അതിനു സ്വന്തം. ഒരേ സമയം സ്ഥൂലവും സൂക്ഷ്മവുമായിരിക്കാന്‍ കഴിയുന്ന ഭാഷയിലെ ഒരു താജ്മഹല്‍. ഓരോ പൗരനും ഓരോ പൊട്ടിത്തെറികള്‍(വരകള്‍) പക അവരുടെ സ്ഥൂലപതാക. സൂക്ഷമലോകങ്ങളിലേക്കു കടന്നാല്‍ എങ്ങനെ മരിക്കണം വന്നു ചോദിക്കുന്നു , ആര്‍ത്തികളെല്ലാമടങ്ങി ഒടുക്കത്തെ കാത്തിരിപ്പില്‍ അനാസക്തമാം നിഴല്‍(പാരിജാതം).
ഒ.പി സുരേഷിന്റെ താജ്മഹല്‍ എന്ന കവിതാസമാഹാരത്തിന് ഒ. അരുണ്‍ കുമാര്‍ എഴുതിയ വായനാനുഭവം.
Comments are closed.