ഒ പി സുരേഷിന്റെ ‘താജ്മഹൽ’ ; കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി
പ്രകാശിതമാകുന്നതിന് മുമ്പുതന്നെ ഈ കൃതി ചെറുകാട് അവാഡിന് തിരഞ്ഞെടുക്കപ്പെട്ടു
ഇക്കാലത്തെ എഴുത്തുകാരില്‍ ശ്രദ്ധിക്കപ്പെട്ട കവിയാണ് ഒ പി സുരേഷ്‌കുമാര്‍. ‘പലകാലങ്ങളില്‍ ഒരു പൂവ്’, ‘വെറുതെയിരിക്കുവിന്‍’, ഏകാകികളുടെ ആള്‍ക്കൂട്ടം’, തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ കവിതാസമാഹാരമാണ് താജ്മഹല്‍. പ്രകാശിതമാകുന്നതിന് മുമ്പുതന്നെ ഈ കൃതി ചെറുകാട് അവാഡിന് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും പുസ്തകത്തെ തേടിയെത്തി.
2015 മുതല്‍ 18 വരെ എഴുതിയ 35 കവിതകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കവിതയായിരുന്നു ‘താജ്മഹല്‍’.
ടി പി രാജീവന്‍ തയ്യാറാക്കിയ ‘കവിതയിലെ ജലആശയങ്ങള്‍‘ എന്ന പഠനവും ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് താജ്മഹല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിത അതിന്റെ ദര്‍ശനപരവും ഭാഷാപരവുമായ സൂക്ഷ്മതകള്‍ കൈവരിക്കുന്നതിന് തെളിവാണ് ഈ കവിതകളെന്ന് ടി പി രാജീവന്‍ നിരീക്ഷിക്കുന്നു. ഈ കാലത്തിന്റെ ഭീതിയും ഹിംസയും സ്വത്വപ്രതിസന്ധികളും അനുഭവസമ്പന്നവും ഭാവസാന്ദ്രവുമായി ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നു. അതുവഴി മലയാളത്തിലെ ഭാവകവിതാധാര പുതിയ കാലത്തിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഈ സമാഹാരത്തിലെ കവിതകളില്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്ന കവിതകളാണ് ഗാന്ധിയെ നോക്കുമ്പോള്‍, പകരം, ഒളി എന്നിവ. സമകാലികരായ മറ്റ് കവികളില്‍നിന്ന് സുരേഷ്‌കുമാറിനെ മാറ്റിനിര്‍ത്തുന്നതാണ് ഈ കവിതകളില്‍ പ്രകടമാകുന്ന രൂപവഴക്കവും, ഭാഷാതികവും.
മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശിയായ സുരേഷ് ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറാണ്. അധ്യാപനം, മാര്‍ക്കറ്റിങ്ങ്, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments are closed.