ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു
ഡി സി കിഴക്കെമുറി, (‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും)
ഒരു അത്ഭുത നിഘണ്ടുവിനെപ്പറ്റിയാണ്, പറയാന്‍ പോകുന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും പ്രശസ്തമായ ദ്വിഭാഷാ നിഘണ്ടു. ടി. രാമലിംഗംപിള്ള (1880-1968) എന്ന മഹാപണ്ഡിതനാണ്, ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ ഒരുപോലെ പാണ്ഡിത്യം നേടിയ രാമലിംഗംപിള്ളയുടെ നിഘണ്ടു 1938-ലാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. 1956-ല്‍ പരിഷ്‌കരിച്ച ഒരു പതിപ്പുകൂടി പ്രസിദ്ധപ്പെടുത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിനുവേണ്ടി പ്രത്യേക ടൈപ്പുകള്‍തന്നെ നിര്‍മ്മിക്കപ്പെട്ടു. ഡോ. എസ്. രാധാകൃഷ്ണന്റെ അഭിന്ദന സന്ദേശത്തോടുകൂടിയാണ് ഈ പതിപ്പു പുറത്തുവന്നത്.
രണ്ടു പതിപ്പുകളിലും വളരെക്കുറച്ചു പ്രതിമാത്രമേ അച്ചടിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഒരു ബൃഹത്‌നിഘണ്ടു ഒരു വ്യക്തി ഒറ്റയ്ക്കു തയ്യാറാക്കുക എന്നു പറഞ്ഞാല്‍തന്നെ അത്ഭുതമാണ്. അത്, താന്‍തന്നെ പണം മുടക്കി പ്രസിദ്ധീകരിക്കുക, ഏറ്റവും ക്ലേശകരമായ വില്പന നടത്തുക എന്നൊക്കെ പറഞ്ഞാല്‍, അതും അറുപതു വര്‍ഷം മുമ്പ്, ഇന്നും ചിന്തിക്കാന്‍ എളുപ്പമുള്ള കാര്യമല്ല. രാമലിംഗംപിള്ളയും ഞാനുമായി പരിചയപ്പെട്ടത് 1950-കളില്‍ എന്നോ ആണ്. തിരുവനന്തപുരത്തുപോകുമ്പോള്‍, വലിയ തിരക്കില്ലാത്ത ദിവസമാണെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. മണിക്കൂറുകള്‍ സംസാരിച്ചിരിക്കും. വിഷയം ‘ഭാഷ’യും ഭാഷാശാസ്ത്രവുമൊക്കെത്തന്നെ.
1978-ലാണ്, ഡി.സി. ബുക്‌സ്, രാമലിംഗംപിള്ളയുടെ ഇം.ഇം.മ. നിഘണ്ടു മൂന്നു വാല്യമായി പ്രസിദ്ധപ്പെടുത്തുന്നത്. ഡോ. എന്‍.വി. കൃഷ്ണവാരിയര്‍ പരിഷ്‌കരിച്ച പതിപ്പായിരുന്നു ഇത്. 3300-ലധികം പേജുകളോടെ പുറത്തുവന്ന ഈ പതിപ്പിലെ പ്രതികള്‍ സാധാരണക്കാര്‍ മാത്രമല്ല പണ്ഡിതന്‍മാര്‍കൂടി സ്വന്തമാക്കാന്‍ താത്പര്യം കാണിക്കുകയുണ്ടായി. എങ്കിലും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടത്തക്കവിധം ഒരു സംഗൃഹീതപതിപ്പ് (Concise) കൂടി ഉണ്ടാവുന്നത് നല്ലതാണെന്നു പലരും അഭിപ്രായപ്പെട്ടു. എം.എസ്. ചന്ദ്രശേഖരവാരിയര്‍ ആണ് സംഗ്രഹണം നിര്‍വഹിച്ചത്. ഈ പതിപ്പ് 1983 മെയ് 7-ന് (മഹാകവി ടാഗോറിന്റെ ജന്‍മദിനം) പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ന്യൂയോര്‍ക്കിലെ ഷരാട്ടണ്‍ ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ലോകപ്രസിദ്ധ ശാസ്ത്രജ്ഞനും കോട്ടയത്തിന്റെ അഭിമാനഭാജനവുമായ ഡോ. ഇ.സി.ജി. സുദര്‍ശനന്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്.
ഇതേ തുടര്‍ന്നാണ്, സംഗൃഹീതപതിപ്പ് പ്രചരിക്കാന്‍ തുടങ്ങിയത്. 1983-ല്‍ ഒന്നാം പതിപ്പ് 5,000 പ്രതിയാണ് പ്രസിദ്ധപ്പെടുത്തിയതെങ്കില്‍ 1997 മെയ് 7-നു പുറത്തുവന്ന അമ്പതാംപതിപ്പ് അമ്പതിനായിരം പ്രതികളാണ്. പതിന്നാലു വര്‍ഷത്തിനുള്ളില്‍ 50-ാം പതിപ്പ്. ഇന്ത്യയില്‍ മറ്റൊരു പുസ്തകത്തിനും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ ബഹുമതി. ആദ്യത്തെ 25 പതിപ്പുകള്‍ 5000 മുതല്‍ 9000 പ്രതികള്‍ വരെ ആയിരുന്നെങ്കില്‍ 26-ാം പതിപ്പുമുതല്‍ 10,000-ത്തിലേക്കു മാറ്റി. 49 വരെ പതിപ്പുകള്‍ അങ്ങനെ പോയി. ഇടയ്ക്കു രണ്ടോ മൂന്നോ പ്രാവശ്യം സ്വല്പം കൂട്ടിയിട്ടുമുണ്ട്. 1996-ല്‍ മാത്രം ആറു പതിപ്പുകള്‍ ആവശ്യമായി വന്നു എന്നു പറഞ്ഞാല്‍ കേരളത്തിനു പുറത്തുള്ളവര്‍ക്കു വിശ്വസിക്കാന്‍ വിഷമം തോന്നും. 1996-ല്‍ ഇറങ്ങിയ 45-ാം പതിപ്പ് പ്രൊഫ. എം.ഐ. വാരിയര്‍ പരിഷ്‌കരിച്ച ഏറ്റവും പുതിയ പദങ്ങള്‍ വരെ ചേര്‍ത്ത്.
അതുകൊണ്ടാണ്, ഇതിനെ അത്ഭുത നിഘണ്ടു എന്നു വിശേഷിപ്പിച്ചത്. ഇനിയും പല പ്രത്യേകതകളും ഈ നിഘണ്ടുവിനുണ്ട്. 1200 പേജ് വരുന്ന അതിമനോഹരമായി അച്ചടിച്ചു ബയന്റു ചെയ്ത ഒരു പുസ്തകത്തിന്, 1997-ലെ നിരക്കനുസരിച്ച് ഏറ്റവും കുറഞ്ഞത് 360 ക. വില വയ്ക്കണം. പക്ഷേ, 175 ക.യാണ് വില വച്ചിരിക്കുന്നത്. 50-ാം പതിപ്പിലെ 50,000 പ്രതികളും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. മെയ് 7 മുതലുള്ള 50 ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 115 രൂപയ്ക്ക് ലഭ്യമാക്കുന്നു. എല്ലാ പ്രധാന മലയാള പത്രങ്ങളിലും മാത്രമല്ല, കേരളത്തില്‍നിന്നും പ്രസിദ്ധപ്പെ ടുത്തുന്ന ഇംഗ്ലീഷ് പത്രങ്ങളിലും ദൂരദര്‍ശനിലും ഏഷ്യാനെറ്റിലുമൊക്കെ ഇതുസംബന്ധിച്ച അറിയിപ്പുകള്‍ നിരന്തരം വരികയുണ്ടായി.
അങ്ങനെ ഉള്ളടക്കത്തിലും നിര്‍മ്മാണനിലവാരത്തിലും വിലയിലുമെല്ലാം മറ്റൊരു ഇന്ത്യന്‍ പ്രസാധകനും കഴിയാത്തവിധം ജനങ്ങളെ ആകര്‍ഷിക്കാന്‍ ഈ നിഘണ്ടുവിനു കഴിഞ്ഞു. ഇന്ന്, ഇന്ത്യയില്‍ ഏറ്റവുമധികം പ്രചരിച്ചിട്ടുള്ള ദ്വിഭാഷാനിഘണ്ടു എന്ന ബഹുമതി ഈ ഗ്രന്ഥത്തിനു ലഭിക്കാനുള്ള കാരണവും ഇതുതന്നെ.
50,000 പ്രതി വില്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്, (ആദ്യപതിപ്പു പുറത്തുവന്നതിന്റെ 14-ാം വാര്‍ഷികദിനമായ മെയ് ഏഴിന്) സുകുമാര്‍ അഴീക്കോട് പറഞ്ഞു: ”ഇതൊരു ഭഗീരഥപ്രയത്‌നത്തിന്റെ തുടക്കമാണ്. 50-ാം പതിപ്പ്, 50,000 പ്രതി, 50 ദിവസം, 115 ക.വില. ഇത് ഒരത്ഭുതമാണ്. ജീവിതത്തിന് അനിവാര്യമായ ഒരു സാധനമാണ് നിഘണ്ടു. വീട്ടിലെ അത്യാവശ്യസാധനങ്ങളുടെ ലിസ്റ്റിലാണ് നിഘണ്ടുവിനു സ്ഥാനം. പുസ്തകത്തിന്റെ പുസ്തകമാണ്, നിഘണ്ടു. വാക്യങ്ങള്‍കൊണ്ടാണ് പുസ്തകം രചിക്കുക: വാക്യങ്ങളില്ലാതെ, വാക്കുകള്‍കൊണ്ടു മാത്രം പുസ്തകം രചിക്കാമെന്നതിന്റെ തെളിവാണു നിഘണ്ടു. ഒരു വലിയ നോവലില്‍പോലും ഭാഷയിലെ എല്ലാ പദങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയില്ല. എന്നാല്‍ നിഘണ്ടുവില്‍ എല്ലാ പദങ്ങളും ഉണ്ടായിരിക്കും. സരസ്വതീദേവി, പൂര്‍ണ്ണരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് നിഘണ്ടുവിലാണ്.
അച്ഛനമ്മമാര്‍ കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന കളിക്കോപ്പുകള്‍ക്കു കണക്കില്ല. എന്തുകൊണ്ടാണവര്‍, കുട്ടികള്‍ക്കു പുസ്തകം വാങ്ങിക്കൊടുക്കാത്തത്? കുട്ടികള്‍ക്കു നല്‍കാവുന്ന അപായരഹിതമായ വസ്തുവാണ് നിഘണ്ടു എന്നകാര്യം മറക്കാതിരിക്കുക.’
ലോകത്തില്‍തന്നെ ഒരത്ഭുതമായിരിക്കും ഈ നിഘണ്ടുവെന്ന് അധ്യക്ഷത വഹിച്ച മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 14 വര്‍ഷവും പ്രതിമാസം 3512 കോപ്പി എന്ന കണക്കിലാണ്, ഇത് ചെലവായിട്ടുള്ളത്. ഇതില്‍ 125 പേജ്, അനുബന്ധത്തിനു മാറ്റിവച്ചിരിക്കുന്നു, വിജ്ഞാനസമ്പാദനത്തിന് ഈ അനുബന്ധം പ്രയോജനപ്പെടുമെന്ന് ഉമ്മര്‍കുട്ടി പറഞ്ഞു.
മ.ഗാ. സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍പിള്ളയാണ് 50-ാം പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്. പുസ്തകപ്രസാധനത്തെ ഡി.സി. ബുക്‌സ് ഒരു കലയാക്കി മാറ്റിയിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണിവിടെ കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1983-ല്‍ ഇതേദിവസം പ്രസിദ്ധപ്പെടുത്തിയ ഒരു നിഘണ്ടു ഇന്ന് 50-ാം പതിപ്പിലെത്തി എന്നത് തീര്‍ച്ചയായും അത്ഭുതമത്രെ. പ്രശസ്ത കവയിത്രി ഒ.വി. ഉഷയാണ്, ആദ്യപ്രതി സ്വീകരിച്ചത്. ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും ഉരുക്കുപാലമാണീ നിഘണ്ടു എന്ന് ഉഷ പറഞ്ഞു. ഇവിടെ നാം കാണുന്നത് ബിസിനസ്സല്ല, സാമൂഹികസേവനമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed.