DCBOOKS
Malayalam News Literature Website

മുപ്പതിനായിരം പേജുകളുള്ള നോവല്‍ കൊട്ടിഘോഷിച്ച് ചര്‍ച്ചചെയ്യുന്ന കാലമാണിതെന്ന് ടി പത്മനാഭന്‍

ഷാര്‍ജ; കേരളത്തില്‍ ഏറ്റവുംകുറവ് കഥകളെഴുതിയ ഒരാളാണ് താനെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍. 70 വര്‍ഷങ്ങള്‍കൊണ്ട് കേവലം 180 കഥകള്‍ മാത്രമാണെഴുതിയത്. വയ്യാത്തതുകൊണ്ടാണ് എഴുതിയ കഥകളുടെ എണ്ണം കുറഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘനേരം ഇരുന്നെഴുതാനുള്ള വയ്യായ്കയും അതിനനുസരിച്ചുള്ള പഠിപ്പോ ചിന്തയോ ക്ഷമയോ ഇല്ല. മുപ്പതിനായിരം പേജുകളുള്ള നോവല്‍ കൊട്ടിഘോഷിച്ച് ചര്‍ച്ചചെയ്യുന്ന കാലമാണിത്, മുപ്പതിനായിരം പേജുകളുള്ള നോവല്‍ എത്രപേര്‍ വായിക്കുന്നുണ്ടെന്ന് ആരും ചര്‍ച്ച ചെയ്യാറില്ല, 24 മണിക്കൂറുള്ള ഒരു ദിവസം മുഴുവന്‍ വായിക്കാനിരുന്നാല്‍തന്നെ എത്രകാലമെടുത്ത് വായിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഒ.ഐ.സി.സി. ഷാര്‍ജ കമ്മിറ്റി ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ‘കഥാസന്ധ്യ’ യില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് മാത്യുജോണ്‍ ടി. പത്മനാഭനെ ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ എഴുത്തുകാരന്‍ പി.കെ. പാറക്കടവ് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കഥകള്‍ വായിച്ചു. എഴുത്തുകാരന്‍ എ.എം. മുഹമ്മദ്, ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ ബിജു സോമന്‍, വി. നാരായണന്‍ നായര്‍, ഇന്‍കാസ് ഭാരവാഹി ടി.എ. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്രഹാം ചാക്കോ സ്വാഗതവും റോബിന്‍ പത്മാകരന്‍ നന്ദിയും പറഞ്ഞു.

Comments are closed.