DCBOOKS
Malayalam News Literature Website

മലയാള കഥയുടെ കുലപതി ടി. പത്മനാഭന്‍ 92-ന്‍റെ നിറവില്‍

‘കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ’ എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്

കാഥാസാഹിത്യത്തിലെ അനന്തസാധ്യതകള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കി കൈരളിയെ ധന്യമാക്കിയ  മലയാള കഥയുടെ കുലപതി ടി. പത്മനാഭന്‍ 92-ന്‍റെ നിറവില്‍ . മലയാള ചെറുകഥാ ലോകത്തെ അപൂര്‍വ്വ സാന്നിധ്യമാണ് ടി. പത്മനാഭന്‍. മലയാള സാഹിത്യത്തിന് ചെറുകഥകള്‍ സമ്മാനിച്ച അതുല്യനായ എഴുത്തുകാരന്‍. വാസ്തവികതയെ വെല്ലുന്ന സാങ്കല്പികതയ്ക്കുദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. ‘കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ’ എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ‘ആത്മാവില്‍ കവിതയില്ലാത്തവര്‍ കഥയെഴുതരുത്’ എന്ന് വാദിക്കുന്ന ഇദ്ദേഹത്തിന്റെ എല്ലാ രചനകളും കവിതയോട് ഏറെ അടുത്തുനില്‍ക്കുന്നവയാണ്.

അപൂര്‍വ വ്യക്തിത്വങ്ങളുടെ സ്‌തോഭാത്മകമായ ചിത്രങ്ങളും വ്യക്തിമനസിന്റെ വൈകാരികതയും വിഹ്വലതകളുമാണ് ടി.പത്മനാഭന്റെ കഥകളില്‍ ആവിഷ്‌കൃതമാകുന്നത്. പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്‌നേഹമാണ് പദ്മനാഭന്റെ കഥകളുടെ അന്തര്‍ധാര. എം.ടിയുടെ കഥകളില്‍ കാണുന്നതുപോലെ തറവാടും ഗ്രാമാന്തരീക്ഷവും ഒന്നുചേര്‍ന്നുള്ള സുവ്യക്തമായ പശ്ചാത്തലം ടി. പത്മനാഭന്റെ രചനകളില്‍ കാണില്ല. മറിച്ച് വ്യക്തി മനസ്സുകള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്.

ടി. പത്മനാഭന്‍

1931-ല്‍ കണ്ണൂരില്‍ ജനിച്ചു. ഫാക്ടില്‍ ഉദ്യോഗസ്ഥനായിരുന്നു. ’85-ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും റഷ്യന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളിലും കഥകളുടെ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 2001-ലെ വയലാര്‍ അവാര്‍ഡ് പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് എന്ന കഥാസമാഹാരത്തിനു ലഭിച്ചു. വള്ളത്തോള്‍ അവാര്‍ഡും ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരവും മുട്ടത്തുവര്‍ക്കി അവാര്‍ഡും 2003-ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡും നിരസിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍

കഥകള്‍: ഒരു കഥാകൃത്ത് കുരിശില്‍, പെരുമഴപോലെ, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, പത്മനാഭന്റെ കഥകള്‍, കാലഭൈരവന്‍, കടല്‍, ഗൗരി, ഹാരിസണ്‍ സായ്‌വിന്റെ നായ, സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന്, മഖന്‍സിങ്ങിന്റെ മരണം, കഥാകൃത്ത്-സാക്ഷി, വീട് നഷ്ടപ്പെട്ട ഒരു കുട്ടി, ഗുല്‍മുഹമ്മദ്, ടി. പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണ്ണം, എന്റെ പ്രിയപ്പെട്ട കഥകള്‍, നളിനകാന്തി, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, നിങ്ങളെ എനിക്കറിയാം, മരയ
ലേഖനം :  പള്ളിക്കുന്ന്, ബുധദര്‍ശനം
സ്മരണ :  കഥകള്‍ക്കിടയില്‍, യാത്രയ്ക്കിടയില്‍

ടി.പത്മനാഭന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.