DCBOOKS
Malayalam News Literature Website

കാര്‍ഗില്‍ യുദ്ധം അവസാനിച്ചത് അമേരിക്കയുമായുള്ള നയതന്ത്ര നീക്കത്തിലൂടെ: ടി പി ശ്രീനിവാസന്‍

ഷാര്‍ജ: ഇന്ത്യന്‍ സൈനികരുടെ പോരാട്ടവീര്യം ഉജ്വലമായിരുന്നെങ്കിലും പാകിസ്താനുമായുള്ള കാര്‍ഗില്‍ യുദ്ധം അവസാനിച്ചത് അമേരിക്കയുമായി നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഫലമായിട്ടാണെന്ന് പ്രമുഖ നയതന്ത്രജ്ഞനും മുന്‍ അംബാസിഡറുമായ ടി പി ശ്രീനിവാസന്‍. സൈനികരുടെ ജീവത്യാഗത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡിപ്ലോമസി ലിബറേറ്റഡ്’ എന്ന കൃതിയെ ആധാരമാക്കി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ടി പി ശ്രീനിവാസന്‍.

ഇന്ത്യയുമായുള്ള യുദ്ധം നിര്‍ത്തുന്നതിന് കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കണമെന്ന ആവശ്യം പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മുമ്പാകെ ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യം ക്ലിന്റണ്‍ സമ്മതിച്ചില്ല. അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് പാകിസ്ഥാനാണെന്നും അതുകൊണ്ട് പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിക്കണമെന്നുമുള്ള നിലപാട് അമേരിക്ക സ്വീകരിച്ചു. അമേരിക്കയുടെ പിന്തുണ ഇല്ലെന്ന് ഉറപ്പായതോടെ പാകിസ്ഥാന്‍ യുദ്ധം തുടരേണ്ടതില്ലെന്നും തീരുമാനിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ചെറുത്തുനില്‍പ്പ് ധീരോദാത്തമായിരുന്നുവെന്നും ടി പി ശ്രീനിവാസന്‍ പറഞ്ഞു.
ഇതുപോലുള്ള നയതന്ത്ര ഇടപെടലുകളുടെയും ചര്‍ച്ചകളുടെയും അറിയാക്കഥകളാണ് ശ്രീനിവാസന്റെ പുസ്തകത്തില്‍ ഉള്ളത്.

ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കാനുള്ള ഏകദേശ ധാരണ രൂപപ്പെട്ടിരുന്നു. എന്നാല്‍ വീറ്റോ അധികാരം ഉണ്ടാവില്ല എന്നതാണ് ഉപാധി. വീറ്റോ അധികാരം ഇല്ലെങ്കില്‍ സ്ഥിരാംഗത്വം കൊണ്ട് കാര്യമായ പ്രയോജനമുണ്ടാവില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വീറ്റോ അധികാരം ഇല്ലെങ്കിലും രക്ഷാ സമിതി സ്ഥിരാംഗത്വം സ്വീകാര്യമാണെന്ന് നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍, സ്വയം ഭരണം, വിദേശ സര്‍വകലാശാലകള്‍ എന്നീ മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ നവീകരണ നിയമത്തിന് ആവശ്യമായ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ഇത് പിന്നീട് വിവാദമാവുകയും തന്നെ ആക്രമിക്കുകയും ചെയ്തു.
ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തന്റെ ശുപാര്‍ശകളിലെ ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു എന്നാണ് മനസിലാക്കുന്നത്. സര്‍ക്കാര്‍ തന്നോട് ക്ഷമ ചോദിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

കോവിഡ് കാലത്ത് ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യു എന്‍ മുന്‍കൈ എടുത്ത് വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം സാധ്യമാക്കാന്‍ സംവിധാനം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. യു എന്‍ അതിനോട് അനുകൂലമായി പ്രതികരിച്ചില്ല. കോവിഡിനെതിരായ നയരൂപീകരണത്തിന് യു എന്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍ മരണം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു.

ഇന്ത്യന്‍ വംശജര്‍ക്ക് ആധിപത്യമുള്ള ഫിജിയില്‍ 1987 -ല്‍ ഉണ്ടായ പട്ടാള അട്ടിമറിക്ക് ശേഷം വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നു. താന്‍ ഫിജിയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിക്കുമ്പോഴാണ് പട്ടാള അട്ടിമറി ഉണ്ടായത്. ഇന്ത്യ ഇക്കാര്യത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഫിജിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും കോമണ്‍വെല്‍ത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന് മുന്‍കൈ എടുക്കുകയും ചെയ്തു. നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയും വിദേശകാര്യ സഹമന്ത്രി നടവര്‍സിങ്ങും തനിക്ക് നല്‍കിയ നിര്‍ദേശം ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവേചനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരുന്നു. ഇത് ഇന്ത്യ അതുവരെ സ്വീകരിച്ച് പോന്ന നയത്തില്‍ നിന്നുള്ള വ്യതിയാനമായിരുന്നു. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടി അന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇന്ത്യയുടെ വിദേശകാര്യ നയത്തിലെ സുപ്രധാന നാഴികകല്ലാണെന്ന് ടി പി ശ്രീനിവാസന്‍ പറഞ്ഞു. ഡോ.നിത സലാം മോഡറേറ്ററായിരുന്നു.

ടി പി ശ്രീനിവാസന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply