ടി എൻ പ്രകാശ് സാഹിത്യപുരസ്കാരം ഷനോജ് ആർ ചന്ദ്രനും ആർദ്ര കെ എസിനും
ടി എൻ പ്രകാശ് സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷനോജ് ആർ ചന്ദ്രനും, ആർദ്ര കെ എസുമാണ് പുരസ്കാരജേതാക്കൾ.
ഷനോജ് ആർ ചന്ദ്രൻ എഴുതിയ, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കാലൊടിഞ്ഞ പുണ്യാളൻ’ എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം. 44444 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം.
ആലപ്പുഴ ജില്ലയിലെ പുല്ലങ്ങടിയില്‍ ജനിച്ച ഷനോജ് ആർ ചന്ദ്രൻ, മാതൃഭൂമി വിഷുപ്പതിപ്പ് കഥാസമ്മാനം, കേരളസംസ്ഥാന അക്കാദമിയുടെ ഹ്രസ്വ തിരക്കഥാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമായ ഒരു ബാര്‍ബറിന്റെ കഥ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. മിത്തും സമുദായജീവിതവും ദേശചരിത്രവും താളത്തിൽ കൂടിക്കലരുന്ന കഥകളാണ് ഷനോജ് ആർ. ചന്ദ്രന്റേത്. വലിയ ക്യാൻവാസും പല നിറങ്ങളും വ്യാകരണത്തിന് വഴങ്ങാത്ത ഒരു സിനിമയുടെ സ്വഭാവവുമാണ് കാലൊടിഞ്ഞ പുണ്യാളൻ എന്ന കഥയിലുള്ളത്. ഒപ്പം സാമൂഹികവും വൈയക്തികവുമായ സങ്കടങ്ങളും രൂക്ഷമായ പരിഹാസങ്ങളും രചനയിൽ കാണാം.
30 വയസ്സിനു താഴെയുള്ളവർക്കായുള്ള കഥാപുരസ്കാരം നളിനീകാണ്ഡം എന്ന കഥയ്ക്ക് ആർദ്ര കെ എസ് കരസ്ഥമാക്കി. 5000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം.
2025 മാർച്ച് 24, തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക്, ശിക്ഷക് സദൻ കണ്ണൂരിൽ വെച്ചാണ് പുരസ്‌ക്കാരദാനം നടക്കും. ടി പത്മനാഭൻ, വിജയികൾക്കുള്ള പുരസ്‌ക്കാരദാനം നിർവഹിക്കുന്ന ചടങ്ങിൽ മുഖ്യാഥിതിയായി സി. വി. ബാലകൃഷ്ണൻ പങ്കെടുക്കും.
ഷനോജ് ആർ ചന്ദ്രൻ എഴുതിയ ‘കാലൊടിഞ്ഞ പുണ്യാളൻ’ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ….