ഡി.എസ്.സി സാഹിത്യപുരസ്‌കാരം: പരിഗണനാപട്ടികയില്‍ ടി.ഡി രാമകൃഷ്ണനും പെരുമാള്‍ മുരുകനും
കൊല്‍ക്കത്ത: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന ഡി.എസ്.സി സാഹിത്യപുരസ്‌കാരത്തിനായുള്ള കൃതികളുടെ ആദ്യപട്ടിക പുറത്തിറങ്ങി. മലയാളത്തില്‍നിന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഇംഗ്ലീഷ് പരിഭാഷ പട്ടികയില്‍ ഇടംനേടി. ഹരീഷ് ത്രിവേദി അധ്യക്ഷനായ സമിതിയാണ് ആദ്യ പട്ടികയിലെ 15 പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. ഇവയില്‍ മൂന്നെണ്ണം വിവര്‍ത്തനകൃതികളാണ്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്കു പുറമേ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ എ ലോണ്‍ലി ഹാര്‍വെസ്റ്റ്, ബംഗാളി സാഹിത്യകാരന്‍ മനോരഞ്ജന്‍ ബ്യാപാരിയുടെ ദെയര്‍ ഈസ് ഗണ്‍പവര്‍ ഇന്‍ ദി എയര്‍ എന്നീ വിവര്‍ത്തനകൃതികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അകില്‍ കുമാരസ്വാമി (ഹാഫ് ഗോഡ്‌സ്), അമിതാഭാ ബാഗ്ചി (ഹാഫ് ദി നൈറ്റ് ഈസ് ഗോണ്‍), ഫാത്തിമ ഭൂട്ടോ (ദി റണ്‍എവേയ്‌സ്), ശുഭാംഗി സ്വരൂപ് (ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോങ്ങിങ്), മിര്‍സ വഹീദ് ( ടെല്‍ ഹെര്‍ എവരിതിങ്), ദേവി എസ്. ലാസ്‌കര്‍ (ദി അറ്റ്‌ലസ് ഓഫ് റെഡ്‌സ് ആന്‍ഡ് ബ്ലൂസ്), ജമില്‍ ജാന്‍ കൊച്ചൈ (99 നൈറ്റ്‌സ് ഇന്‍ ലോഗര്‍), മാധുരി വിജയ് ( ദി ഫാര്‍ ഫീല്‍ഡ്), നദീം സമന്‍ ( ഇന്‍ ദി ടൈം ഓഫ് ദി അദേഴ്‌സ്) , രാജ്കല്‍ ഝാ ( ദി സിറ്റി ആന്‍ഡ് ദി സീ), സാദിയ അബ്ബാസ് ( ദി എംറ്റി റൂം), തോവ റെയ്ച് (മദര്‍ ഇന്ത്യ) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
42 പ്രസാധകരുടെ 90 പുസ്തകങ്ങളാണ് ഇക്കുറി പുരസ്‌കാരത്തിനായി പരിഗണിച്ചത്. നവംബര്‍ ആറിന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സസില്‍ വെച്ചാണ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുക. 25000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരത്തിന്റെ ജേതാവിനെ ഡിസംബറില്‍ ഐ.എം.ഇ നേപ്പാള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ച് പ്രഖ്യാപിക്കും.
നോവലിസ്റ്റ്, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടിയ ടി.ഡി രാമകൃഷ്ണന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലുകളിലൊന്നാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. 2017-ലെ വയലാര്‍ പുരസ്‌കാരം നേടിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ.പ്രിയ കെ.നായരാണ് ഈ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
Comments are closed.